ADVERTISEMENT

കാണുന്നവരിലെല്ലാം തെല്ലൊരസൂയ ജനിപ്പിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറും മക്കളും. നാലു പെൺമക്കളോടൊപ്പമുള്ള കൃഷ്ണകുമാറിനെ കണ്ടാൽ ശരിക്കും അച്ഛന് ഇത്രയും പ്രായക്കുറവോ എന്ന സംശയവും തോന്നാം. 26–ാമത്തെ വയസ്സിലാണ് മൂത്ത മകൾ അമ്മു എന്നു വിളിക്കുന്ന അഹാന ഉണ്ടായത്. അവളെ വളർത്തിയാണ് പേരന്റിങ്ങിന്റെ ഓരോ കാര്യങ്ങളും തങ്ങൾ മനസ്സിലാക്കിയതെന്നു കൃഷ്ണകുമാർ പറയുന്നു. അച്ഛനെ ചേട്ടാ എന്നായിരുന്നു അമ്മു വിളിച്ചിരുന്നത്. അത് മറ്റാന്നും കൊണ്ടല്ല വീടിനടുത്തുള്ളവർ ചേട്ടാ എന്നു വിളിക്കുന്നതു കേട്ടാണ് അമ്മുവും അങ്ങനെ വിളിച്ചു തുടങ്ങിയത്. മാത്രമല്ല ഈ ഡിസംബർ ലക്കം ആരോഗ്യം മാഗസിനിൽ കവർഫോട്ടായായി വന്നത് കൃഷ്ണകുമാറും നാലുമക്കളുമായിരുന്നു. ഈ കവർഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ അഹാന അച്ഛനെ വിശേഷിപ്പിച്ചതും 'ബ്രദർ' എന്നായിരുന്നു, അച്ഛനെയാണ് ബ്രദർ എന്നു പറഞ്ഞിരിക്കുന്നതെന്നും പോസ്റ്റിൽ അഹാന സൂചിപ്പിച്ചു.

നാലു മക്കളിലെയും വ്യത്യസ്ത സ്വഭാവങ്ങളെ അച്ഛന്റെ കണ്ണിലൂടെ കൃഷ്ണകുമാറും അച്ഛനിലെ പോസിറ്റീവും നെഗറ്റീവുമായ ഓരോ കാര്യം മക്കളായ അഹാന, ദിയ, ഇഷാനി ഹൻസിക എന്നിവരും മനോരമ ഓൺലൈനു വേണ്ടി പങ്കുവയ്ക്കുന്നു.

അച്ഛന്റെ കണ്ണിലൂടെ മക്കൾ

 അമ്മു എന്ന അഹാന

ahaana

അഹാനയെ ഒറ്റ വാക്കിൽ പറഞ്ഞാൽ ധൈര്യം. ബാക്കിയുള്ളവരെ അഹാനയുടെ കൂടെ എവിടെ വേണമെങ്കിലും വിടാം. പിന്നെ അതോർത്ത് ടെൻഷനടിക്കേണ്ട ആവശ്യമേ ഇല്ല. അത്രയും കരുതലോടെ ബാക്കിയുള്ളവരെ നോക്കിക്കോളും. ഒരു കാര്യം അമ്മുവിനെ ഏൽപിച്ചാൽ ഒരു ധൈര്യമാണ്, അതു നടന്നിരിക്കും. അവൾ കൂടെയുണ്ടെങ്കിൽ മറ്റുള്ളവർക്കും ധൈര്യമാണ്.

ഓസി എന്ന ദിയ

diya

ദിയ എന്നാൽ സന്തോഷം. അവൾ വീട്ടിൽ ഉണ്ടെങ്കിൽ ഒരു സന്തോഷം പടരും. ഒരു പ്രസരിപ്പ്– ചിരിയും ബഹളവും ശബ്ദവും ഒക്കെയായി സന്തോഷമാണ്. അവളുണ്ടെങ്കിൽ ബാക്കിയുള്ളവരും അതുപോലെ ആക്ടീവായിരിക്കും.

ബിത്തു എന്ന ഇഷാനി

ishani

ഇഷാനി എന്നാൽ കൃത്യനിഷ്ഠ. അതായത് അവളെ ഏതെങ്കിലും കാര്യങ്ങൾ ഏൽപിച്ചിട്ടു പോയാൽ ഒന്നു പോലും തെറ്റാതെ കൃത്യമായി ചെയ്തിരിക്കും. അതിനാൽത്തന്നെ ഞങ്ങൾ പുറത്തു പോകുമ്പോൾ വീട്ടിൽ എന്തെങ്കിലുമൊക്കെ ചെയ്യേണ്ട കാര്യങ്ങൾ ബിത്തുവിനെയാണ് ഏൽപ്പിക്കാറ്. ഞങ്ങൾ തിരിച്ചുവരുന്നതിനു മുൻപ് അതെല്ലാം അവൾ കൃത്യമായി ചെയ്തിട്ടുമുണ്ടാകും.

ഹാൻസു എന്ന ഹൻസിക

-hansu

വീടിന്റെ ഒരു ചെറുപ്പമാണ് ഹൻസിക. നമ്മുടെയൊക്കെ ഒരു കുട്ടിത്തം നമുക്ക് ഫീൽ ചെയ്യുന്നത് ഹാൻസുവിലൂടെയാണ്. വീടിനെ ചെറുപ്പമാക്കി നിർത്തുന്നത് ഹൻസികയാണ്.

അച്ഛന്റെ ഗുണവും ദോഷവുമായി മക്കൾ

അഹാന

എന്തു കാര്യമാണെങ്കിലും ശരി അച്ഛനോടു പറഞ്ഞാൽ 'െയസ്' എന്ന മറുപടിയേ അച്ഛൻ നൽകാറുള്ളു. അതിനെന്താ അങ്ങനെ ചെയ്തോളൂ, അല്ലെങ്കിൽ നമുക്കു ചെയ്യാലോ, കുറച്ചു പ്രയാസമുള്ള കാര്യമാണെങ്കിലും ലഭിക്കുന്ന പോസിറ്റീവായിട്ടുള്ള മറുപടി നമുക്ക് കൂടുതൽ പ്രചോദനവും ഉൽസാഹവുമൊക്കെ ഉണ്ടാക്കും. എന്തിലും ഒരു പോസിറ്റിവിറ്റി കാണാനും അച്ഛനു സാധിക്കും. പക്ഷേ, ചില സമയത്ത് അച്ഛൻ ദേഷ്യപ്പെടുന്നതു കാണുമ്പോൾ തോന്നും ഈ അച്ഛന് എന്താ സംഭവിച്ചെ, ഇങ്ങനെ ദേഷ്യപ്പെടാൻ എന്താ ഉണ്ടായെ എന്നു തോന്നാറുണ്ട്. ഇതാണ് അച്ഛന്റെ സ്വഭാവത്തിൽ ഒരു ബാഡ് ക്വാളിറ്റിയായി തോന്നിയിട്ടുള്ളത്.

krishnakumar1
ഫോട്ടോ: ശ്യാംബാബു

ദിയ

ഇപ്പോൾ മക്കൾ നമ്മൾ നാലു പേരുണ്ട്. നാലു പേർക്കും നല്ലതും ചീത്തയുമായ സ്വഭാവ വിശേഷങ്ങളുമുണ്ട്. പക്ഷേ ഒരിക്കൽപ്പോലും നമ്മളെ നാലു പേരെയും അച്ഛൻ താരതമ്യം ചെയ്യാറില്ല. ഇപ്പോൾ ചേച്ചിക്ക് (അഹാന) ആ ക്വാളിറ്റി ഉണ്ടല്ലോ അതെന്തുകൊണ്ട് നിനക്കില്ല, അല്ലെങ്കിൽ എനിക്കുള്ള ഒരു ക്വാളിറ്റി എന്തുകൊണ്ട് ഇഷാനിക്ക് ഇല്ല എന്ന രീതിയിൽ ഇതുവരെ അച്ഛൻ ചോദിച്ചിട്ടില്ല. ഓരോരുത്തർക്കും ഓരോരോ ഗുണങ്ങളുണ്ട്. അത് ആസ്വദിക്കുന്ന ഒരാളാണ് അച്ഛൻ. ചേച്ചി എല്ലാവർക്കും ഒരു ധൈര്യമാണെങ്കിൽ ഞാൻ എല്ലാവരേയും ചിരിപ്പിക്കുകയും ഡാൻസിനൊക്കെ മുന്നിട്ടിറങ്ങുകയുമൊക്കെ ചെയ്യുന്ന ഒരാളാണ്. നമ്മുടെ ഓരോ ഗുണങ്ങളും അച്ഛൻ എടുത്തു പറയാറുണ്ട്. അതനുസരിച്ചാണ് അച്ഛൻ കാര്യങ്ങളൊക്കെ ഏൽപ്പിക്കുന്നതും. ഒരു ബാഡ് ക്വാളിറ്റി പറയണമെന്നുണ്ടെങ്കിൽ എനിക്കു പറയാനുള്ളത് കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് ദേഷ്യം വരുന്നതാണ്. ദേഷ്യപ്പെട്ട് കുറച്ചു കഴിഞ്ഞ് ദേഷ്യപ്പെടണ്ടായിരുന്നെന്നു പറഞ്ഞ് റിഗ്രറ്റ് ചെയ്യാറുമുണ്ട്. പെട്ടെന്നു ദേഷ്യം വരുന്ന ഒരാളായതുകൊണ്ടുതന്നെ ചില സമയത്ത് അനാവശ്യമായി ദേഷ്യം വരാറുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. വീട്ടിനുള്ളിലൊക്കെയേ ഇതുള്ളു. ചിലപ്പോൾ ഒന്നും നേടാനില്ലാതെ വെറുതെ ദേഷ്യം കാണിക്കാറുണ്ട്. പക്ഷേ വീടിനു പുറത്ത് ഇങ്ങനെയൊന്നും കാണിക്കാറില്ല. എന്തെങ്കിലും പറയണമെങ്കിൽ രഹസ്യമായി മാറ്റിനിർത്തി പറയുകയേ ഉള്ളു. 

ഇഷാനി

എന്തെങ്കിലും മോശം കാര്യം ചെയ്യുകയോ പറയുകയോ ചെയ്താൽ ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽവച്ച് വഴക്കു പറയുകയോ നാണം കെടുത്തുയോ ചെയ്യില്ല എന്നതാണ് ഞാൻ അച്ഛനിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല ഗുണം. ഞങ്ങളുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ വെറുതേ തല ഇട്ട് ഇറിറേറ്റ് ചെയ്യിക്കുന്നതാണ് അച്ഛനിൽ ഇഷ്ടമില്ലാത്ത ഒരു കാര്യം. 

ahaana-sisters

ഹൻസിക

ഞാനിപ്പോൾ എന്തെങ്കിലും പുതുതായി പഠിക്കണമെന്നോ, എനിക്കേതെങ്കിലും ക്ലാസിനു ചേരണമെന്നോ എന്തെങ്കിലും വേണമെന്നോ ഒക്കെ പറയുമ്പോൾ അച്ഛൻ സമ്മതമേ നൽകാറുള്ളു. മാത്രമല്ല വേണ്ട പ്രോത്സാഹനവും അച്ഛൻ നൽകും. അച്ഛന്റെ ഈ പ്രോത്സാഹനം എനിക്കൊരു വലിയ പ്രചോദനമാണ്. ഇങ്ങനെയാണെങ്കിലും ചില സമയങ്ങളിൽ കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്ക് ദേഷ്യം കാണിക്കുന്ന അച്ഛനെയും ഞാൻ വീട്ടിൽ കാണാറുണ്ട്. അച്ഛന്റെ ആ സ്വഭാവം ഒന്നു മാറ്റി നിർത്തിയാൽ നൂറു ശതമാനവും പെർഫെക്ടാണ് എനിക്ക് അച്ഛൻ.

English Summary: Krishnakumar and daughters chit chat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com