ADVERTISEMENT

പലതരം സോഡകളുടെ കാലമാണിത്. എങ്ങോട്ടു തിരിഞ്ഞാലും സോഡമയം. ഒരു കൗതുകത്തിന്, കേട്ടപാതി കേൾക്കാത്ത പാതി വാങ്ങിക്കുടിക്കുന്നവരും കുറവല്ല. എന്നാൽ ഇതെല്ലാം നമ്മുടെ പാവം ശരീരത്തെയാണ് സങ്കടത്തിലാക്കുന്നത് എന്നോർത്താൽ നല്ലത്. 

ക്ഷീണിച്ചു വലഞ്ഞിരിക്കുമ്പോൾ ഉന്മേഷത്തിന്റെ കുപ്പി പൊട്ടിച്ച് വായിലൊഴിക്കുകയായി. സംഗതി ശരി തന്നെ, ക്ഷീണമൊക്കെ മാറി ഉഷാറായി. എന്നാൽ ആരോഗ്യമോ?

സോഡ ഒഴിവാക്കണമെന്നു പറയുന്നതിന് ചില കാരണങ്ങൾ

∙ പോഷകങ്ങളുടെ അഭാവം
കൊഴുപ്പു കുറഞ്ഞ പാൽ, ഫ്രഷ് ആയ പഴച്ചാറുകൾ തുടങ്ങിയ ആരോഗ്യപാനീയങ്ങൾക്കു പകരം സോഡ കുടിക്കുന്നവർക്ക് ജീവകങ്ങളോ ധാതുക്കളോ (കാൽസ്യം, മഗ്നീഷ്യം) ലഭിക്കുന്നില്ല.

∙ പ്രമേഹം വരാം 
സോഡകളിൽ ഹൈഫ്രക്ടോസ് കോൺ സിറപ്പ് ഉണ്ട്. ഇത് ഫ്രീറാഡിക്കലുകളുടെ ഉൽപാദനം കൂട്ടുന്നു, ഇത് കലകളെ (tissue) നശിപ്പിക്കുന്നു. ക്രമേണ പ്രമേഹം നിങ്ങളെ ബാധിക്കും. 

∙ പ്ലാസ്റ്റിക് എന്ന വില്ലൻ 
വെള്ളത്തിന്റെയും സോഡയുടെയുമെല്ലാം പ്ലാസ്റ്റിക് കുപ്പികളിൽ ബിസ്ഫെനോൾ എ (BPA) എന്ന ടോക്സിക് ആയ രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് കുപ്പികളിൽനിന്നു സോഡയിലേക്ക് അരിച്ചിറങ്ങും. ഇത് കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിലും എത്തും. നിരവധി രോഗങ്ങൾക്കും ഇത് കാരണമാകും. ബിപിഎ അടങ്ങിയ ഒരു ഉൽപന്നവും കുട്ടികൾക്ക് നൽകാതെ ശ്രദ്ധിക്കണം. 

∙ ഭാരം കൂട്ടും 
ഡയറ്റ് സോഡ ശരീരഭാരം കൂട്ടും. ഓരോ ദിവസവും കുടിക്കുന്ന ഓരോ കുപ്പി സോഡയും അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യത 41 ശതമാനം കൂട്ടും. മധുരം കഴിക്കുമ്പോൾ അത് ഫാറ്റായും അന്നജമായും ശരീരത്തിൽ ശേഖരിക്കപ്പെടും. 

∙ പഞ്ചസാര എത്രയാ? 
ഒരു കുപ്പി സോഡയിൽ 10 ടീസ്പൂൺ പഞ്ചസാര ഉണ്ട്. ദ്രാവകരൂപത്തിൽ ഇത്രയും പഞ്ചസാര ശരീരത്തിലെത്തുമ്പോൾ പ്രമേഹം, ശരീരഭാരം കൂടുക, ഇൻസുലിൻ പ്രതിരോധം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇവയെല്ലാം ഉണ്ടാവാം. 

∙ ഫോസ്ഫോറിക് ആസിഡ് 
സോഡയിൽ ഫോസ്ഫോറിക് ആസിഡ് ഉണ്ട്. ഇത് കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാൽസ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോൾ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലിൽ പോടു വരാനും കാരണമാകും. ഇത് വയറിലെ ആസിഡുമായി കലരുമ്പോൾ പോഷകങ്ങളുടെ ആഗിരണം തടയപ്പെടുന്നു, ദഹനം സാവധാനത്തിലാകുന്നു.

∙ നിർജ്ജലീകരണം 
പഞ്ചസാര, സോഡിയം, കഫീൻ ഇവ അധികമായതിനാൽ ഡീഹൈഡ്രേഷനു കാരണമാകും. ചിലരാകട്ടെ ഭക്ഷണത്തോടൊപ്പം പോലും സോഡ കുടിക്കും. വെള്ളത്തിനു പകരം സോഡ കുടിക്കുന്നവരും ഉണ്ട്. 

∙ കൃത്രിമ മധുരം 
ഡയറ്റ് സോഡയിൽ  പഞ്ചസാരയ്ക്കു പകരം കൃത്രിമ മധുരമായ അസ്പാർടെം ഉണ്ട്. ഇത് ശരീരത്തിന് കൂടുതൽ അപകടകരമാണ്. ബ്രെയ്ൻ ട്യൂമർ, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, ഇമോഷണൽ ഡിസോർഡേഴ്സ് തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

∙ പോഷകങ്ങൾ = പൂജ്യം
സോഡയുടെ പോഷകഗുണം എത്രയെന്നോ? പൂജ്യം. നാവിന് രുചി തോന്നിക്കും എന്നല്ലാതെ ഒരു ഗുണവും സോഡ കുടിച്ചാൽ കിട്ടില്ല. 

∙ പല്ലിന്റെ കാര്യം പോക്കാ
പതിവായി സോഡ കുടിക്കുന്നത് പല്ലിൽ പ്ലേക്ക് അടിയാനും ക്രമേണ പല്ലിന് പോടും മോണരോഗങ്ങളും ഉണ്ടാകാനും കാരണമാകും. വായിലെ ബാക്ടീരിയ സോഡയിലെ പഞ്ചസാര ഭക്ഷണമാക്കുമ്പോൾ ആസിഡ് ആയി മാറുന്നു. ഇത് പല്ലിന് കേടു വരുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com