ADVERTISEMENT

നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ് ആയുര്‍വേദം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ഭാരതീയര്‍ ആയുര്‍വേദമരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ആയുര്‍വേദവിധിപ്രകാരമുള്ള ചികിത്സകളും മറ്റും പണ്ട് മുതലേ ഭാരതീയര്‍ക്ക് ഇടയില്‍ നിലനിന്നിരുന്നു. ആരോഗ്യത്തിന് ഏറ്റവും മികച്ച പല വഴികളും ആയുര്‍വേദം പറയുന്നുണ്ട്. പ്രകൃതിദത്തമായ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജലത്തിന് രോഗം ശമിപ്പിക്കാന്‍ സാധിക്കും എന്നാണ് ആയുര്‍വേദം പറയുന്നത്. എന്നാല്‍ അത് വേണ്ട പോലെ ഉപയോഗിക്കണം എന്നു മാത്രം. ചിലതരം സസ്യങ്ങള്‍ ചേര്‍ത്തു വെള്ളം കുടിച്ചാല്‍ അത് രോഗപ്രതിരോധശേഷി കൂട്ടുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുമെന്ന് ആയുര്‍വേദം പറയുന്നു. അത്തരം ചില വിദ്യകള്‍ ഇതാ.

ത്രിഫല - സര്‍വരോഗസംഹാരിയാണ് ത്രിഫല. മൂന്ന് ഔഷധസസ്യങ്ങളുടെ കൂട്ടാണ് ത്രിഫല. അമലകി ( എംബ്ലിക ഓഫിസിനാലിസ്)​ ഹരിതകി ( ടെർമിനാലിയ ഷെബുല), ഭീബിതകി ( ടെർമിനാലിയ ബാലേറിയ)​ എന്നിവയാണവ. ലോകമെമ്പാടും ആയുർവേദ ഡോക്ടർമാർ ഏത് രോഗത്തിനും പ്രതിവിധിയായി പറയുന്ന ഔഷധമാണ് ത്രിഫല. ആയുർവേദ ഔഷധങ്ങളെക്കുറിച്ച് പറയുന്ന പ്രസിദ്ധ ഗ്രന്ഥമായ ചരകസംഹിതയുടെ ആദ്യ അധ്യായത്തിൽത്തന്നെ ത്രിഫലയെക്കുറിച്ച് പറയുന്നുണ്ട്. അമലകി, ഹരിതകി, ഭിബിതകി എന്നിവയുടെ ചേരുവയിലൂടെയുണ്ടാവുന്ന ഈ ദിവ്യമായ ഔഷധക്കൂട്ടിന് ഏത് അസുഖത്തെയും മാറ്റാനുളള സിദ്ധിയുണ്ട്.

ത്രിഫല വെള്ളത്തില്‍ ചേര്‍ത്തു കുടിച്ചാല്‍ അത് ദഹനത്തെയും ഹൃദയത്തിന്റെ ആരോഗ്യത്തെയും കാക്കും. രാത്രിയില്‍ ഒരു സ്പൂണ്‍ ത്രിഫല വെള്ളത്തില്‍ ചേര്‍ത്തു രാവിലെ ആ വെള്ളം കുടിക്കുകയാണ് വേണ്ടത്. 

ഉലുവ - നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഗൃഹൗഷധി കൂടിയാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉലുവയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നവയാണ്. ഇതിന് ചെറിയ കയ്പുണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ കലവറ കൂടിയാണ്. അൽപ്പം കയ്പ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ഉലുവ മുന്നിലുണ്ട്. പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ ഉലുവ തലേ നാള്‍ വെള്ളത്തിലിട്ട ശേഷം രാവിലെ ആ വെള്ളം കുടിക്കുക.

തുളസി - ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. ആയുര്‍വേദത്തില്‍ പ്രഥമസ്ഥാനീയമാണ് തുളസിക്ക്. ആന്റി ബയോടിക്ക്, ആന്റി ബാക്ടീരിയല്‍ ഫലങ്ങള്‍ ആണ് തുളസിക്ക്. പനി, ചുമ , ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാന്‍ തുളസി നല്ലതാണ്. രക്തം ശുദ്ധീകരിക്കാന്‍ വരെ തുളസിക്ക് കഴിവുണ്ട്. തുളസിയില ഇട്ട വെള്ളം അതിനാല്‍ സ്ഥിരമായി കുടിക്കുക.

കറുവപ്പട്ട- അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമായ കറുവപ്പട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ഇവയില്‍ ധാരാളമുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് പാലില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിച്ചിട്ട് ഉറങ്ങിയാല്‍ ഏറെ നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട കേമനാണ്. പ്രായഭേദമന്യേ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ആന്റി വൈറല്‍ ആയും ഇത് പ്രവര്‍ത്തിക്കുന്നു.

ഉണങ്ങിയ ഇഞ്ചി - ഔഷധഗുണം ഏറെയുള്ള ഒന്നാണ് ഇഞ്ചി. ഇഞ്ചി ഉണക്കി അത് ആഹാരത്തിനു ശേഷം പൊടിച്ചു കഴിച്ചാല്‍ ദഹനത്തിന് അതേറെ സഹായകമാണ്.

മല്ലി - ആന്റിഓക്സിഡന്റ് ആണ് മല്ലി. ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാനും പ്രമേഹത്തെ തടയാനും  ഏറ്റവും മികച്ച സാധനമാണ്. മല്ലി വെള്ളത്തില്‍ കുതിര്‍ത്തു ആ വെള്ളം കുടിക്കുന്നത് ദഹനക്കേടിനും പ്രതിരോധശേഷി കൂട്ടാനും കാരണമാകും. 

English Summary: Stay fit the Ayurvedic way by including herb and spice infused water in your diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com