ADVERTISEMENT

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നിർണായകവും അതിലേറെ അമൂല്യവുമായ ഒരു സംഗതിയാണ് പ്രസവം. 10 മാസം വയറ്റിൽ സുരക്ഷിതമായി കൊണ്ടുനടന്ന കുഞ്ഞാവയെ പുറത്തെത്തിക്കാൻ ഒരമ്മ അനുഭവിക്കുന്ന വേദന അസഹനീയം തന്നെയാണ്. ഈ വേദന സഹിക്കാനുള്ള കഴിവ് ചിലർക്കുണ്ടാകും. എന്നാൽ മറ്റു ചിലർക്ക് ഇതു തീരെ താങ്ങാൻ സാധിച്ചെന്നു വരില്ല. ഇത്തരക്കാർ വളരെ വേഗം ക്ഷീണിക്കുകയും പ്രസവം ചിലപ്പോൾ സങ്കീർണമാകുകയും ചെയ്യും. പ്രസവവേദന കുറയ്ക്കാൻ ശ്വസനം മുതൽ കുത്തിവയ്പ്പു വരെയുള്ള മാർഗങ്ങളുണ്ട്.

റിലാക്സ് ആകാം

ഇഷ്ടമുള്ള പാട്ടുകൾ കേട്ടും ടിവി കണ്ടും പ്രാർഥന ഉരുവിട്ടുമൊക്കെ റിലാക്സ് ആകാൻ ശ്രമിക്കാം. ഇതിലൂടെ മനസ്സ് സ്വസ്ഥമാകും. ശരീരം റിലാക്സ് ചെയ്യുന്നത് പേശീമുറുക്കം തടയും.

ശ്രദ്ധ തിരിക്കാം

പ്രസവമുറിയുടെ ചുമരിലുള്ള ഏതെങ്കിലും ചിത്രത്തിലേക്ക് ശ്രദ്ധ തിരിച്ച് അതിനെക്കുറിച്ച് ആലോചിക്കുക, കണ്ണുകൾ അടച്ച് സന്തോഷകരമായ ഏതെങ്കിലും മുഹൂർത്തങ്ങൾ, സ്കൂൾ കാലത്തു കൂട്ടുകാരുമൊത്തുള്ള ആഘോഷങ്ങൾ തുടങ്ങിയവ ഓർക്കുന്നതിലൂടെ വേദന പതിയെ മറക്കാം. 

ശ്വസനവ്യായാമങ്ങൾ

പ്രസവവേദന കുറയ്ക്കാൻ പലതരം ശ്വസനവ്യായാമങ്ങൾ പരീക്ഷിക്കാം. പതിയെ ദീർഘശ്വാസം എടുക്കുക. ചെറിയ ശക്തി ഉപയോഗിച്ച് കുറഞ്ഞ വേഗത്തിൽ ശ്വാസം പുറത്തേക്കു വിടുക. വേദന തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഈ ശ്വസനരീതി പരിശീലിക്കുക. ഇതുവഴി റിലാക്സ് ആകാമെന്നു മാത്രമല്ല അമ്മയ്ക്കും ഗർഭപാത്രത്തിലെ കുഞ്ഞിനും നല്ല അളവിൽ ഓക്സിജനും ലഭിക്കും.

ഇതുപോലെ പരീക്ഷിക്കാവുന്ന മറ്റൊന്നാണ് മൂക്കിലൂടെ ശ്വാസം എടുത്ത് വായിലൂടെ പുറത്തു വിടുന്നത്. പ്രസവത്തിന്റെ തുടക്കത്തിൽ ഈ ശ്വസനരീതി പരീക്ഷിക്കാം. ക്ഷീണം ഉണ്ടാകാത്തതിനാൽ കഴിയുന്നത്ര ഈ വ്യായാമം ചെയ്യാനും സാധിക്കും. 

കുത്തിവയ്പ്

വേദനയുടെ തുടക്കത്തിൽ ചിലർക്ക് മയങ്ങാനുള്ള കുത്തിവയ്പ് നൽകും. ഈ കുത്തിവയ്പ് കൊണ്ടു പ്രയോജനം ലഭിച്ചില്ലെങ്കിൽ, വേദന ഒട്ടും സഹിക്കാൻ കഴിയാത്തവരാണെങ്കിൽ ആക്ടീവ് ലേബറിന്റെ സമയത്ത് എപ്പിഡ്യൂറൽ കൊടുക്കുകയാണ് പിന്നീടുള്ള പ്രതിവിധി. നട്ടെല്ലിലെ പ്രത്യേകഭാഗത്താണ് ഈ കുത്തിവയ്പ് എടുക്കുന്നത്. എപ്പിഡ്യൂറൽ എടുത്തു കഴിഞ്ഞാൽ പിന്നെ വേദന അനുഭവപ്പെടില്ല. അതിനാൽ ഗർഭിണി റിലാക്സ് ആകും. 

എൻറ്റോനോക്സ്

നൈട്രസ് ഓക്സൈഡിന്റെയും ഓക്സിജന്റെയും മിശ്രിതമായ എൻറ്റോനോക്സ് ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്നു. പെട്ടെന്നു സെർവിക്സ് വികാസം നടക്കുന്നവരിൽ ഇതാണ് ഉചിതം. ഈ ഗ്യാസിന്റെ ഫലം മൂന്നു മിനിറ്റോളം നിലനിൽക്കും. വേദന വരുമ്പോഴാണ് ഇതു ശ്വസിക്കുന്നത്.

എപ്പിസിയോട്ടമി

ഇന്ന് മിക്ക ഗർഭിണികളിലും എപ്പിസിയോട്ടമി ഇടാറുണ്ട്. കുഞ്ഞ് പുറത്തു വരുന്നതു സുഗമമാക്കാൻ യോനിയിൽ വരുത്തുന്ന മുറിവാണിത്. ഈ മുറിവിന്റെ വേദന അറിയാതിരിക്കാൻ യോനിയിൽ ലോക്കൽ അനസ്തേഷ്യ നൽകാറുണ്ട്. 

ഇത്രയുമൊക്കെ മാർഗങ്ങൾ മുന്നിലുള്ളപ്പോൾ പ്രസവവേദനയെക്കുറിച്ച് ആശങ്കപ്പെടാതെ ധൈര്യമായി കൺമണിയെ സ്വീകരിക്കാൻ തയാറായിക്കോളൂ. 

English Summary: Painless Delivery, Painless Labor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com