sections
MORE

കുട്ടികളെ വളർത്തുന്നതിൽ അമ്മയെക്കാൾ പങ്ക് അച്ഛനാണ്; എങ്ങനെയെന്ന് അറിയേണ്ടേ

father-daughter
SHARE

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. ഇന്ന് പേരന്റിങ്ങിനെപ്പറ്റി അനവധി പഠനങ്ങൾ ലഭ്യമാണ്. ഇതിൽ ഭൂരിഭാഗവും അമ്മയുടെ പങ്കിനെപ്പറ്റിയാണ് വാചാലമാകുന്നത്. കുട്ടികളോട് അടുത്ത് ഇടപഴകുന്നതും വാത്സല്യപൂർവം പരിചരിക്കുന്നതും അമ്മമാരാണ്. അച്ഛനെപ്പറ്റിയുള്ള പരമ്പരാഗതമായ കാഴ്ചപ്പാട് അച്ഛൻ ഗൃഹനാഥനാണെന്നും അല്പസ്വൽപം കാർക്കശ്യത്തോടെ മക്കളോട് ഇടപഴകുന്ന ആളാണെന്നുമാണ്. എന്നാൽ ഈ ചിന്താഗതി വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു. കുട്ടികളെ ലാളിക്കുവാനും അവരോടൊപ്പം കളികളിൽ ഏർപ്പെടുവാനും ഇന്ന് അച്ഛന്മാരും മടിക്കാറില്ല.

അച്ഛന്റെ സ്വാധീനം കുട്ടികളുടെ ചിന്താശക്തിയിലും സാമൂഹിക, വൈകാരികമായ വളർച്ചയ്ക്കും വളരെ വലിയ പങ്കു വഹിക്കുന്നെന്ന് മനഃശാസ്ത്രം പറയുന്നു. ഇന്നത്തെ ലോകത്തിൽ കുട്ടികൾക്കു വളരുവാനും തളരുവാനുമുള്ള മാർഗങ്ങളും ചതിക്കുഴികളും ധാരാളമാണ്. മുപ്പത് വർഷം മുൻപുള്ള പിതാവല്ല ഇന്നത്തെ പിതാവ്. ഇലക്ട്രോണിക് മീഡിയയിലൂടെയും ഇന്റർനെറ്റിലൂടെയും തന്റെ കുഞ്ഞിന്റെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന വിസ്തൃതമായ ഒരു ലോകത്തെ നേരായ രീതിയിൽ നോക്കിക്കാണുവാന്‍ വഴികാട്ടുന്നവനാകണം ഇന്നത്തെ പിതാവ്.

പഠനങ്ങൾ പറയുന്നത് ഇങ്ങനെയാണ്,

1. കൂടുതൽ കരുതലുള്ള അച്ഛന്റെ മക്കൾ ഉയർന്ന ആത്മാഭിമാനം ഉള്ളവരായിരിക്കും.

2. വാത്സല്യം ഏറെയുള്ള അച്ഛന്റെ മക്കൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നവരും ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാൻ കഴിവുള്ളവരും ആയിരിക്കും.

3. മക്കളെ സ്നേഹിക്കുന്നതിനോടൊപ്പം അവർക്ക് ദൃഢവും വ്യക്തവുമായ നിർദേശങ്ങൾ കൊടുക്കുന്ന അച്ഛൻമാർ കഴിവുറ്റ മക്കളെ സമൂഹത്തിന് പ്രദാനം ചെയ്യുന്നു. 

ഇന്നത്തെ ഏതൊരു അച്ഛനും പറയും താനും തന്റെ മകനുമായോ മകളുമായോ ഉള്ള ബന്ധം തന്റെ സ്വന്തം പിതാവുമായി ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് അത്യന്തം വ്യത്യസ്തമാണെന്ന്. ഇന്നത്തെക്കാലത്ത് ഓരോ പിതാവും തന്റെ ചെറുപ്പകാലത്തെ അനുഭവവുമായി താരതമ്യം ചെയ്ത് തന്റെ മക്കളെ വളർത്താം എന്ന് കരുതുന്നില്ല. മാറുന്ന കാലത്തിനൊപ്പം തന്നെ അച്ഛനും മകനും അല്ലെങ്കിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിൽ മാറ്റം സംഭവിക്കുന്നു.

അച്ഛനും മകനും തമ്മിലുള്ള ബന്ധം
ആൺകുട്ടികൾ അച്ഛനെയാണ് അനുകരിക്കുന്നത്. മിക്ക ആൺകുട്ടികളും തങ്ങളുടെ അച്ഛൻ സമൂഹത്തോട് എങ്ങനെ ഇടപഴകുന്നു എന്ന് നോക്കിയാണ് അവരുടെ പ്രവൃത്തികൾ രൂപപ്പെടുത്തുന്നത്. ഏകദേശം അഞ്ച് വയസ്സുവരെ ആണ്‍കുട്ടികൾക്ക് ഹീറോ അച്ഛനാണ്.

അച്ഛനും മകളും തമ്മിലുള്ള ബന്ധം
പെൺകുട്ടികൾ അച്ഛനിൽനിന്ന് കണ്ടെത്തുന്നത് സുരക്ഷിതത്വവും വൈകാരിക പിന്തുണയുമാണ്. അച്ഛനിലെ നല്ല ഗുണങ്ങൾ പെൺകുട്ടികൾ തങ്ങളുടെ ഇഷ്ട പുരുഷനിലും കാണാൻ ആഗ്രഹിക്കുന്നു.

വിവിധ ഘട്ടങ്ങളിൽ കുട്ടികളും അച്ഛനുമായുള്ള ബന്ധം

നവജാത ശിശുവും അച്ഛനും

നവജാത ശിശുവിന് വൈകാരിക പിന്തുണ അമ്മ നൽകുമ്പോൾ അച്ഛൻ സുരക്ഷിതത്വം ഉറപ്പും നൽകുന്നു. ഒന്നു കരയുമ്പോൾ അവരുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന അച്ഛനെ അവർ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കാണുന്നു. അമ്മമാരേക്കാൾ കുട്ടികളെ ശാരീരികമായി ഉത്തേജിപ്പിക്കുന്നത് അച്ഛൻമാരാണ് ഇത് കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെയധികം നല്ലതാണ്. 

അച്ഛനും പിഞ്ചു കുഞ്ഞുങ്ങളും (1മുതൽ 3 വയസ്സുവരെ)

ഒന്നു മുതൽ മൂന്നു വരെ വയസ്സുള്ള കുട്ടികൾ എല്ലാ കാര്യങ്ങളിലും ആകാംക്ഷ പ്രകടിപ്പിക്കുകയും പുതിയ കാര്യങ്ങൾ മനസ്സിലാക്കുവാൻ അന്വേഷണ ത്വര കാണിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ അച്ഛന്‍ ഒരു ഗൈഡിനെപ്പോലെ കുട്ടിയെ അന്വേഷണങ്ങളിൽ സഹായിക്കുകയും, ഒപ്പം യഥാസ്ഥാനങ്ങളിൽ അതിർവരമ്പുകൾ നിശ്ചയിക്കുകയും ചെയ്യുന്നു. അമ്മമാർ സ്വതവേ വീട്ടുകാര്യങ്ങളിൽ ഏർപ്പെടുമ്പോൾ അച്ഛൻമാർ കുട്ടികളുമായി കളിക്കാനുള്ള സമയം കണ്ടെത്തുകയും ഒപ്പം ചെറിയ ചെറിയ പ്രശ്നങ്ങളിലൂടെ ഉത്തരം സ്വയം കണ്ടെത്താൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കുട്ടികളെ ചെറിയ വെല്ലുവിളികൾ ഏറ്റെടുക്കുവാൻ പ്രേരിപ്പിക്കുന്ന അച്ഛന്‍ അവരുടെ പ്രശ്ന പരിഹാര സാമർഥ്യത്തെ വളർത്തുന്നു. 

കുട്ടികള്‍ സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ അവരെ കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കുവാനും അതിൽ വിജയിക്കാനും പ്രോത്സാഹിക്കണം. കുട്ടികളില്‍ ആത്മവിശ്വാസം നിറയ്ക്കുവാനും അവരെ മുൻപോട്ട് നയിക്കുവാനും അച്ഛന്റെ കരുതലോടെയുള്ള ഇടപെടൽ വളരെ അത്യാവശ്യമാണ്. 

