ADVERTISEMENT

പണ്ടൊക്കെ ടെൻഷൻ പ്രായം ചെന്നവരുടെ മാത്രം ‘കുത്തക’യായിരുന്നു. ഇന്നിപ്പോൾ നഴ്സറിയിൽ പോയിത്തുടങ്ങുന്ന കുട്ടികൾക്കു വരെ ടെൻഷൻ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മുതിർന്നവർ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ മാനസിക സമ്മർദം കുട്ടികൾ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

കുട്ടികളെ ചികിൽസിക്കുന്ന ഡോക്ടർമാർ പറയുന്നത് കുട്ടികളിലെ മാനസിക സമ്മർദം മൂലം അവർ മറ്റു പല ദുഷ്പ്രവണതകൾക്കും അടിമപ്പെടുന്നു എന്നാണ്. വിഡിയോ ഗെയിമുകളോടും അശ്ലീല സൈറ്റുകളോടും മറ്റും അവർ കാണിക്കുന്ന അമിത താൽപര്യം ഈ സ്ട്രെസ് മൂലമാണെന്നാണ് കൗൺസിലിങ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ അമ്മമാർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ചില ചികിൽസകൾ ഉണ്ടത്രേ

∙ സ്ട്രെസിന്റെ കാരണം കണ്ടെത്തുക. എന്തു പ്രശ്നമാണ് കുട്ടികളെ നിരന്തരം അലട്ടുന്നത് എന്ന് അവരോടുതന്നെ ചോദിച്ചു മനസ്സിലാക്കാം. നിങ്ങൾക്കു നിസ്സാരമെന്നു തോന്നുന്ന പ്രശ്നങ്ങൾ ആയിരിക്കാം. പക്ഷേ കുട്ടികൾക്ക് അവ വളരെ ഗൗരവമുള്ളതായിരിക്കും. അവരോട് ധാരാളം സംസാരിച്ചു മാത്രമേ ഇതു മനസ്സിലാക്കാൻ കഴിയൂ.

∙ കുട്ടികളോട് കൂട്ടുകൂടാം. എപ്പോഴും കർക്കശക്കാരിയായ അമ്മയുടെ രൂപത്തിലിരിക്കാതെ അവരുടെ നല്ല സുഹൃത്ത് ആകാൻ ശ്രമിക്കൂ. അപ്പോൾ അവർ എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവയ്ക്കും. അമ്മയോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലും കൂട്ടുകാരിയോട് പറയാൻ അവർക്ക് സാധിക്കും.

∙ കുട്ടികളെ ഡയറി എഴുത്ത് ശീലിപ്പിക്കാം. എല്ലാ ദിവസവും ആ ദിവസത്തെ പ്രധാന സംഭവങ്ങൾ കുറിച്ചുവയ്ക്കാൻ ആവശ്യപ്പെടാം. ഇത് പിന്നീട് നിങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയെടുക്കാൻ റഫർ ചെയ്യാം. അവരെ ഏറ്റവും വേദനിപ്പിച്ചതും വിഷമിപ്പിച്ചതുമായ കാര്യങ്ങൾ ഇതിലൂടെ കണ്ടെത്താം.

∙ നോ പറയാൻ പഠിപ്പിക്കുക എന്നതു വളരെ പ്രധാനമാണ്. കുട്ടികളെ അവർക്ക് സാധ്യമല്ലാത്ത കാര്യങ്ങൾ ഏറ്റെടുക്കുന്നതിൽനിന്ന് വിലക്കുക. ഉദാഹരണത്തിന് സ്പോ‍ർട്സിൽ താൽപര്യമില്ലാത്ത കുട്ടിയെ അത്‍ലറ്റ് മീറ്റിൽ സമ്മാനം വാങ്ങണമെന്ന് നിർബന്ധിക്കരുത്. ശരാശരി പഠിത്തക്കാരനായ കുട്ടിയെ ക്ലാസിൽ ഫസ്റ്റ് വാങ്ങാൻ നിർബന്ധിക്കരുത്. മറ്റാരും അങ്ങനെ അവർക്ക് സമ്മർദം കൊടുക്കുന്നില്ലെന്നും ഉറപ്പാക്കണം. 

∙ എല്ലാ വിഷയങ്ങളെയും രണ്ടാമതൊരു തരത്തിൽ നോക്കിക്കാണുന്നതിന് കുട്ടികളെ പഠിപ്പിക്കണം. ഒരു വഴി അടയുമ്പോൾ മറ്റൊരു സാധ്യത തുറന്നുകിട്ടുമെന്ന ശുഭാപ്തി വിശ്വാസം അവരിൽ ഉണ്ടാക്കിയെടുക്കണം. ഇതിനായി അവർക്ക് മോട്ടിവേഷനൽ പുസ്തകങ്ങൾ വാങ്ങിനൽകാം. 

∙ എല്ലായ്പ്പോഴും വീട്ടിനകത്ത് അടച്ചുപൂട്ടിയിരിക്കാതെ കുട്ടികളെയും കൊണ്ട് തുറന്ന വിശാല സ്ഥലങ്ങളിലേക്ക് പോകാൻ ശ്രമിക്കണം. പാർക്കിലോ ബീച്ചിലോ മറ്റോ ആഴ്ചയിൽ ഒരിക്കലെങ്കിലും അവരെ കൊണ്ടുപോകുക. ജീവിതത്തെ തുറന്നമനോഭാവത്തോടെ കാണാനും മറ്റുള്ളവരുടെ ജീവിതം നേരിൽ കാണാനും ഇത് അവസരം ഒരുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com