ADVERTISEMENT

മലയാളികൾ ഏറ്റവും കൂടുതൽ നോൺ–വെജ് കഴിക്കുന്ന സമയം രാത്രിയായിരിക്കും. ഉച്ചഭക്ഷണം ഓഫിസുകളിലും ജോലിസ്ഥലത്തും മറ്റുമാകുമ്പോൾ അധികം നോൺ–വെജ് കഴിക്കണമെന്നില്ല. എന്നാൽ ഇതുംകൂടി ചേർത്ത് രാത്രി അകത്താക്കുന്നുണ്ടാകും. എന്നാൽ ഈ ശീലം അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. 

രാത്രിയിൽ ലളിതഭക്ഷണമാണ് വേണ്ടതെന്ന് അറിയാമെങ്കിലും വാരിവലിച്ചു കഴിക്കുന്നവരാണ് അധികവും. സ്ട്രിക്ട് ഡയറ്റൊക്കെ പിന്തുടരുന്നവർ മാത്രമാകും ഇതിനു വിപരീതം. ഇപ്പോൾ രാത്രി സത്ക്കാരങ്ങളും ഹോട്ടൽഭക്ഷണവും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇവിടെയാകട്ടെ, പ്രധാന ആകർഷണം നോൺ–വെജ് ഫുഡുമായിരിക്കും. രാത്രി അധികമായി കഴിക്കുന്ന ഈ മാംസവിഭവങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇവ പല രോഗങ്ങളും ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. 

കാൻസർ
ചിക്കനും ബീഫും പോർക്കും മീനുമൊക്കെ എണ്ണയിൽ പലതവണ വറുത്തു കോരുമ്പോൾ ചൂടായ എണ്ണയിലെ കാർസിനോജനുകൾ വില്ലൻമാരാകാം. ഇത് കാൻസർ സാധ്യത വർധിപ്പിക്കും. വൻകുടലിലുണ്ടാകുന്ന കാന്‍സറാണ് ഇതുമൂലം കുടുതൽ ഉണ്ടാകുന്നത്. നാരുകളുടെ അഭാവമാണ് ഈ കാൻസറിലേക്കു നയിക്കുന്നത്. വീടുകളിൽ നിന്നു വ്യത്യസ്തമായി പാർട്ടികളിലും മറ്റുമാകുമ്പോൾ ഉപയോഗിക്കുന്ന എണ്ണ ഒട്ടേറെ പ്രാവശ്യം ചൂടാക്കിയതാകാം. ഇത് ആമാശയ കാൻസറിലേക്കും നയിക്കാം. വറുത്തു പൊരിച്ച മാംസവഭവങ്ങളുടെ അമിതോപയോഗം സ്ത്രീകളിൽ സ്തനാർബുദത്തിനു കാരണമാകാം. പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ സാധ്യതയും ഉണ്ടാക്കുന്നുണ്ട്. ഇത്തരം മാംസവിഭവങ്ങളിൽ ചേർക്കുന്ന അഡിക്ടീവുകളും അപകടകാരികളാണ്. 

ദഹനവ്യവസ്ഥ താളം തെറ്റാം
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയതാണ് മാംസവിഭവങ്ങൾ. പ്രോട്ടീൻ ദഹിക്കുന്നതിന് ഏറെ സമയമെടുക്കും. ഇതിന്റെകൂടെ എണ്ണയും കൊഴുപ്പുമുള്ള മാംസവിഭവം കൂടിയാണെങ്കിൽ ദഹിക്കാൻ ദീർഘ സമയമെടുക്കാം. രാത്രിയിൽ ഇവ കഴിച്ച് ഉടൻ കിടക്കുന്നവരാണ് അധികംപേരും. ഇത് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കും. വയറു വീർക്കൽ, വയറിനു പെരുപ്പ്, നെഞ്ചെരിച്ചിൽ, ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ, ആമാശയവീക്കം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

അമിതവണ്ണം
രാത്രിയിൽ ഉപാപചയ പ്രവർത്തന നിരക്ക് പൊതുവേ കുറവാണ്. അതിനാൽത്തന്നെ രാത്രിയിൽ മാംസഭക്ഷണം ധാരാളം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. ഇത് പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം, ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങളിലേക്കും എത്തിക്കാം. 

റെഡ്മീറ്റ് ധാരാളമായി കഴിക്കുന്നത് രക്തസമ്മർദവും കൊളസ്ട്രോളും കൂടുന്നതിനു കാരണമാകും. ഇതാകട്ടെ ഹൃദ്രോഗത്തിലേക്കും നയിക്കാം. റെഡ് മീറ്റിന്റെ അളവു കൂടിയാൽ യൂറിക് ആസിഡ് വർധിക്കുന്നതുൾപ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം.

എന്നുവച്ച് നോൺ–വെജ് തീർത്തും ഒഴിവാക്കണമെന്നല്ല ഇവിടെ പറയുന്നത്. അമിതമാകരുതെന്നു മാത്രം. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, വൈറ്റമിൻ ബി, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് മാംസഭക്ഷണങ്ങൾ. ഇത് പേശികളെ ബലപ്പെടുത്തുകയും അവ പെട്ടെന്നു വളരാൻ സഹായിക്കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പും ധാതുക്കളും എസൻഷ്യൽ അമിനോ ആസിഡുകളും ഇവയിലുണ്ട്. വീട്ടിലോ പുറത്തോ നിന്ന് മാംസഭക്ഷണം കഴിക്കുമ്പോൾ ധാരാളം പച്ചക്കറികളും കൂടെ കഴിക്കാൻ ശ്രദ്ധിക്കുക. 

English summary: Side Effects of Eating Nov Veg food for dinner; Healthy food Habits

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com