ADVERTISEMENT

ആരോഗ്യപരിപാലനത്തിനും ഫിറ്റ്നസ് നിലനിര്‍ത്താനും ആണല്ലോ ജിമ്മിൽ പോകുന്നത്. എന്നാല്‍ ജിമ്മില്‍നിന്നു പിടികൂടാന്‍ സാധ്യതയുള്ള അണുബാധകളെക്കുറിച്ച് അറിവുണ്ടോ? എങ്കില്‍ കേട്ടോളൂ, ജിമ്മില്‍നിന്നു പിടിപെടാന്‍ സാധ്യതയുള്ള ചില അണുബാധകളുണ്ട്. ഏറ്റവും കൂടുതല്‍ വിയര്‍ക്കുന്ന സ്ഥലമാണ് ജിം. ഇതുതന്നെയാണ് അവിടെ ബാക്ടീരിയകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതും. 

സ്റ്റെഫല്ലോകോക്കസ് ബാക്ടീരിയയാണ് വളരെ സാധാരണമായി കാണപ്പെടുന്ന ഒന്ന്. ഇത് നമ്മുടെ ചർമത്തിലാണ് സാധാരണ കാണുന്നത്. ഇത് ചര്‍മത്തില്‍നിന്ന് നമ്മുടെ ഉള്ളിലേക്ക് പ്രവേശിച്ചാലാണ് പ്രശ്നം. തൊലിപ്പുറത്തെ മുറിവുകള്‍ മതിയാകും ഇത് ഉള്ളിലേക്ക് കടക്കാന്‍. ജിമ്മില്‍ കൂടെ വര്‍ക്ക്‌ഔട്ട്‌ ചെയ്യുന്നവരില്‍നിന്ന് ഇങ്ങനെ സ്റ്റെഫല്ലോകോക്കസ് ബാക്ടീരിയ മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഒരാള്‍ ഉപയോഗിച്ച ടവല്‍ ഒരിക്കലും ഉപയോഗിക്കരുത്. അതുപോലെ ജിമ്മിലെ ഉപകരണങ്ങള്‍ ഒരു ടിഷ്യൂ കൊണ്ട് തുടച്ച ശേഷം ഉപയോഗിക്കുക.  ജിമ്മില്‍നിന്നു പുറത്തു കടക്കുമ്പോഴും വരുമ്പോഴും ഒരു ഹാന്‍ഡ്‌ സാനിറ്റൈസര്‍ ഉപയോഗിക്കുക. 

ജിമ്മില്‍നിന്നു പിടികൂടാന്‍ സാധ്യതയുള്ള മറ്റൊരു രോഗമാണ് athlete’s foot. പാദസംരക്ഷണത്തിലെ വൃത്തിക്കുറവാണ് ഇതിനു കാരണം. രോഗമുള്ള ആളില്‍ നിന്നുള്ള അണുബാധയും ഇത് പകരാന്‍ കാരണമായേക്കാം. ഒരുതരം ഫംഗസ് ആണ് ഇതിനു പിന്നിൽ. പാദങ്ങള്‍ വൃത്തിയില്ലാതെ വയ്ക്കുന്നതുവഴി രോഗം പകരം.

നനവുള്ള എവിടെയും ഈ ഫംഗസ് വസിക്കും. ജിമ്മില്‍ ഒരിക്കല്‍ ഉപയോഗിച്ച സോക്സ്‌ പിന്നീട് കഴുകി വൃത്തിയാക്കാതെ ഉപയോഗിക്കുക, ഷൂ ഇടാതെ ജിമ്മില്‍ നടക്കുക എന്നിവ ഒഴിവാക്കിയാല്‍ ഈ അണുബാധ വരാതെ ഒരുപരിധി വരെ നോക്കാം. പുഴുക്കടി, അരിമ്പാറ എന്നിവയും ജിമ്മില്‍നിന്നു പകരാന്‍ സാധ്യതയുള്ളവയാണ്. ഹ്യൂമൻ പാപ്പിലോമ വൈറസ് അഥവാ HPV ആണ് അരിമ്പാറയ്ക്കു കാരണമാകുന്നത്.

ജിമ്മില്‍ പോയ ശേഷം ശുചിത്വം പാലിക്കുക എന്നത് ഏറെ പ്രധാനമാണ്. കൈകാലുകള്‍ വൃത്തിയാക്കി വസ്ത്രം മാറിയ ശേഷം വേണം ജിമ്മില്‍നിന്നു പുറത്തേക്കു വരാന്‍. ജിമ്മില്‍ പോയ ശേഷം വൃത്തിയാക്കാതെ കൈകള്‍ കണ്ണിലോ മൂക്കിലോ തിരുമ്മാതെ നോക്കണം. വൈറ്റമിന്‍ സി അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുന്നത്‌ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com