ADVERTISEMENT

പ്രിയപ്പെട്ട എൽഡേഴ്സ്...

ഉള്ളതു തുറന്നു പറയുന്നതുകൊണ്ടു വിഷമം തോന്നരുത്. ഞങ്ങൾ കുട്ടികൾ വഴിപിഴച്ചു പോകുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകളും അങ്ങനെ വഴിപിഴച്ചു പോകാതിരിക്കുന്നതിനുള്ള മുൻകരുതൽ പരാക്രമങ്ങളും ഒക്കെ കുറെക്കാലമായി കാണുകയും സഹിക്കുകയും ചെയ്യുന്നതുകൊണ്ടു പറയുകയാണ് – നിങ്ങൾ ഭയങ്കര ഓവറാണ്. ജീവിതം പത്തോ ഇരുപതോ ഓവർ കൊണ്ടു തീരുന്ന ട്വന്റി 20 മാച്ചല്ലാത്തതിനാൽ കുറച്ചു വിശദമായിത്തന്നെ പറയാനുണ്ട്. 

കുട്ടികൾക്കു മൊബൈൽ കൊടുക്കരുത് എന്നു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതുപോലെയാണു നിങ്ങളിൽ പലരും നിയന്ത്രണവും നിരോധനവും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ കുട്ടിക്കാലത്ത് മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ നിങ്ങളും ഞങ്ങളെപ്പോലെ തന്നെ ഇതൊക്കെ ഉപയോഗിക്കുമായിരുന്നു. അക്കാലത്തു മണിക്കൂറുകളോളം ടിവി കണ്ട നിങ്ങളെ അതിന്റെ പേരിൽ നിങ്ങളുടെ മാതാപിതാക്കൾ ശാസിച്ചിരുന്നതുപോലെ തന്നെയാണല്ലോ ഇതും. ഇപ്പോഴും ടിവിയിലെ ന്യൂസ് ചാനലുകൾക്കു മുന്നിൽ വാർത്തയും വാർത്തപ്പുറത്തുള്ള ചർച്ചകളുമായി എത്ര മണിക്കൂറുകളാണു നിങ്ങൾ ചെലവഴിക്കുന്നത്. 

ഞങ്ങളുടെ ഫോൺ ഉപയോഗത്തെപ്പറ്റി നിങ്ങൾ പരാതിപ്പെടുമ്പോൾ നിങ്ങളെപ്പറ്റി ഞങ്ങൾക്കുമുണ്ടു പറയാൻ. ഫെയ്സ്ബുക്കിലും വാട്സാപ്പിലും നിങ്ങൾ നടത്തുന്ന അഭ്യാസങ്ങൾ കണ്ടു ഞങ്ങളുടെ തൊലിയുരിഞ്ഞു പോയിട്ടുണ്ട്. എന്തൊക്കെ മണ്ടത്തരങ്ങളാണു നിങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്യുന്നത്. ഈ നാട്ടിൽ വ്യാജവാർത്തകളും നുണക്കഥകളും പ്രചരിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനം നിങ്ങൾ എൽഡേഴ്‍സിനാണ്. അതുപോലെ തന്നെ രാവിലെ എണീറ്റു കഴിഞ്ഞാലുടൻ പരിചയക്കാരായ എല്ലാവർക്കും ഗുഡ്മോണിങ് മെസേജുകൾ അയയ്ക്കുന്നതും ഭയങ്കര ബോറാണ്. ഒരു മണിക്കൂർ ഫോണിൽ ഗെയിം കളിച്ചാലോ അരമണിക്കൂർ ഇൻസ്റ്റ നോക്കിയാലോ ചാടിക്കടിക്കാൻ വരുന്ന നിങ്ങൾ ദിവസവും എത്ര മണിക്കൂറാണു ഫെയ്സ്ബുക്കിലും വാട്സാപ്പിലും ചെലവഴിക്കുന്നത് എന്നുകൂടി ആലോചിക്കണം. 

ഫെയ്സ്ബുക്കിൽ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. പേരന്റ്സിന്റെ അലമ്പു കാരണം ഞങ്ങൾക്കു ഫെയ്സ്ബുക് നോക്കാൻ പോലും പേടിയാണ്. സ്വകാര്യതയെപ്പറ്റി ആഴ്ചയിൽ 4 വട്ടം നിങ്ങളൊക്കെ ഉപദേശിക്കുന്നതു കൊണ്ടു പറയുകയാണ്; ഞങ്ങളുടെ തലമുറയുടെ സ്വകാര്യത വലിച്ചുകീറി കാറ്റിൽപ്പറത്തിയതു നിങ്ങൾ രക്ഷിതാക്കളാണ്. ജനിച്ചു വീണതു മുതലുള്ള ഞങ്ങളുടെയൊക്കെ ജീവിതം നൂറുകണക്കിനു ഫോട്ടോകളും വിഡിയോകളുമായി നിങ്ങളുടെയൊക്കെ ഫെയ്സ്ബുക് പേജുകളിൽ നിറഞ്ഞുകിടക്കുകയാണല്ലോ. നിങ്ങളൊക്കെ നല്ല നല്ല പോസുകളിൽ നിന്നുള്ള ഫോട്ടോകളെടുത്തപ്പോൾ അതേ ഫ്രെയിമിലുള്ള ഞങ്ങൾ കുട്ടികളുടെ പോസിനെക്കുറിച്ചോ ലുക്കിനെക്കുറിച്ചോ സ്വകാര്യതയെക്കുറിച്ചോ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? 

സമൂഹമാധ്യമത്തിൽ അംഗത്വം വേണമെങ്കിൽ 13 വയസ്സ് തികയണം എന്നാണല്ലോ നിയമം. 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കു സ്വകാര്യത ഇല്ലെന്ന് ആരാണു പറഞ്ഞത് ? കുട്ടികളുടെ സ്വകാര്യത രക്ഷിതാക്കളുടെ ഔദാര്യമല്ലെന്നു മറന്നുപോകരുത്. ഒരു കുഞ്ഞു ജനിക്കുന്നതു മുതൽ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഫെയ്സ്ബുക്കിൽ പ്രസിദ്ധപ്പെടുത്തുന്നത് ആ കുട്ടിയോടു ചെയ്യുന്ന ക്രൂരതയാണ്. 13 വയസ്സ് തികയുമ്പോൾ ഏറെ പ്രതീക്ഷയോടെ ഫെയ്സ്ബുക് ഉപയോഗിച്ചുതുടങ്ങുന്ന ഞങ്ങൾക്കു നിങ്ങളുടെ ഫെയ്സ്ബുക് പേജുകൾ കാണുമ്പോൾ വഞ്ചിക്കപ്പെട്ട പ്രതീതിയാണ്. നിങ്ങളുടെ ഫെയ്സ്ബുക് വോളുകളിൽ ചിത്രകഥ പോലെ പ്രസിദ്ധീകരിച്ച ഞങ്ങളുടെ ജീവിതങ്ങൾക്ക് ഇനി എവിടെയാണു സ്വകാര്യത ? 

ഇങ്ങനെയൊക്കെ പറയുമ്പോൾ ഇതൊരു പേരന്റ്സ് വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്നു തെറ്റിദ്ധരിക്കരുത്. സമൂഹമാധ്യമത്തിൽ രക്ഷിതാക്കളുടെ കുത്തഴിഞ്ഞ ജീവിതത്തെപ്പറ്റി കോമൺസെൻസ് മീഡിയ എന്ന ഗവേഷണസ്ഥാപനം നടത്തിയ പഠനത്തിൽ കുട്ടികളെക്കാൾ മൊബൈൽ അഡിക്‌ഷൻ രക്ഷിതാക്കൾക്കാണ് എന്നാണു കണ്ടെത്തിയിരിക്കുന്നത്. പഠിക്കുന്ന കുട്ടികൾക്ക് എന്തിനാണു മൊബൈൽ എന്ന ചോദ്യം ചോദിക്കുകയും മുഴുവൻ സമയവും മൊബൈലിൽ കുത്തിക്കൊണ്ടിരുന്ന ശേഷം ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണെന്നു പുളുവടിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഇരട്ടത്താപ്പ് ഞങ്ങൾക്കൊക്കെ മനസ്സിലാകുന്നുണ്ട്. എല്ലാം ‍‍‍‍ഡിജിറ്റലാക്കിയതിനു ശേഷം കുട്ടികൾ ഡിജിറ്റലായാൽ വഴിതെറ്റും എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? സ്മാർട് ക്ലാസ് മുറികളും ലേണിങ് ആപ്പുകളും നല്ലതാണെന്നും സമൂഹമാധ്യമവും വിഡിയോ ഗെയിമുകളും ചീത്തയാണെന്നും പറയുമ്പോൾ ന്യൂജനറേഷനാണെന്നു സ്വയം അവകാശപ്പെടുന്ന നിങ്ങൾ അക്ഷരാർഥത്തിൽ പിന്തിരിപ്പൻ മൂരാച്ചികളായി മാറുകയാണ്. 

സ്മാർട്ഫോണുകളും സമൂഹമാധ്യമവും നിങ്ങൾ ഉപയോഗിച്ചുതുടങ്ങിയ കാലത്തു ജനിച്ചുവീണ ഒരു തലമുറ ഇതുവരെ ഏകപക്ഷീയമായി പഴികേൾക്കുകയായിരുന്നെങ്കിൽ ഇന്നു സ്വന്തമായി കാര്യങ്ങളെ വിലയിരുത്താനും അഭിപ്രായങ്ങൾ പറയാനുമുള്ള വിവേകം ഞങ്ങൾക്കുണ്ട്. ​മൊബൈൽ ഉപയോഗവും സമൂഹമാധ്യമവിനിയോഗവും അമിതമായാൽ, അതു രക്ഷിതാക്കൾ ആയാലും കുട്ടികൾ ആയാലും ബാധിക്കുന്നതു കുടുംബത്തെയും സമൂഹത്തെയും ആണെന്നതു കുട്ടികളെപ്പോലെ തന്നെ മുതിർന്നവർക്കും ബാധകമാണെന്ന് ഓർമിപ്പിച്ചുകൊണ്ടു തൽക്കാലം നിർത്തുന്നു. 

ഫെയ്സ്ബുക്കിന്റെ അതേ പ്രായമുള്ള,  വാട്സാപ്പിനെക്കാൾ 5 വയസ്സിനു മൂപ്പുള്ള ഒരു കൗമാരക്കാരി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com