ADVERTISEMENT

വേദനയാൽ പുളഞ്ഞ്, ഇരുകണ്ണുകളിൽ നിന്നും കണ്ണീർ വാർത്തു പിറന്നു വീണ ജീവൻ! ഇന്ന് ആ മുഖത്തുള്ളത് ആരെയും ആകർഷിക്കുന്ന പുഞ്ചിരി. കണ്ടവർ വീണ്ടും വീണ്ടും നോക്കുന്ന, ഒന്നു സംസാരിക്കാൻ തോന്നുന്ന മുഖമാണ് ജീവന്റേത്. ഓസ്റ്റിയോ ജനിസിസ് ഇംപെർഫെക്ട എന്ന രോഗാവസ്ഥയോടെയാണ് അവൻ പിറന്നത്. എല്ലുകൾ ഒടിയുന്ന അവസ്ഥ. ചെറിയ അനക്കങ്ങൾ പോലും ശരീരത്തിന് ആഘാതം സൃഷ്ടിച്ചിരുന്ന ജീവൻ ബി. മനോജ് എന്ന ഇരുപത്തിയെട്ടുകാരൻ ഇന്നു മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‍വെയർ എൻജിനീയറാണ്. കണ്ണീരോടെ പിറന്ന, ചിരികൊണ്ടു ജീവിതത്തെ മയക്കിയെടുത്ത ജീവനും, ജീവന്റെ അമ്മ താര മനോജും പറയുന്നു:

ആദ്യത്തെ കൺമണി 

താര മനോജ്: 28 വർഷം മുൻപാണ്, കൊല്ലം മയ്യനാട് നർമദയെന്ന വീട്ടിൽ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണു ഞങ്ങൾ. ജീവൻ ജനിക്കുന്നതിനു 2 ദിവസം മുൻപു നടന്ന സ്കാനിങ്ങിലാണു ജനിക്കാനിരിക്കുന്ന കുഞ്ഞിനു ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയുന്നത്. എന്നാൽ തോൽക്കാനോ സങ്കടപ്പെടാനോ കഴിയില്ലല്ലോ, ഇതു ഞങ്ങളുടെ കുഞ്ഞിന്റെ കാര്യമല്ലേ. അങ്ങനെ ജീവൻ പിറന്നു, ജനിച്ചപ്പോൾ അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. ഒരു കാലിന് ഒടിവുണ്ടായിരുന്നു. മറ്റേ കാലാകട്ടെ, നെഞ്ചോടു ചേർത്തു കൈകൊണ്ട് അടക്കിപ്പിടിച്ച നിലയിലും. 

പിന്നീടങ്ങോട്ട് ചെറിയ അനക്കങ്ങൾ പോലും അവന്റെ ശരീരത്തിൽ ഒടിവുകളുണ്ടാക്കി. കട്ടിലിൽ ചെരിഞ്ഞു കിടന്നാൽ പോലും എല്ലുകൾ ഒടിയും. മകനു സഞ്ചരിക്കാൻ വേണ്ടി വാക്കറുകളും വീൽചെയറും രൂപകൽപന ചെയ്തത് എൻജിനീയർ കൂടിയായ അവന്റെ അച്ഛനാണ്. 

നോവായിരുന്നില്ല!

ജീവൻ: ആദ്യമൊക്കെ അമ്മ എന്നെ എടുത്തു സ്കൂളിൽ കൊണ്ടാക്കുകയായിരുന്നു പതിവ്. ഞാ‍ൻ ക്ലാസിലെത്തിയാൽ ഇന്റർവെൽ സമയമാകുമ്പോൾ ജനാലയ്ക്കരികിൽ മറ്റു കുട്ടികളെത്തി എന്നെത്തന്നെ നോക്കി നിൽക്കും. എന്നാൽ എന്റെ ക്ലാസിലെ മറ്റുകുട്ടികൾ അവരെ പറഞ്ഞു മനസ്സിലാക്കും. ഒരു വിധത്തിലും ഞാൻ സങ്കടപ്പെടാൻ അവർ അനുവദിച്ചിരുന്നില്ല. 

ഇഷ്ടമാണ് കംപ്യൂട്ടറിനെ

ജീവൻ: അച്ഛനും അമ്മാവനും എൻജിനീയർമാർ ആയതിനാൽ എൻജിനീയറിങ് എന്നൊരു സ്വപ്നം സ്കൂൾകാലത്തു തന്നെ മനസ്സിലുടക്കിയിരുന്നു. കംപ്യൂട്ടറെന്നാൽ ആദ്യം ഓർമ വരുന്നതു മൈക്രോസോഫ്റ്റാണല്ലോ. അതുകൊണ്ടുതന്നെ മൈക്രോസോഫ്റ്റിൽ എൻജിനീയറാവുക എന്നതു സ്വപ്നമായി മാറി. ‘നടക്കാൻ പോലും കഴിയാത്ത, ബലം പ്രയോഗിച്ചാൽ എല്ലൊടിയുന്നയാൾക്കു മറ്റെന്തെങ്കിലും ചെയ്താൽ പോരെ?’ എന്നു പലരും ചോദിച്ചപ്പോൾ അച്ഛനും അമ്മയും അനുജൻ മാധവും കൂടെ നിന്നു. എൻട്രൻസ് പരീക്ഷയെഴുതി കൊല്ലം ടികെഎം എൻ‍ജിനീയറിങ് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിനു ചേർന്നു. കോളജ് അധികൃതരാകട്ടെ, എല്ലാ സൗകര്യങ്ങളുമൊരുക്കി നൽകി. ക്ലാസ് മുറികൾ താഴത്തെ നിലയിലേക്കു മാറ്റി. കൂട്ടുകാർ എടുത്തു ലാബിലും മറ്റും എത്തിച്ചു. പഠനശേഷം ബെംഗളൂരുവിലേക്ക്. വീൽചെയർ ഉപയോഗിച്ച് എവിടെയും പോകാൻ കഴിയുന്ന നഗരം. ഓഫിസ് മാത്രമല്ല, നഗരവും ഭിന്നശേഷി സൗഹൃദം.  

അവിടെ ഫ്ലാറ്റിലാണു താമസം. അമ്മയോ അച്ഛനോ ആരെങ്കിലും എപ്പോഴും അവിടെയുണ്ടാകും. എന്നും ഓഫിസിൽ പോകുന്നതു തനിച്ചാണ്. ഓഫിസ് കാബിലേക്കു ഡ്രൈവർ കയറ്റിയിരുത്തും. പിന്നീടു വീൽചെയറിൽ ഓഫിസിനകത്തേക്കു കയറും. ഓഫിസിൽ എല്ലാക്കാര്യങ്ങളും തനിച്ചു ചെയ്യാം. എല്ലാ ദിവസവും അര മണിക്കൂർ വ്യായാമം ചെയ്യാറുമുണ്ട്. ചിത്രങ്ങൾ വരയ്ക്കും. ഗിറ്റാർ പഠിക്കുന്നുണ്ട്. വായനയുണ്ട് – ഇങ്ങനെ നീളുന്നു ഹോബികളും നേരമ്പോക്കുകളും.

ഞാൻ ഹാപ്പിയാണ്!

ജീവൻ: ഒരിക്കൽ ഒരു സുഹൃത്ത് ഇങ്ങനെ പറഞ്ഞു: ‘ഈ ജന്മത്തിൽ അവയവങ്ങൾ ദാനം ചെയ്താൽ അടുത്ത ജന്മത്തിൽ അവയവങ്ങൾ ഇല്ലാതെയാകും ജനിക്കുക.’ ഇതു കേട്ടപ്പോൾ ആദ്യം തോന്നിയതു തെല്ലൊരഭിമാനമാണ്. ആ സുഹൃത്തിന്റെ വിശ്വാസപ്രകാരമാണെങ്കിൽ കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തിട്ടുണ്ടാകും. അതാകും ഈ ജന്മത്തിൽ വീൽചെയറിൽ ഇരിക്കാൻ കാരണം. എനിക്കൊരു കുറവുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ കാര്യങ്ങളെല്ലാം തനിയെ ചെയ്യാൻ കഴിയുന്നുണ്ട്. ഞാൻ ഹാപ്പിയാണ്, ഡബിൾ ഹാപ്പി...

നിറഞ്ഞ ചിരിയോടെ ജീവൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയിൽ ജീവന്റെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും ഇറങ്ങിയിട്ടുണ്ട്. കുടുംബസുഹൃത്തിന്റെ മകൻ കൂടിയായ സംവിധായകൻ ഋതിക് ബൈജു സംവിധാനം ചെയ്ത ‘ജീവനുള്ള സ്വപ്നങ്ങൾ’ എന്ന ഡോക്യുമെന്ററി നാലു മാസം മുൻപാണു പൂർത്തിയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com