ADVERTISEMENT

ജൂൺ പകുതിയോടെ ആണ് എറണാകുളം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ആയി എത്തുന്നത്. ഈ നാല് മാസങ്ങളിൽ ഇതുവരെ എഴുപത്തിയേഴ് പോസ്റ്റ്‌മോർട്ടം പരിശോധനകൾ ഞാൻ ചെയ്തു.

 

അതിൽ ഏഴുപേരോളം നാൽപ്പതുവയസ്സിൽ താഴെയുള്ളവർ. അതിൽ മൂന്നുപേർ ഇരുപതിനും മുപ്പതിനും ഇടയിൽ. ഈ ഏഴുപേരിൽ നാലുപേർക്കും ബിപി കൂടുതലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റേത് സാദാ കുടുംബ-നാട്ടുവൈദ്യ-ബന്ധു ശത്രുക്കൾ പോലെ ഇവർക്കും അതേ നിർഭാഗ്യഉപദേശം കിട്ടി. ""മരുന്ന് തുടങ്ങിയാൽ പിന്നെ അതിൽ അഡിക്ഷൻ വരും. പിന്നെ കഴിച്ചില്ലെങ്കിൽ പ്രശ്നമാകും."" എന്ന്.

 

ഏഴുപേരിൽ രണ്ടുപേർ ഉറക്കത്തിൽ മരിച്ചു. അതിലൊരാൾ സാദാ അളവെന്നുള്ള അളവിൽ മദ്യപിച്ചുകിടന്നപ്പോൾ ആണ് മരണം. മദ്യപാനിയായ ബിപിക്കാരന്റെ ഹൃദയവും മദ്യപാനിയല്ലാത്ത ബിപിക്കാരന്റെ ഹൃദയവും തമ്മിൽ വ്യത്യാസമുണ്ട്. സിഗരറ്റും കൂടെ ആകുമ്പോൾ ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെയല്ല പേപ്പട്ടി കടിച്ചുകീറിയ അവസ്ഥ.

 

ഒരാൾ സാദാ ജോലി ചെയ്ത്തുകൊണ്ടിരുന്നപ്പോൾ മരിച്ചുവീണു. അയാൾക്ക് നേരത്തെയുള്ള ഷുഗറും ഉണ്ട്. ഷുഗർ ഉള്ളവർക്ക് ചിലപ്പോൾ ഹാർട്ട്‌ അറ്റാക്ക് വേദന വന്നാൽ മനസിലാകാതെ പോകാറുണ്ട്. മൂന്ന് പേർ മറ്റേതോ ചെറിയ അസുഖം വന്നപ്പോഴേക്കും മരിച്ചു. ഒരാൾ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ അസ്വസ്ഥത/ജെന്നിപോലെ വന്നു വീണു, ആശുപത്രി എത്തുമ്പോഴേക്കും മരിച്ചു.

 

നാല് പേരുടെ ഹൃദയത്തിന്റെ ഭാരം അരമുക്കാൽ കിലോയോളം. നോർമൽ ഹൃദയത്തിന്റെ ഭാരം ഏകദേശം കാൽക്കിലോയൊക്കെയാണെന്നു ഓർക്കുക . ബിപി എന്നാൽ രക്തക്കുഴലുകൾ വേണ്ടത്ര വികസിക്കാൻ സാധിക്കാതെ ആവുക എന്നത് കൂടെയാണ്. പല കാരണങ്ങളാൽ.

രക്തക്കുഴൽ വികസിക്കാതെ രക്തമൊഴുക്കിന് തടസ്സം വരുമ്പോൾ അവയവങ്ങൾ കരയാൻ തുടങ്ങും. ഈ കരച്ചിൽ കേൾക്കുമ്പോൾ ഹൃദയം കൂടുതൽ പിടയും. പിടയുന്നതിനു ഹൃദയഭിത്തികൾ കൂടുതൽ ജോലി ചെയ്യും. ഒരുപാട് പിടക്കുമ്പോൾ താളം തെറ്റാൻ (arrhythmia) തുടങ്ങും. അതും മരണകരണമാകും. കൂടുതൽ ജോലി ചെയ്യുന്ന ഹൃദയഭിത്തികൾ വലുതായി ഹൃദയഭാരം കൂടും. അപ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹവും കുറയും. അങ്ങനെ ഹൃദയമസിലുകൾ ചാവും (heart attack)

 

ഹൃദയം ഈ അവസ്ഥ തരണം ചെയ്യാനുള്ള സാധ്യതയുമുണ്ട്. പക്ഷേ ഉയരുന്ന രക്തസമ്മർദം വൃക്കകളെ തകരാറിലാക്കും. ചിലപ്പോൾ തലച്ചോറിൽ രക്തക്കുഴലുകൾ പൊട്ടും (stroke). സ്ട്രോക്ക് വന്നാൽ മരിക്കണമെന്നില്ല. ബാക്കിജീവിതം എന്നെന്നേക്കുമായി അനക്കമില്ലാതെ കിടന്നുപോയേക്കാം. ചില ശരീരഭാഗങ്ങൾ തളർന്നുപോയേക്കാം. ഓർമ നഷ്ടപ്പെട്ടേക്കാം.