അമ്മമാർ കുട്ടികളെ കൂടുതൽ സംരക്ഷിച്ച് നിർത്തുവാൻ ശ്രമിക്കുമ്പോൾ അച്ഛൻമാർ അവരെ സ്വതന്ത്രരും ആത്മവിശ്വാസമുള്ളവരും ആക്കാൻ ശ്രമിക്കുന്നു. മറ്റുള്ളവരെ ബഹുമാനിക്കാൻ കുട്ടികൾ പഠിക്കുന്നത് അച്ഛൻമാരെ കണ്ടാണ്. സാമൂഹിക മൂല്യങ്ങളും മറ്റും അവർ അച്ഛന്റെ പ്രവൃത്തികളിലൂടെ മനസ്സിലാക്കുന്നു.

കളിക്കൂട്ടുകാരനായ അച്ഛൻ

പാട്ടു പാടുവാനും ചെറിയ നൃത്തച്ചുവടുകൾ വയ്ക്കുവാനും അമ്മമാർ പ്രോൽസാഹിപ്പിക്കുമ്പോൾ കളികളിലും വ്യായാമങ്ങളിലും അച്ഛനാണ് മുൻതൂക്കം. കുട്ടികളെ പുറത്ത് ഇരുത്തി ആന കളിക്കുന്നത് മുതൽ പന്ത് തട്ടിക്കളിക്കുന്ന ഒരു നഴ്സറിക്കുട്ടിയെയും പ്ലേ സ്റ്റേഷനിൽ ഗെയിം കളിക്കുന്ന ചെയ്യുന്ന കൗമാരക്കാരനേയും ഒരു പോലെ രസിപ്പിക്കുവാന്‍ അച്ഛനല്ലാതെ മറ്റാർക്കും ആകില്ല. ഇത്തരം കളികളിലൂടെ ആണ് അച്ഛനുമായുള്ള സുഹൃദ് ബന്ധം ദൃഢമാകുന്നത്.

കുട്ടികളോടൊപ്പമുള്ള കളി മാറ്റിവയ്ക്കുവാൻ ഒരിക്കലും നിങ്ങളുടെ തിരക്ക് ഒരു കാരണമാകരുത്. കുട്ടികളോടൊപ്പം കളിക്കുന്നത് മികച്ച ആശയവിനിമയ മാർഗം മാത്രമല്ല കളികളിലൂടെ വിജയത്തിന്റെയും തോൽവിയുടെയും പങ്ക് വയ്ക്കലിന്റെ ചില ഉറച്ച ജീവിത പാഠങ്ങൾ അവരിലേക്ക് പടരുന്നത് കൂടിയാണ്. 

അധ്യാപകനായ അച്ഛൻ

അച്ഛനാണ് കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ കോച്ച്. എത്ര പ്രായമായാലും അച്ഛൻ പകർന്നു നൽകുന്ന ആദ്യ അനുഭവങ്ങൾ, അത് സൈക്കിൾ ചവിട്ടുന്നതോ ക്രിക്കറ്റ് /ഫുട്ബോൾ കളിയോ ആകട്ടെ ഒരിക്കലും മനസ്സിൽനിന്നു മായില്ല. 

ഓരോ കളിയിലും അവർ മുന്നേറാനായി വെല്ലുവിളിക്കുന്ന, ഓരോ വീഴ്ചയില്‍ നിന്നും സ്വയം ഉയരാൻ ആത്മവിശ്വാസം നൽകുന്ന ഏത് അച്ഛനെയാണ് കുട്ടികൾക്ക് മറക്കാനാകുന്നത്. അമ്മമാരെ അപേക്ഷിച്ച് കുട്ടികൾക്ക് കടുപ്പമേറിയ ചുമതലകൾ അച്ഛൻമാർ നൽകുന്നു. ഇത് അവരെ പ്രതിസന്ധി ഘട്ടങ്ങളിൽ തരണം ചെയ്യാൻ സഹായിക്കുന്നു. 

അച്ഛൻ സംരക്ഷകൻ ആകുമ്പോൾ

സുരക്ഷാ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും കുട്ടി ൃകളെ സംരക്ഷിക്കുവാനും അച്ഛൻമാർ ഒരു പടി മുൻപിൽ ആണ്. അമ്മമാരേക്കാൾ ശാരീരിക വലിപ്പം കൂടിയ അച്ഛന് കുട്ടികളുടെ കണ്ണിൽ ഒരു സംരക്ഷകന്റെ സ്ഥാനം ആണ് ഉള്ളത്. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കേണ്ടത് അച്ഛന്റെ ചുമതലയാണ്. അതോടൊപ്പംതന്നെ സുരക്ഷയുടെ പേര് പറഞ്ഞ് അവരെ എല്ലാത്തിൽ നിന്നും മാറ്റി നിർത്തുന്നത് ശരിയായ പ്രവണത അല്ല. സമൂഹത്തിൽ പൊതുവായുള്ള നന്മ തിന്മകളെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ പകർന്നുകൊടുക്കണം.

അച്ഛന്‍ എന്ന റോൾ മോഡൽ

ഒരു മകളുടെ കണ്ണിൽ അച്ഛനാണ് എല്ലാം തികഞ്ഞ പുരുഷൻ. അതുപോലെതന്നെ ഒരു മകൻ അച്ഛന്റെ പ്രതിരൂപമായി തീരുവാൻ ആഗ്രഹിക്കുന്നു. അമ്മയോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറുന്ന അച്ഛൻ മകനെയും അതിനു പ്രാപ്തനാക്കണം. 

നിങ്ങൾ അറിഞ്ഞാലും ഇല്ലെങ്കിലും നിങ്ങളുടെ ഓരോ പ്രവൃത്തിയും അവന്റെ കണ്ണിൽ പതിഞ്ഞുകൊണ്ടേയിരിക്കുന്നു. കുടുംബത്തിന്റെ ആത്മീയവും വൈകാരികവും ധനപരവും ആയ കാര്യങ്ങളിൽ അച്ഛന്റെ പങ്ക് വലുതാണ്. അത് എത്രത്തോളം മികച്ചത് ആക്കുവാൻ പരിശ്രമിക്കുക.

മികച്ച അച്ഛനാകുവാനുള്ള ചില വഴികൾ

1. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുക.

2. സ്നേഹത്തിലൂടെയും കരുതലിലൂടെയും അവരെ അച്ചടക്കം ശീലിപ്പിക്കുക.

3. കുട്ടികൾക്ക് പറയുവാനുള്ളത് ക്ഷമയോടെ കേൾക്കുക.

4. ആശയവിനിമയം നേരിട്ട് കുട്ടികളുമായി നടത്തുക, അമ്മമാർ വഴിയല്ലാതെ.

5. നിങ്ങളുടെ കുട്ടിയുടെ അധ്യാപകനാവുക.

6. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുക.

7. കുട്ടികൾക്ക് പുസ്തകങ്ങൾ വായിച്ചു കൊടുക്കുക.

8. കുട്ടികളെ താരതമ്യം ചെയ്യാതിരിക്കുക.

9. കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക.

10. കുട്ടികളുടെ വീഴ്ചകളെപ്പറ്റി മറ്റുള്ളവരുടെ മുൻപിൽ വച്ച് കളിയാക്കാതിരിക്കുക.

ലന്തൻ ബത്തേരിലെ  ലുന്തിനിയകൾ എന്ന, എൻ.എസ് മാധവന്റെ നോവലിൽ മെറ്റിൽഡയുടെ അമ്മ അവളോട് പറയുന്നു. ‘‘നീ എന്റെ വയറ്റിനകത്ത് ഉണ്ടായിരുന്നപ്പോൾ നല്ല രസമായിരുന്നു ഒരു ജോഡിക്ക് നമുക്ക് അങ്ങനെ പോകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യാമായിരുന്നു.’’ ഒരു പക്ഷേ അമ്മമാരുടെ ചിന്ത ഇങ്ങനെയെങ്കിൽ യഥാർത്ഥ ജീവിതത്തിൽ കാത്തിരിപ്പിന്റെ കാലമാണ് അച്ഛന്റേത്.

(തിരുവനന്തപുരം എം.ജി. കോളജ് അസിസ്റ്റന്റ് പ്രഫസർ ആണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA