sections
MORE

'ചിക്കൻ പൊരി'യിൽ പതിയിരിക്കുന്ന അപകടം; ഡോക്ടർ നൽകുന്ന ഈ മുന്നറിയിപ്പ് അവഗണിക്കരുതേ

chicken
SHARE

കടകളിൽ നിന്നു ചിക്കൻഫ്രൈ ഓർഡർ ചെയ്യുമ്പോൾ അതിനൊപ്പം എണ്ണയിൽ മൊരിഞ്ഞ പൊടികൂടി ലഭിക്കാറുണ്ട്. ഫ്രൈ പീസ് കഴിക്കുന്നതിനു മുന്നേ ഈ പൊടിയാകും പലരും ആദ്യം കഴിക്കുന്നത്. മുൻപിൻ നോക്കാതെ ഇതു വാരി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ഇതു കഴിച്ച തന്റെ സുഹ്യത്തിനു സംഭവിച്ച അപകടവും തുടർന്നു നടത്തേണ്ടിവന്ന ശസ്ത്രക്രിയയെക്കുറിച്ചും ഡോക്ടർ പറയുന്നു.

ചിക്കൻ ഫ്രൈ ഓർഡർ ചെയ്താൽ ചട്ടിയിലടിയുന്ന കുറച്ച് ഗ്രേവി ഫ്രൈ കൂടി തരുന്നത് നമ്മുടെ ഹോട്ടലുകളിലെ ഒരാചാരമാണ്. തിളച്ച എണ്ണയിൽ കിടന്ന് മൊരിഞ്ഞ ആ അരപ്പ്, പൊറോട്ടയിൽ പൊതിഞ്ഞ് കറുമുറാ ചവച്ചരച്ച് കഴിക്കുന്നത് കൊതിയൻമാർക്കിടയിലെ മറ്റൊരാചാരം. ആചാരസംരക്ഷകരായ ഹോട്ടലുകാരുടെയോ കഴിക്കുന്നവരുടെയൊ അശ്രദ്ധ ഒരുപക്ഷേ ഈ 'ചിക്കൻ പൊരി' കൊതിയന്മാരെ ദുരിതക്കയത്തിലിട്ട് ഫ്രൈ ചെയ്യാം.

എന്റെ ഒരു സുഹൃത്താണിവിടെ നായകൻ. മാധ്യമ പ്രവർത്തകനാണ്. കഴിഞ്ഞാഴ്ചയാണ് സംഭവം. പാഴ്സൽ വാങ്ങിയ ചിക്കൻ ഫ്രൈയിലെ രുചികരമായ ചിക്കൻപൊരി അകത്താക്കുന്നതിനിടയിൽ തൊണ്ടയിലെന്തോ തടഞ്ഞതുപോലെ പുള്ളിയ്ക്ക് തോന്നി. എന്തോ കൊണ്ടു കയറുന്നത് പോലെ. അതങ്ങു മാറുമെന്ന് വിചാരിച്ചു ഭക്ഷണവും വെള്ളവുമൊക്കെ കുടിച്ചുനോക്കി. ഒരു രക്ഷേമില്ലാതെ ആശുപത്രിയിലെത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പരിശോധനയിൽ തൊണ്ടയിൽ കമ്പി പോലൊരു സാധനം തുളഞ്ഞു കയറിയിരിക്കുന്നതായി കണ്ടെത്തി. എൻഡോസ്കോപ്പി വഴിയതെടുക്കാൻ രണ്ടുവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ 3 ദിവസം മുമ്പ് കഴുത്തിന്റെ സൈഡിലൂടെ തുറന്നുള്ള ഒരു മേജർ സർജറി വഴിയത് പുറത്തെടുത്തു.

ആ കമ്പിയാണ് ചിത്രത്തിൽ. മിക്കവാറും ചിക്കൻ ഫ്രൈ അരിച്ചെടുക്കുന്ന പഴകിയ കണ്ണാപ്പ (അരിപ്പ)യിൽ നിന്നും അടർന്ന് വീണതാവാമത്. അല്ലെങ്കിൽ മറ്റു രീതിയിൽ അശ്രദ്ധ മൂലം അത് ചിക്കൻ ഫ്രൈയിൽ വന്നുപെട്ടതാവാം. കാരണമെന്തായാലും, സുഹൃത്തിപ്പൊ ഓപറേഷനൊക്കെ കഴിഞ്ഞ്, മൂക്കിലൂടെ ട്യൂബൊക്കെയിട്ട് അതിലൂടെ ഫ്ലൂയിഡ് രൂപത്തിലുള്ള ഭക്ഷണത്തിലാണ്. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ.

പറയാനുളളിതത്രേയൂള്ളൂ,

1. ഹോട്ടലുകാർ പാചകം ചെയ്യുന്ന പാത്രങ്ങളുടെ ഗുണനിലവാരം കൂടി വല്ലപ്പോഴും പരിശോധിക്കണം. തുരുമ്പിച്ച കണ്ണാപ്പയും പാത്രങ്ങളുമൊക്കെ എടുത്ത് ആക്രിക്കാർക്ക് കൊടുക്കണം.

2. ചിക്കൻ ഫ്രൈയുടെ കൂടെ ചിക്കൻപൊരി കൊടുക്കുന്ന ആചാരം പറ്റുവച്ചാ നിർത്തലാക്കണം.

3. പ്രത്യേകിച്ചൊരു ന്യൂട്രീഷണൽ വാല്യുവുമില്ലാത്ത ചിക്കൻപൊരി കഴിക്കുന്ന സ്വഭാവം കൊതിയന്മാരും ഉപേക്ഷിക്കണം. അപൂർവ്വമായിട്ടാണേലും ഇതുപോലൊരു പണി കിട്ടിയാൽ കിളി പറക്കും. ജാഗ്രതൈ.

English summary: Small Iron Needle Found in Chicken Curry; Precautionary Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA