sections
MORE

കാമുകനു നഗ്നസെൽഫി കൈമാറി കെണിയിൽ പെട്ടവൾ; സൈക്യാട്രിസ്റ്റ് പറയുന്നു

girl-trapped
SHARE

ഒരു പെൺകുട്ടിയുടെ അച്ഛൻ ഇങ്ങനെ എഴുതുന്നു. ‘‘ഒരു കാലിനു ശോഷിപ്പുള്ളതുകൊണ്ട് നടക്കാൻ ഒരൽപ്പം വിഷമമുള്ളവളാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൾ എന്നെ ആരും ഇഷ്ടപ്പെടില്ലെന്നൊക്കെ പറയുമായിരുന്നു. നന്നായി പഠിക്കും. അടുത്ത കാലത്ത് അവൾ വല്ലാതെ പേടിച്ച പോലെയുള്ള പെരുമാറ്റം കാണിച്ചു. ഒത്തിരി ചോദിച്ചപ്പോഴാണ് അവൾ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നു പറഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്യുകയും നഗ്നസെൽഫികൾ കൈമാറുകയും  ചെയ്തു. അയാളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ  ആ ഫോട്ടോകൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഞങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്’’.

ഇതൊരു വലിയ പ്രതിസന്ധി തന്നെയാണ്. പക്ഷേ, നേരിടാതെ നിവൃത്തിയില്ല. ആരും ഇഷ്ടപ്പെടില്ലെന്ന അപകർഷതാ ബോധത്തെ സമർത്ഥമായി ചൂഷണം ചെയ്താണ് ഈ യുവാവ് ഈ പാവം കുട്ടിയുടെ വിശ്വാസം നേടിയത്. വിധേയത്വം ഉറപ്പിച്ചതും. ഇതൊക്കെ തിരിച്ചറിയാനുള്ള പക്വത പതിനഞ്ചു വയസ്സുകാരിക്കില്ലെന്നതും അയാൾക്ക് അനുകൂല ഘടകമായിട്ടുണ്ട്. മോശപ്പെട്ട ചിത്രങ്ങൾ കൈമാറുവാൻ പോന്ന വിധത്തിലുള്ള ലൈംഗിക വർത്തമാനങ്ങളിലേക്ക് അയാൾ നയിച്ചിട്ടുണ്ടാകും. ഇതൊക്കെ പ്രണയ ബന്ധത്തിൽ സാധാരണമെന്ന് വിശ്വസിപ്പിച്ചിട്ടുണ്ടാകും. വിസമ്മതം പറഞ്ഞപ്പോൾ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും. അവൾ ചെയ്തതും തെറ്റാണ്. പക്ഷേ, ഈ സന്ദർഭത്തിൽ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഒപ്പം നിൽക്കുകയും മാനസിക പിന്തുണ നൽകി ശക്തിയുള്ള വ്യക്തിത്വമായി വളർന്നു വരാനുള്ള പ്രേരണ നൽകുകയുമാണു വേണ്ടത്. മാതാപിതാക്കൾ അവരുടെ വിഷമത്തെ മറികടക്കണം. ശാന്തമായി ഈ പ്രശ്നം കൈകാര്യം ചെയ്യണം. 

ചൂഷകനെ നേരിടുകതന്നെ ചെയ്യണം. ഉത്തരവാദിത്തപ്പെട്ട നീതി നിർവഹണ സംവിധാനത്തെ സമീപിക്കാൻ മടിക്കരുത്. മറ്റുള്ളവർ അറിയുമെന്ന വിചാരത്തിൽ പിൻവലിഞ്ഞു നിൽക്കരുത് കുട്ടിയുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് പൊലീസിന്റെ കടമയാണ് പരാതിപ്പെടാത്തത് ഇവന് ശക്തി പകരും. നാളെ മറ്റൊരു പെൺകുട്ടിയെ വലയിലാക്കിയെന്ന് വരും. ശക്തമായി പ്രതിരോധം ഉണ്ടാകുമെന്ന് അറിയുമ്പോൾ ചൂഷകൻ പത്തി മടക്കും. 

ന്യൂനതകളെയും പരാധീനതകളെയും അതിജീവിച്ചും മറ്റു കഴിവുകളിൽ മനസ്സ് കേന്ദ്രീകരിച്ചും അവനവനിലുള്ള മതിപ്പ് നില നിർത്താൻ നേരിയ ശാരീരിക പരാധീനതയുള്ള ഈ കുട്ടിയെ ശീലിപ്പിക്കണം. ഇതുമൂലം ആരും ഇഷ്ടപ്പെടില്ലെന്ന ചിന്ത വന്നാൽ, കപട സ്നേഹം കാട്ടുന്നവരുടെ കെണിയിൽ ഇനിയും പെട്ടുവെന്ന് വരും. 

കുട്ടികൾ അവരുടെ ഇഷ്ടങ്ങളും പ്രണയങ്ങളും മാതാപിതാക്കളോട് തുറന്ന് ചർച്ച ചെയ്യണം. ഇത്തരം ഭീഷണികൾ ഉണ്ടാകുമ്പോൾ അത് സ്വയം പരിഹരിക്കാനുള്ള പരിചയം ഇല്ലെന്നും മനസ്സിലാക്കണം. ഇതൊക്കെ സംഭവിക്കാനിടയുള്ള വല്ലാത്ത കാലമെന്ന അറിവ് അവർക്കും വേണം. വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും മറ്റ് ഓണ്‍ലൈൻ ഇടപെടലുകളിലും പാലിക്കേണ്ട സുരക്ഷകളെക്കുറിച്ചുള്ള ബോധവൽക്കരണങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. ഇതുപോലെയുള്ള അപകടങ്ങൾ സംഭവിച്ച ശേഷം അവനെ വിശ്വസിച്ചു പോയെന്നും പെട്ട് പോയെന്നും വിലപിച്ചിട്ടു കാര്യമില്ല. 

നഗ്ന സെൽഫികൾ ഓൺലൈനിൽ കൈമാറുന്നത്, പൊതു ഇടത്തിൽ എല്ലാവരുടെയും മുമ്പിൽ അങ്ങനെ നിൽക്കുന്നതിനു തുല്യമാണ്. ലൈംഗിക ലക്ഷ്യത്തിനു പ്രാമുഖ്യമുള്ളപ്പോഴാണ് ഇത്തരം ആവശ്യങ്ങൾ ഉയരുന്നത്. ഇത് സാധ്യമല്ലെന്നു പറയാനുള്ള തന്റേടം പെൺകുട്ടികൾക്കുണ്ടാകണം. ബന്ധം ഉലയുമ്പോൾ ഈ ഫോട്ടോകൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്ന് ആർക്കും പറയാൻ പറ്റില്ല. ഇഷ്ടം ഉപേക്ഷിക്കുമെന്ന് പറഞ്ഞു സമ്മർദ്ദം ചെലുത്തിയാൽ അങ്ങനെയാകട്ടെയെന്നുതന്നെ പറയണം. ഈ ഒരു മോഹം നിറവേറ്റിയില്ലെങ്കിൽ വിട്ടു പോകുന്നവന്റെ മനസ്സ് നല്ലതല്ലെന്ന് ഓർക്കണം. ഇത്തരം ഫോട്ടോകൾ കൈവശം വന്നതോടെ  ഈ പെൺകുട്ടിയുടെ കാമുകന്റെ നിറം മാറിയത്  മറക്കാതിരിക്കുക. ജാഗ്രത പാലിച്ചാൽ ദുഃഖിക്കേണ്ടി വരില്ല. 

English summary: Cheated on by lover, psychiatrist says

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA