sections
MORE

'അച്ഛൻ വേറെ കല്യാണം കഴിക്കേണ്ട'; മകന്റെ ശാഠ്യത്തിനു മുന്നിൽ കുഴങ്ങി യുവാവ്

remarriage
SHARE

അമ്മ മരിച്ചു. രണ്ട് വർഷത്തിനു ശേഷം അച്ഛൻ പുനർ വിവാഹത്തിന് തീരുമാനമെടുത്തതിനോട് എട്ട് വയസ്സുള്ള ഏക മകൻ പ്രകടിപ്പിക്കുന്ന പ്രതിഷേധത്തെ എങ്ങനെ മയപ്പെടുത്തണമെന്ന് ചോദിക്കുകയാണ് ഒരു വ്യക്തി. വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീയെ കാണിച്ചാണ് ഈ വിവരം പറഞ്ഞത്. അതോടെ കലഹം തുടങ്ങി അച്ഛൻ കല്യാണം കഴിക്കേണ്ടെന്ന വാശിയിലാണ് മകൻ. അവന്റെ അമ്മയെ പോലെ ആകാൻ ഒരാൾക്കും കഴിയില്ലെന്നാണ് അവന്റെ ന്യായം. എതിർപ്പ് വക വയ്ക്കാതെ വിവാഹവുമായി മുന്നോട്ടു പോകണോ, അതോ അത് ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിലാണ് പിതാവ്. 

മരണം മൂലമോ വിവാഹ മോചനത്തിന്റെ ഫലമായോ, പങ്കാളിയെ നഷ്ടമാകുന്ന പലരും പിന്നീട് ഒരു പുനർ വിവാഹത്തെ കുറിച്ച് ആലോചിക്കാറുണ്ട്. ആദ്യ വിവാഹത്തിലെ കുട്ടികൾ ഒപ്പമുള്ളപ്പോൾ അവരെ കൂടി ഇത് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തമുണ്ട്. പെട്ടെന്ന് ഒരു പങ്കാളിയെ ചൂണ്ടി കാണിച്ചു കൊടുത്ത് ഇതാണ് നിന്റെ അമ്മ അല്ലെങ്കിൽ അച്ഛൻ എന്ന് പറഞ്ഞാൽ അതുമായി കുട്ടികൾ പൊരുത്തപ്പെടണമെന്നില്ല. അമ്മയെക്കുറിച്ചുള്ള ഓർമകൾ ഇവന്റെ മനസ്സിൽ തങ്ങി നിൽപ്പുണ്ടാകും. രണ്ടു വർഷമായി അച്ഛനെ മാത്രം ആശ്രയിച്ചാകും ഇവൻ വളർന്നതും ആ വ്യക്തിയുടെ ശ്രദ്ധ മറ്റൊരാൾക്കും കൂടി അവകാശപ്പെട്ടതാകുമെന്ന ചിന്ത അത്ര സുഖകരവുമാകില്ല. അമ്മയുടെ സ്ഥാനത്തേക്ക് വേറൊരാളും പറ്റില്ലെന്ന വിചാരവും ഉണ്ടാകാം. ഇതൊക്കെ വളരെ വൈകാരികപരമായി ഉള്ളിൽ തിളച്ചു മറിയുമ്പോൾ കുട്ടിക്ക് മറ്റു യുക്തികൾ തിരിച്ചറിയാൻ പറ്റാതെ പോകും.

ഇവൻ പഠിപ്പിനായോ ജോലിക്കായോ വീടു വിട്ടു അകലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകാം. വിവാഹിതനായി സ്വന്തം കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാലം വരും. അപ്പോൾ അച്ഛൻ ഏകനാകാതിരിക്കാൻ വേണ്ടിയുള്ള കൂട്ടാണ് ഈ പുനർ വിവാഹമെന്ന് അവനെ സാവകാശം ബോധ്യപ്പെടുത്തി കൊടുക്കേണ്ടി വരും. മാതൃസ്ഥാനത്തു അനുയോജ്യയായ ഒരു സ്ത്രീ വരുന്നത് അവനും നല്ലതാകുമെന്ന് ബോധ്യപ്പെടുത്തണം. 

വിവാഹശേഷവും പ്രശ്നങ്ങൾ ഉണ്ടാകാം. സ്നേഹം പകുത്തു പോകുമെന്നും, അവഗണിക്കപ്പെടുമെന്നുമുള്ള ഭീതിയിൽ അച്ഛനുമായി കൂടുതൽ നേരം കഴിയാനും അതെ മുറിയിൽ കിടക്കാനുമൊക്കെ ശ്രമിച്ചുവെന്ന് വരാം. എല്ലാ കാര്യങ്ങളും അച്ഛൻ തന്നെ ചെയ്തു തരണമെന്നും പുതിയ ആളുകളുടെ സഹായം വേണ്ടെന്നുമൊക്കെയുള്ള ശാഠ്യം ഉണ്ടാകാം. 

കുട്ടിയുടെ വിഷമം മനസ്സിലാക്കി അത് സ്നേഹാനുഭവങ്ങൾ നിറഞ്ഞ ചൊല്ലിലൂടെയും ചെയ്തിയിലൂടെയും മാറ്റിയെടുക്കേണ്ടി വരും. അച്ഛൻ കല്യാണം കഴിച്ചതോടെ അമ്മയുടെ സ്ഥാനം നേടിയ സ്ത്രീക്ക് എല്ലാ ബഹുമാനവും നൽകിയേ പറ്റുവെന്ന് നിര്‍ബന്ധിച്ചാൽ പൊരുത്തപ്പെടൽ ഉണ്ടാകില്ല. അവന്റെ നന്മയ്ക്ക് കൂടി വേണ്ടിയാണെന്ന് ഉൾക്കൊള്ളാനുള്ള സമയവും സാവകാശവും നൽകണം. ഇതൊക്കെ നന്നായി ചെയ്യാൻ കഴിയുമെന്ന വിശ്വാസം ഉണ്ടെങ്കിൽ പുനർ വിവാഹമെന്ന ആശയവുമായി മുമ്പോട്ട് പോകാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA