ADVERTISEMENT

പുതിയ വർഷം പിറക്കുമ്പോഴേ ചില തീരുമാനങ്ങൾ എടുക്കുന്നവർ നിരവധിയാണ്. എല്ലാം ഒന്നാം തീയതി മുതൽ ഒന്നിൽ നിന്നു തുടങ്ങിക്കളയാം എന്നു കരുതും. ചിലർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കും. എന്നാൽ മറ്റ് ചിലരാകട്ടെ ആദ്യ കുറച്ചു ദിവസത്തെ ആവേശം കഴിയുമ്പോൾ പഴയപടിയാകും. ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് നിലനിർത്താനും തീരുമാനിച്ചവർക്കായി 2020 ൽ പോഷകാഹാരവിദഗ്ധർ നിർദേശിച്ച മികച്ച 20 ടിപ്സ് ഇതാ.

1. വെള്ളം കുടിക്കാം – ദിവസവും മൂന്ന് ലീറ്റർ എങ്കിലും വെള്ളം കുടിക്കുക.

2. ഉറക്കം – ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ദിവസവും 7–9 മണിക്കൂര്‍ വരെ ഉറങ്ങണം. 

3. സ്ക്രീൻ ടൈം കുറയ്ക്കാം – ടിവി, മൊബൈൽ ഫോൺ, കംപ്യൂട്ടർ ഇവയ്ക്കു മുന്നിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാം. സ്ക്രീൻടൈം കൂടുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. 

4. കൊഴുപ്പ് കുറയ്ക്കാം– ശരീരഭാരത്തിൽ ശ്രദ്ധ കൂടുതൽ കൊടുക്കാതെ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന കൊഴുപ്പിന്റെ അളവിൽ ശ്രദ്ധിക്കാം. കൊഴുപ്പ് കുറയ്ക്കാം. 

5. ഭക്ഷണം– ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കാം സാവകാശം കഴിക്കുക. വിശപ്പിനനുസരിച്ച് മാത്രം കഴിക്കുക. 

6. വായിക്കുന്നതെല്ലാം വിശ്വസിക്കേണ്ട– ഇന്റർനെറ്റ് പകർന്നു തരുന്ന വിവരങ്ങൾ, ഭക്ഷണക്രമത്തെയും വർക്കൗട്ടിനെയും കുറിച്ച് – എല്ലാം എല്ലാവർക്കും പറ്റുന്നത് ആകണമെന്നില്ല.

7. കൃത്യസമയത്ത് തീർക്കാം – വളരെ നീണ്ട കാലത്തേക്ക് ലക്ഷ്യം വയ്ക്കാതെ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കാവുന്ന ലക്ഷ്യങ്ങളാണ് നല്ലത്. 

8. പോസിറ്റീവ് ബോഡി ഇമേജ്– ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതു വഴി ഒരാൾക്ക് തന്റെ ശരീരത്തെപ്പറ്റിയുള്ള നെഗറ്റീവ് ചിന്തയും കൂടിയാണ് മാറുന്നത്. പോസിറ്റീവ് ബോഡി ഇമേജ് ഉണ്ടാകാൻ ധ്യാനം സഹായിക്കും. 

9. ഒഴിവാക്കാം താരതമ്യം– ഓരോരുത്തരുടെയും ഫിറ്റ്നസ് ലെവലും ഉപാപചയനിരക്കും പോഷകങ്ങളുടെ ആവശ്യകതയും വ്യത്യസ്തമാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ തങ്ങളുടെ ലക്ഷ്യം നേടാൻ പരിശ്രമിക്കാം. 

10. ഡയറ്റ് – കാലറി വളരെ കുറഞ്ഞ സ്റ്റാർവേഷൻ ഡയറ്റുകൾ പോലുള്ളവ ഒഴിവാക്കാം. ഇത്തരം ഡയറ്റുകൾ നിർത്തിയാൽ വീണ്ടും ശരീരഭാരം കൂടുന്നതായി കാണാം. 

11. വീട്ടിൽ നിന്നും കഴിക്കാം– വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം ഫ്രഷ് ആണ്. കൂടാതെ പോഷകങ്ങൾ നിറഞ്ഞതുമാണ്. 

12. പ്രോസസ്ഡ് ഫുഡ് വേണ്ട– പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് കുറച്ചാൽ തന്നെ ആരോഗ്യം മികച്ചതാകും. ഊർജ്ജനില വർധിക്കും. 

13. രക്തപരിശോധന – വർഷത്തിൽ ഒരിക്കലോ ആറുമാസം കൂടുമ്പോഴോ രക്തം പരിശോധിക്കാം. എത്രമാത്രം ‘ഫിറ്റ്’ ആണ് ശരീരം എന്നറിയാൻ ഇത് സഹായിക്കും.

14. പ്രകൃതിയോടിണങ്ങി ജീവിക്കാം– നടക്കാനിറങ്ങാം, ട്രക്കിങ്ങിന് പോകാം. ദീർഘദൂര ഓട്ടത്തിൽ പങ്കു ചേരാം. ഇതൊക്കെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും. 

15. കുടുംബത്തോടൊത്ത് സമയം ചെലവഴിക്കാം. ഇത് നിങ്ങളെ മാനസികമായി ഫിറ്റ് ആക്കും. മനസിന് സമാധാനം ലഭിക്കാനും ഇത് സഹായിക്കും. 

16. ഊർജവും ശക്തിയും– ഊർജം ഉണ്ടെങ്കിൽ എന്തും ചെയ്യാൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണരീതിയും പതിവായ വ്യായാമവും നിങ്ങളുടെ സ്റ്റാമിനയും ഊർജവും കൂട്ടും. 

17. കാലറി ശ്രദ്ധിക്കാം– നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി രേഖപ്പെടുത്തി വയ്ക്കാം. അമിതമായുള്ള കാലറി നീക്കാൻ എത്ര വർക്കൗട്ട് ചെയ്യണമെന്നും നോക്കാം. 

18. മുൻഗണന നൽകാം – എളുപ്പത്തിലും പെട്ടെന്നു എത്തിച്ചേരാൻ പറ്റുന്ന ഫിറ്റ്നസ് ലക്ഷ്യങ്ങളിൽ തുടങ്ങാം. പ്രയാസമുള്ളവ പിന്നീട് ലക്ഷ്യം വയ്ക്കാം. ലക്ഷ്യങ്ങൾക്ക് മുൻഗണനാക്രമം നൽകാം. 

19. പ്രതിഫലം – ഫിറ്റ്നസ് ലക്ഷ്യം നേടിയാൽ സ്വയം അഭിനന്ദിക്കാൻ മടിക്കേണ്ട.

20. സമ്മർദം വേണ്ടേ വേണ്ട – നിങ്ങളുടെ ഫിറ്റ്നസിലേക്കുള്ള  ഈ പ്രയാണത്തെ തമാശയോടെ നോക്കിക്കാണാൻ നിങ്ങളുടെ മനസിനെ ശീലിപ്പിക്കുക. ഇത് ഇതേ രീതിയിൽ ചിട്ടയോടെ എന്നും ജീവിക്കാൻ പ്രേരണയാകും. 2020 നിങ്ങൾക്ക് ആരോഗ്യവും ഫിറ്റ്നസും നിറഞ്ഞ ഒരു വർഷം ആകട്ടെ. 

English Summary: 20 Tips to acheive your health and weight loss goals

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com