sections
MORE

സുഗന്ധതൈലങ്ങൾ സുരക്ഷിതമോ?

essential-oil
SHARE

ചെടികളുടെ സത്തിൽനിന്ന് എടുക്കുന്ന സംയുക്തങ്ങളാണ് സുഗന്ധതൈലങ്ങൾ അഥവാ എസൻഷ്യൽ ഓയിൽ. ചെടികളുടെ മണവും ഫ്ലേവർ അഥവാ എസ്സൻസും ഇവയിലുണ്ടാകും. ചെടികളിൽനിന്നു സുഗന്ധമുള്ള രാസവസ്തുക്കൾ വാറ്റിയെടുത്ത ശേഷം ഇവ ഒരു വാഹക (carrier) എണ്ണയുമായി യോജിപ്പിക്കുന്നു. അരോമ തെറാപ്പി എന്ന ചികിത്സാ സമ്പ്രദായത്തിൽ സുഗന്ധ തൈലങ്ങൾ ഉപയോഗിക്കുന്നു. ഈ സുഗന്ധ തൈലങ്ങൾ കഴിക്കാൻ പാടില്ല. ഇവയിലെ രാസവസ്തുക്കൾ ശരീരവുമായി സമ്പർക്കത്തിൽ ഏർപ്പെടും. ചർമത്തിൽ ഇവ പുരട്ടിയാൽ ശരീരം പ്ലാന്റ് കെമിക്കലുകളെ ആഗിരണം ചെയ്യും. ചില സുഗന്ധ തൈലങ്ങൾ പുരട്ടി ചൂടുപിടിക്കുന്നത് ആഗിരണം മെച്ചപ്പെടുത്തും. ഈ തൈലങ്ങളുടെ ഗന്ധം ശ്വസിക്കുന്നത് തലച്ചോറിന്റെ ചില ഭാഗങ്ങളെ ഉത്തേജിപ്പിക്കും. വികാരങ്ങൾ, പെരുമാറ്റം, മണത്തറിയാനുള്ള കഴിവ്, ഓർമശക്തി ഇവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളെ ഇവയുടെ ഗന്ധം ഉത്തേജിപ്പിക്കും.

സുഗന്ധതൈലങ്ങൾ ശ്വസിക്കുകയോ നേർപ്പിച്ച ശേഷം ശരീരത്തിൽ പുരട്ടുകയോ ചെയ്യാം. ഏതാണ്ട് 90 ഇനം സുഗന്ധ തൈലങ്ങൾ ഉണ്ട്. ഓരോന്നിനും അവയുടേതായ ഗന്ധവും ആരോഗ്യഗുണങ്ങളുമുണ്ട്. 

കർപ്പൂരതുളസി, ചന്ദനം, ലാവെൻഡർ, മുല്ല, ലെമൺ, റോസ്, ടീ ട്രീ മുതലായവ ചില പ്രധാന സുഗന്ധതൈലങ്ങളാണ്. സുഗന്ധതൈലങ്ങളുടെ ആരോഗ്യഗുണങ്ങൾ ഇവയാണ്. 

∙ ഉത്കണ്ഠയും സമ്മർദവും അകറ്റാൻ സഹായിക്കുന്നു. ലാവൻഡർ, റോസ്, മുല്ലപ്പൂ ഫ്ലേവറുകളിലുള്ള തൈലങ്ങൾ ഏറെ ഗുണം ചെയ്യും. 

∙ തലവേദന, മൈഗ്രേൻ ഇവയ്ക്ക് ആശ്വാസമേകുന്നു. കർപ്പൂര തുളസി (pepper mint), ലാവെൻഡർ ഇവയുടെ തൈലം നെറ്റിയിൽ തടവാം. 

∙ ലാവൻഡർ തൈലം മണക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും. ഹൃദ്രോഗികൾക്കും പ്രസവശേഷം സ്ത്രീകൾക്കും ഇത് ഏറെ ഗുണം ചെയ്യും. 

∙ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. സുഗന്ധതൈലങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. തൈം ഒറിഗാനോ ഇവ ചേർന്ന എസൻഷ്യൽ ഓയിലും നല്ലതാണ്. റോസ്മേരി ഓയിലിനും ഇതേ ഗുണങ്ങൾ ഉണ്ട്. 

∙ സുഗന്ധതൈലങ്ങൾക്ക് ആന്റി ബയോട്ടിക് ആന്റി മൈക്രോ ബിയൽ ഗുണങ്ങൾ ഉണ്ട്. ബാക്ടീരിയം അണുബാധ അകറ്റുന്നു. ടീ ട്രീ ഓയിൽ, പെപ്പർമിന്റ് ഓയിൽ ഇവയ്ക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. 

∙ രോഗങ്ങളകറ്റാൻ മാത്രമല്ല സുഗന്ധ തൈലങ്ങൾ. വീടിനു പുതുമയേകാനും തുണികൾക്ക് സുഗന്ധമേകാനും സൗന്ദര്യ വർധക വസ്തുക്കൾക്ക് സ്വാഭാവിക ഗന്ധമേകാനും ഇവ ഉപയോഗിക്കുന്നു. കൊതുകിനെ തുരത്താനും ഇവ സഹായിക്കും.

ഗുണനിലവാരമുള്ളതും ശുദ്ധമായ സസ്യസംയുക്തങ്ങൾ അടങ്ങിയതുമായ സുഗന്ധ തൈലങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നേർ‌പ്പിച്ച സിന്തറ്റിക് സുഗന്ധങ്ങളും രാസ വസ്തുക്കളും ചേർന്നവ ഉപയോഗിക്കരുത്. 

പാർശ്വഫലങ്ങള്‍

നാച്വറൽ ആണ് എന്നതുകൊണ്ടു മാത്രം ഇവ സുരക്ഷിതമാകണമെന്നില്ല. സസ്യങ്ങളിൽ നിന്നുള്ള ഹെർബൽ ഉല്‍പന്നങ്ങളിൽ ബയോ ആക്ടീവ് സംയുക്തങ്ങളുണ്ട്. ഇവ ആരോഗ്യത്തിനു ദോഷം ചെയ്യാം. സുഗന്ധതൈലങ്ങൾ മിക്കവയും സുരക്ഷിതമാണ്. എന്നാൽ കുട്ടികളും ഗർഭിണികളും ഇവയുടെ ഗന്ധം ശ്വസിക്കുന്നത് ശ്രദ്ധിച്ചു വേണം. ചിലരിൽ ചൊറിച്ചിൽ, ആസ്മ, തലവേദന, അലർജി പ്രശ്നങ്ങൾ ഇവ ഉണ്ടാകാം. ഇവ ശരീരത്തിനുള്ളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഏതെങ്കിലും രോഗത്തിനു മരുന്ന് കഴിക്കുന്നവർ വൈദ്യസഹായം തേടിയതിനു ശേഷമേ ഇവ ഉപയോഗിക്കാവൂ.

English Summary : What are Essentl Oils, and do they work

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA