ADVERTISEMENT

നവജാത ശിശുക്കളുടെ പ്രാഥമികാഹാരമാണ് മുലപ്പാൽ. ആറുമാസം വരെ കുട്ടികൾക്ക് നിർബന്ധമായും മുലപ്പാൽ കൊടുത്തിരിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ മുലപ്പാല്‍ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു എന്ന തരത്തിൽ ധാരാളം വാർത്തകളും പ്രത്യക്ഷപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് അറിയാമോ?

കണ്ഠനാളത്തിലെ കുറുനാക്ക് ഭക്ഷണത്തെ അന്നനാളം വഴി വയറിലേക്കും വായുവിനെ ശ്വാസകോശത്തിലേക്കും തിരിച്ചുവിടുന്നു. പല കാരണങ്ങൾ കൊണ്ട് കുറുനാക്ക് പണി മുടക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണം ശ്വാസകോശത്തിലേക്കു കടക്കാം. കുഞ്ഞുങ്ങളിലെ ശ്വാസകോശകുഴൽ ചെറുതായതിനാൽ ആഹാരം കൊണ്ട് പെട്ടെന്നു നിറഞ്ഞ് മരണം സംഭവിക്കാം.

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ, തലച്ചോറിനു രോഗമുള്ള കുട്ടികൾ, വായ്ക്കും തൊണ്ടയ്ക്കും ഘടനാപരമായ കുഴപ്പമുള്ളവർ എന്നിവർക്കാണ് ഈ പ്രശ്നം കൂടുതലായും ഉണ്ടാവുക. ശരിയായ രീതിയിൽ മുലയൂട്ടിയാൽ ഈ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. കട്ടിലിലോ കസേരയിലോ ഇരുന്ന് മടിയിൽ മൃദുവായ ഒരു തലയിണ വച്ച് കുഞ്ഞിനെ കിടത്തി അമ്മയുടെ കൈകൾ കൊണ്ട് കുഞ്ഞിനെ താങ്ങി തല അല്പം ഉയർത്തിവച്ചു വേണം മുലയൂട്ടാൻ. തല 30 ഡിഗ്രിയെങ്കിലും പൊങ്ങി ഇരിക്കണം. കുഞ്ഞിന്റെ താടി അമ്മയുടെ സ്തനങ്ങളിൽ ചേർന്നിരിക്കണം. ഏരിയോളയും മുലഞെട്ടും കുഞ്ഞിന്റെ വായിൽ പൂർണമായും ഉൾക്കൊള്ളുന്ന വിധത്തിൽ വേണം മുലയൂട്ടാൻ.

മുലയൂട്ടിയതിനു ശേഷം ബർപ്പിങ് ചെയ്യണം. കുഞ്ഞിന്റെ വയർ അമ്മയുടെ തോളിൽ വരത്തക്ക വിധത്തില്‍ കിടത്തി പുറത്ത് തട്ടിക്കൊടുക്കുകയാണ് വേണ്ടത്. മടിയിൽ കമിഴ്ത്തി കിടത്തിയും ഇതു ചെയ്യാവുന്നതാണ്. 

ബർപ്പിങ് ശരിയായി ചെയ്യാതിരുന്നാൽ കുഞ്ഞിന്റെ വയർ വീർത്തിരിക്കാം. കുഞ്ഞ് പാൽ വലിച്ചു കുടിക്കുന്നതിനൊപ്പം ഗ്യാസ് കൂടി വലിച്ചെടുക്കുന്നു. ശരിയായ രീതിയിൽ ബർപ്പിങ് ചെയ്ത് ഗ്യാസ് പുറത്തു കളയുന്നതാണ് ഇത് ഒഴിവാക്കാനുള്ള മാർഗം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com