ADVERTISEMENT

സ്കൂൾ വളപ്പിലും 50 മീറ്റർ ചുറ്റളവിലും ജങ്ക് ഫുഡ് വിൽപനയും പരസ്യവും നിരോധിക്കാനുള്ള ശുപാർശ ഏറെ ആശ്വാസ്യകരമാണെന്നു പറയാതെ വയ്യ. കൊച്ചി ആസ്‌ഥാനമായുള്ള മീഡിയ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ കാലറി കൂടിയ ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗം മൂലം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായതായി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്‌ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ചായിരുന്നു പഠനം. 

കുട്ടികളുടെ ഉയരവും ശരീരഭാരവും അളന്ന് അനുപാതം കണക്കാക്കിയായിരുന്നു പഠനം. ഫാസ്‌റ്റ് ഫുഡ് സംസ്‌കാരം വേഗം പടർന്നുപിടിക്കുന്ന നഗരങ്ങളിൽ വസിക്കുന്ന കുട്ടികളിലാണു പൊണ്ണത്തടി ഏറെയും കണ്ടെത്തിയത്. ഗ്രാമീണ മേഖലകളിലെ കുട്ടികളിൽ നഗരങ്ങളിൽ ജീവിക്കുന്ന കുട്ടികളെ അപേക്ഷിച്ച് പൊതുവെ പൊണ്ണത്തടി കുറവാണെന്നു പഠനത്തിൽ കണ്ടെത്തി. കൊല്ലം മെഡിട്രീന ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്‌റ്റ് ഡോ. എൻ പ്രതാപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നുപഠന റിപ്പോർട്ട് തയാറാക്കിയത്.  കുട്ടികളിൽ 70 ശതമാനത്തോളം പ്രഭാത ഭക്ഷണം ഒഴിവാക്കിയോ വേണ്ടത്ര കഴിക്കാതെയോ ആണ് ട്യൂഷനായും സ്‌കൂൾ ബസിനായും ഓടുന്നതെന്നാണ് പഠനത്തിൽ വ്യക്‌തമാക്കുന്നത്. കുട്ടികളിൽ ഭൂരിഭാഗവും 30–35 വയസ്സാകുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും.

10–15 വയസ്സിൽത്തന്നെ രക്‌തസമ്മർദവും കൊളസ്‌ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു. കുട്ടികളിൽ മലബന്ധം വ്യാപക ആരോഗ്യപ്രശ്‌നമാണ്. കായികമായ കളികളില്ല, വ്യായാമമില്ല. ചെറുപ്രായത്തിൽ തന്നെ വിവിധതരം സന്ധിവേദനകൾ വ്യാപകം. കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാൻസറും ഹൃദ്രോഗവും കരൾവീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നു.

മൂന്നുവയസ്സുള്ള കുട്ടികൾ മുതൽ സ്‌കൂൾ ബാഗായി ചുമക്കുന്നത് അമിതഭാരം. തോൾ, നട്ടെല്ല് വേദനയുടെ അടിസ്‌ഥാന കാരണം ഭാരിച്ച ബാഗുകൾ.

സൗജന്യ പ്രതിരോധ കുത്തിവയ്‌പ് 100% കുട്ടികളിലേക്ക് എത്തുന്നില്ല. ഇതുമൂലം പല ഗുരുതര രോഗങ്ങളും കുട്ടികളെ കീഴ്‌പ്പെടുത്തുന്നു. കുട്ടികളിൽ ഭൂരിപക്ഷവും ടിവിക്കും മൊബൈലിനും മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾക്കും അടിമകളാണ്. ഇതുമൂലം കാഴ്‌ചത്തകരാറുകളാൽ കണ്ണടവയ്‌ക്കേണ്ടിവരുന്ന കുട്ടികളുടെ എണ്ണം പതിൻമടങ്ങായി.

ജങ്ക് ഫുഡ്

കാലറി (ഊർജം) ആവശ്യത്തിലേറെയുള്ളതും എന്നാൽ കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ധാതുലവണങ്ങളും പോഷകങ്ങളും തീരെ കുറഞ്ഞ ഭക്ഷണ സാധനങ്ങളെയാണ് ജങ്ക് ഫുഡ് എന്നു പറയുന്നത്. മാത്രവുമല്ല, ഇത്തരം ആഹാരസാധനങ്ങളിൽ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അമിതമായ അളവിലുണ്ടാവും. ഇത്തരം ആഹാരം ശീലമാക്കിയവരിൽ ഹൃദ്രോഗ സാധ്യത 80% കൂടുതലാണെന്നു വിവിധ പഠനങ്ങൾ വ്യക്‌തമാക്കുന്നു. ഇത്തരക്കാർക്ക് കാൻസർ സാധ്യതയും ഏറെയാണ്. 

ജങ്ക്ഫുഡ് ഇനത്തിൽ വിലക്കേർപ്പെടുത്തിയിരിക്കുന്ന ഭക്ഷണങ്ങൾ

∙ ഫ്രഞ്ച് ഫ്രൈസ്

∙പൊട്ടറ്റോ ചിപ്സ്

∙ കോളകൾ, കൃത്രിമ പാനീയങ്ങൾ

∙ വൈറ്റ് ബ്രെഡ്

∙ പാക്ക് ചെയ്ത സൂപ്പ്

∙ പാക്കറ്റ് ഭക്ഷണം (റെ‍ഡി ടു ഈറ്റ്)

∙ നൂഡിൽസ്

∙ ബർഗർ

∙ പീത്സ, പഫ്സ്, മീറ്റ് റോൾ

∙ ഐസ്ക്രീം, മിഠായി, ചോക്‌ലേറ്റ്, മധുരപലഹാരങ്ങൾ

English summary: How Junk Food Affects Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com