ADVERTISEMENT

ശബരിമല തീർഥാടന കാലം ആരംഭിച്ചതോടെ ഭക്തലക്ഷങ്ങൾ മല ചവിട്ടാൻ തയാറായിക്കഴിഞ്ഞു. കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും കയറിവേണം സന്നിധാനത്ത് എത്താൻ. മല കയറുന്നതിനിടെ ഹൃദയാഘാതം വന്നു മരിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 62 ദിവസം നീണ്ടു നിന്ന തീർഥാടനകാലത്ത് ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം 37 ആണ്. ഹൃദയാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ ഒഴിവാക്കാനും ഹൃദയാഘാതം ഉണ്ടായാൽ നേരിടാനും എന്തു ചെയ്യണമെന്ന് അറിഞ്ഞിരുന്നാൽ ജീവൻ രക്ഷിക്കാനും തീർഥാടനം സുഗമമാക്കാനും സഹായിക്കും. 

തീർഥാടനം തുടങ്ങും മുമ്പ്

∙45 വയസ്സിനു മേൽ പ്രായമുള്ളവർ, മുൻപു ഹൃദയാഘാതം വന്നിട്ടുള്ളവർ, ഹൃദയാഘാത സാധ്യത കൂടുതലുള്ളവർ – കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയാഘാതം വന്നിട്ടുണ്ടെങ്കിൽ, പ്രമേഹമുള്ളവർ, ഉയർന്ന ബിപി ഉള്ളവർ, അമിതവണ്ണമുള്ളവർ –  തുടങ്ങിയവർ തീർഥാടനത്തിനു മുമ്പ് മെഡിക്കൽ ചെക്ക് അപ്പ് നടത്തി ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ വിലയിരുത്തണം. 

∙വ്യായാമം ഒട്ടും ചെയ്യാത്തവരും ആസ്മ പോലുള്ള ശ്വാസകോശ രോഗമുള്ളവരും രണ്ടുമാസം മുൻപു മുതൽ ദിവസവും നാൽപത് മിനിറ്റ് വേഗത്തില്‍ നടക്കുകയാണെങ്കിൽ അവരുടെ ഹൃദയാരോഗ്യവും ശ്വാസകോശത്തിന്റെ ശേഷിയും വർധിക്കും. ഇത് മല ചവിട്ടുന്നതിന് മുതൽക്കൂട്ടാവും. 

∙ദിവസവും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നിർത്തരുത്.

∙രാവിലെയോ വൈകിട്ടോ മലകയറുന്നതായിരിക്കും നല്ലത്. 

∙മല കയറുന്നതിന് തൊട്ടുമുന്‍പ് ആഹാരം കഴിക്കരുത്. കഴിക്കേണ്ടിവന്നാൽ വളരെ ലഘുവായി മാത്രം കഴിക്കുക. വയറുനിറയെ ആഹാരം കഴിച്ച് ഉടനെ മല കയറിയാൽ ഹൃദയാഘാത സാധ്യത വർധിക്കുന്നു. 

∙പ്രമേഹമുള്ളവർ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാതെ നോക്കണം. ലക്ഷണങ്ങൾ ഉണ്ടായാൽ ഗ്ലൂക്കോസ് കഴിക്കുക.

മല കയറുമ്പോൾ

∙ സാവധാനം കയറുക. വളരെ വേഗത്തിൽ കുട്ടികൾ ഓടിക്കയറുന്നതുപോലെ പാടില്ല. കുറച്ചു ദൂരം പിന്നിടുമ്പോൾ അൽപം വിശ്രമം എടുക്കണം. അത് ഹൃദയത്തിനും സാവകാശം നൽകും. വേഗത്തിൽ കയറിയാൽ അത് ഹൃദയത്തെ സമ്മർദത്തിലാക്കും. ഹൃദയം കൂടുതൽ പ്രവർത്തിച്ച് കാലിലേക്ക് കൂടുതല്‍ രക്തം നൽകേണ്ടി വരും. 

∙ മല കയറുമ്പോൾ നിർജ്ജലീകരണം ഉണ്ടാവാതെ നോക്കണം. ധാരാളം വെള്ളം കുടിക്കാം.

∙ ആസ്മയുള്ളവരും മറ്റും ആവശ്യമെങ്കിൽ ഓക്സിജൻ പാർലർ ഉപയോഗപ്പെടുത്തണം.

നെഞ്ചുവേദന വന്നാൽ

മല കയറുമ്പോൾ നെഞ്ചുവേദന, വിമ്മിഷ്ടം, ശ്വാസംമുട്ടൽ, അമിതക്ഷീണം, തലകറക്കം, അമിത വിയർപ്പ് തുടങ്ങിയ ഹൃദയാഘാത ലക്ഷണങ്ങളിലേതെങ്കിലും ഉണ്ടായാൽ അവിടെത്തന്നെ വിശ്രമിച്ചിട്ട് സഹായം ആവശ്യപ്പെടുക. ട്രോളിയിലോ സ്ട്രെച്ചറിലോ രോഗിയെ ഹൃദയ ചികിത്സാസൗകര്യം ഒരുക്കിയിട്ടുള്ള കാർഡിയാക് സെന്ററിലെത്തിക്കുക. യാതൊരു കാരണവശാലും വീണ്ടും മല ചവിട്ടരുത്.

English summary: Health tips for Sabarimala pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com