 

സ്ട്രോക്ക് വരുന്നതിനും മുന്നേ ചിലപ്പോൾ കാഴ്ച നശിക്കാൻ തുടങ്ങും. ബിപി ഉള്ളവർ കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധന നടത്താൻ ശ്രദ്ധിക്കേണ്ടത് അതുകൊണ്ടാണ്.

ബിപി കുറയാതിരുന്നാൽ ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയകൾ ചെയ്യാൻവരെ പറ്റാതെയാവും. വാഹനം ഓടിക്കുമ്പോഴോ അതീവശ്രദ്ധ ആവശ്യമുള്ള ജോലികൾ ചെയ്യുന്നതിനിടയിലോ തലകറക്കങ്ങൾ (TIA) വന്നുവീണ് സ്വന്തവും മറ്റുള്ളവർക്കും പരിക്കുകൾക്ക് കാരണമാകാം.

മേല്പറഞ്ഞ എല്ലാ അവസ്ഥകളിൽനിന്നും ഒരുപരിധി വരെയെങ്കിലും മോഡേൺ മെഡിസിൻ മരുന്നുകൾ നമ്മളെ രക്ഷിക്കും.

 

ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ നിർത്താനാവില്ല എന്നത് പൂർണമായും ശരിയൊന്നുമല്ല. അത് അപൂർണമായ ശരിയാണ് എന്നതിനേക്കാൾ വലിയ സത്യമാണ് മോഡേൺ മെഡിസിൻ മരുന്നുകൾ ജീവൻ രക്ഷിക്കും എന്നത്. ജീവൻ നിലനിർത്തുക എന്നതിനേക്കാൾ വലുതായി ഒന്നുമില്ല. നിയമം രക്ഷിക്കുക എന്നതിനേക്കാൾ വലുത് ജീവൻ രക്ഷിക്കുകയാണെന്നത് പോലും ജീവിച്ചിരിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് വിളിച്ചു പറയുന്നത്.

 

കുറച്ചു കാലം കഴിച്ചശേഷം സ്വന്തം ഇഷ്ടത്തിന് മരുന്ന് നിർത്താനും പാടില്ല. ഡോക്ടർ പറയുന്നതനുസരിച്ചേ മരുന്നിന്റെ ഉപയോഗം ക്രമീകരിക്കാവൂ. ബിപിക്ക് നിർദേശിക്കപ്പെട്ട മരുന്ന് കഴിക്കാതെ ഇരിക്കുന്നതുകൊണ്ടും ഡോക്ടർ പറയാതെ മരുന്ന് നിർത്തുന്നതുകൊണ്ടും വന്നേക്കാവുന്ന ദുരന്തങ്ങൾതമ്മിൽ വലിയവ്യത്യാസങ്ങൾ ഒന്നുംതന്നെയില്ലെന്ന് മനസിലാക്കുക. മരുന്ന് കഴിക്കണമെന്ന് മോഡേൺ മെഡിസിൻ പിന്തുടരുന്ന ഡോക്ടർ പറയുകയാണെങ്കിൽ ഒരുകാര്യം മനസ്സിൽ ഉറപ്പിക്കുക. ഡോക്ടർ ഡയറ്റും വ്യായാമവും നിരോധിച്ചില്ലെങ്കിൽല്ലെങ്കിൽമാത്രം മരുന്നിനോടൊപ്പം കൊണ്ടുപോകണം. മരുന്നില്ലാതെ നിങ്ങളെ രക്ഷിക്കാൻ ഡയറ്റിനും വ്യായാമത്തിനും മാത്രം സാധ്യമല്ലാത്ത ഘട്ടത്തിലാണ് നിങ്ങൾ.

 

മേല്പറഞ്ഞ മരിച്ചവരിൽ ഏഴുപേരും പുരുഷന്മാരായിരുന്നു. ഒരാൾക്ക് തൈറോയ്ഡ് പ്രവർത്തനം കൂടുതലായിരുന്നു. അതിന്റെ ഭാഗമായി ഉണ്ടായ ഹൃദയഭിത്തിവലുതാകൽ ആയിരുന്നു.

 

സ്ത്രീകൾക്ക് ആർത്തവവിരാമം വരെ ഈസ്ട്രജന്റെ ചെറിയൊരു ഹൃദയസുരക്ഷിതത്വം കിട്ടും. എന്നാൽ ആർത്തവവിരാമത്തോടെ റിസ്ക് കൂടുന്നു. ഹോർമോൺ ചികിത്സ എടുക്കുന്ന ട്രാൻസ്ജെൻഡർ ആളുകളും ഹൃദയത്തിന്റെ അവസ്ഥ, കൊളസ്‌ട്രോൾ ലെവൽ എന്നിവ ഇടക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ഗവണ്മെന്റ് ആശുപത്രിയിലും നിശ്ചിതദിവസം NCD (Non Communicable Diseases) ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. അവ തികച്ചും സൗജന്യമായി പ്രവർത്തിക്കുന്നത് നമുക്കുവേണ്ടിയാണ്. ബിപി, ഷുഗർ എന്നിവ പരിശോധിച്ച് മരുന്നുകൾ വാങ്ങുക, കഴിക്കുക, അപായങ്ങൾ മുൻകൂട്ടി അറിയുക, സഹായം തേടുക. കൂടുതൽ മെച്ചപ്പെട്ടു ജീവിക്കുക. പ്ലീസ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com