ADVERTISEMENT

മിക്കവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് മൈഗ്രേൻ. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. പിറ്റേ ദിവസത്തെ പകലിനെക്കൂടി ഇത് നഷ്ടപ്പെടുത്തുന്നു. മൈഗ്രേൻ ഉള്ളവർക്ക് നല്ല ഉറക്കം ലഭിക്കാൻ ചില നിർദേശങ്ങൾ ഡോക്ടർമാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

∙ സന്ധ്യ കഴിഞ്ഞാൽ കോഫിയും കഫീൻ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വർധിപ്പിക്കുകയേ ഉള്ളൂ.

∙ കിടക്കുന്നതിനു തൊട്ടുമുൻപു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂർ കഴിഞ്ഞേ ഉറങ്ങാവൂ.

∙ രാത്രി അധികം വെള്ളം കുടിക്കുന്നതും വേണ്ടെന്നുവയ്ക്കാം. പകൽസമയത്ത് ആവശ്യത്തിനു കുടിക്കാമല്ലോ. രാത്രി ഇടയ്ക്കിടെ ബാത്ത് റൂമില്‍ പോകാൻ എഴുന്നേൽക്കുന്നത് നിങ്ങളുടെ ഉറക്കം പലവട്ടം മുറിഞ്ഞുപോകുന്നതിനു കാരണമാകും. മൈഗ്രേൻ ഉള്ളവർക്ക് ഉറക്കം മുറിഞ്ഞാൽ അസ്വസ്ഥത കൂടും.

∙ മൈഗ്രേൻ വഷളാക്കുന്ന ഭക്ഷണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൈൻ, ചീസ്, യീസ്റ്റ്, ഫുഡ് പ്രിസർവേറ്റീവുകൾ എന്നിവ അവയിൽ ചിലതാണ്. മോണോസോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയ കൃത്രിമ ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കണം. ഓരോരുത്തർക്കും അവരവരുടെ ശരീരം നിഷേധിക്കുന്ന ഭക്ഷണം ഏതൊക്കെയെന്ന് കണ്ടെത്തി ഒഴിവാക്കുന്നതാണ് പ്രധാനം

∙സന്ധ്യയാകുമ്പോൾതന്നെ തലവേദന തുടങ്ങുന്ന ദിവസങ്ങളിൽ രാത്രി ഹോട്ടൽ ഫുഡ് ഒഴിവാക്കുക. ഇതിൽ ചേർക്കുന്ന നിറവും രുചിവർധക പദാർഥങ്ങളും മൈഗ്രേൻ വഷളാക്കും.

∙ ഓഫിസ് ജോലിയുടെ ബാക്കി രാത്രി വീട്ടിലിരുന്നു തീർക്കുന്ന  രീതിയുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ മാറ്റിവയ്ക്കാം. അധികസമയം കംപ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്നാൽ മൈഗ്രേൻ കൂടും.

∙ ഉറക്കം വരുന്നില്ലെങ്കിൽ മൊബൈൽ ഫോണിൽ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സ്ട്രെസ് നൽകും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും. 

∙മൈഗ്രേൻ ഉള്ള ദിവസം നിങ്ങളുടെ പങ്കാളിയോട് ഈ വിവരം നേരത്തെ പറയുക. വളരെ റിലാക്സ്ഡ് ആയി വേണം കിടക്കാൻ. പൂർണമായും ഇരുട്ടിനു പകരം ഇളംവെളിച്ചം മുറിയിൽ അനുവദിക്കാം. പാട്ട് ഇഷ്ടമുള്ളവരാണെങ്കിൽ ലൈറ്റ് ആയ മ്യൂസിക് പ്ലേ ചെയ്യാം. 

∙സ്ലീപ്പിങ്് പിൽസ്, പെയിൻ കില്ലേഴ്സ് തുടങ്ങിയവ ഡോക്ടറുടെ നിർദേശ പ്രകാരമേ കഴിക്കാവൂ. ഉറങ്ങാൻ കഴിയുമോ എന്നോർത്ത് ടെൻഷനടിച്ച് ഉറക്കം നഷ്ടപ്പെടുത്തേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com