ADVERTISEMENT

ചീത്ത കൊളസ്ട്രോള്‍ അല്ലെങ്കില്‍ എൽഡിഎൽ കൊളസ്ട്രോള്‍  തീരെ കുറയുന്നതും നന്നല്ലെന്നു പഠനം.  എൽഡിഎൽ കൊളസ്ട്രോള്‍  കുറഞ്ഞ അളവില്‍ കാണപ്പെടുതാണ് നല്ല ആരോഗ്യത്തിന്റെ ലക്ഷണമായി പൊതുവേ കാണാറുള്ളത്‌. എന്നാല്‍ ഇത് ഒരുപരിധിയില്‍ താഴെ പോകുന്നത് നന്നല്ല എന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുമ്പോള്‍ അത് ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദനത്തിന് കാരണമാകുന്നു. 

എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അല്ലെങ്കില്‍ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കുറഞ്ഞിരിക്കുന്നതാണ് ഹൃദയത്തിന് ഏറ്റവും നല്ലത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ സാധാരണയായി മനുഷ്യര്‍ക്ക് ആവശ്യമാണ്. അമിതമായാലാണ് പൊതുവേ അപകടകരമാകുന്നത്. എന്നാല്‍ ഈ എല്‍ഡിഎല്‍ തീരെ കുറഞ്ഞ അളവില്‍ ഉണ്ടാകുന്നത് ശരീരത്തിന് മറ്റൊരു തരത്തില്‍ ദോഷകരമായാണ് കണക്കാക്കുന്നത്. ബ്ലീഡിങ് സ്ട്രോക്ക് വരാനുള്ള സാധ്യതയാണ് ഇതിനു വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. 

തലച്ചോറിലെ രക്തകുഴലുകള്‍ പൊട്ടി ഉണ്ടാകുന്ന ഹെമറാജിക് സ്ട്രോക്ക് ആണ് ബ്ലീഡിങ് സ്ട്രോക്ക് എന്നു പറയുന്നത്. മരണസാധ്യത കൂടിയ പ്രശ്നമാണിത്.  എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നില അളവില്‍ കൂടുതല്‍ കുറഞ്ഞ  ആളുകള്‍ക്കാണ് ഈ റിസ്ക്‌ ഉള്ളത്. സ്ട്രോക്ക്, ഹൃദ്രോഗം, കാന്‍സര്‍ എന്നിങ്ങനെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാത്ത  90,000 ആളുകളെ ഒന്‍പതുവർഷം നിരീക്ഷിച്ച ശേഷമാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. ഇവരില്‍ ചീത്ത കൊളസ്ട്രോള്‍ അളവില്‍ കുറഞ്ഞവര്‍ക്ക് ബ്ലീഡിങ് സ്ട്രോക്ക് സാധ്യത ഇരട്ടിയാണ്. 50 mg/dl കുറഞ്ഞ എല്‍ഡിഎല്‍ ലെവല്‍ ഉള്ളവര്‍ക്കാണ് ഈ അപകടം ഏറെ. ഇവര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത  169% കൂടുതലാണ്. 

70 mg/dl ല്‍ കുറഞ്ഞ അളവില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഈ അപകടസാധ്യത കൂടുമെന്ന് ഈ പഠനത്തിനു നേതൃത്വം നല്‍കിയ സിയാന്‍ ഗോ പറയുന്നു. അതുകൊണ്ടുതന്നെ ഒന്നും അധികവും എന്നാല്‍ തീരെ കുറവും ആകാതെ നോക്കുക എന്നതാണ് ഏറ്റവും ഉചിതമെന്നും ഗവേഷകര്‍ പറയുന്നു. ജീവിതത്തില്‍ എല്ലാം ബാലന്‍സ് ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്നു ഈ പഠനം തെളിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com