ADVERTISEMENT

നിങ്ങളുടെ ജീവിത പങ്കാളി എല്ലായ്പ്പോഴും വളരെ പ്രസന്നതയോടെയും സന്തോഷത്തോടെയുമിരിക്കുന്ന വ്യക്തിയാണോ? എല്ലായ്പ്പോഴും പോസിറ്റീവ് ഊർജം നിങ്ങൾക്കു പകർന്നു തരുന്ന ആളാണോ? എങ്കിൽ നിങ്ങളുടെ ആരോഗ്യം ഏറെക്കാലം മെച്ചപ്പെട്ട നിലയിൽ തുടരുന്നതിനു സാധ്യത വളരെ കൂടുതലാണത്രേ. എന്താ വിശ്വാസമായില്ലേ? നിങ്ങളുടെ മാത്രമല്ല, പങ്കാളിയുടെ പോസിറ്റീവ് എനർജിക്കും നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുണകരമായി സ്വാധീനിക്കാൻ കഴിയുമെന്നാണ് യുഎസിലെ ജേണൽ ഓഫ് പേഴ്സണലാറ്റി പ്രസിദ്ധീകരിച്ച  പഠനം അവകാശപ്പെടുന്നത്. 

മറവിരോഗം, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും പങ്കാളിയുടെ സാന്നിധ്യം സഹായകമാണ്. മധ്യവയസ്സ് പിന്നിട്ട 4500 ദമ്പതികളെയാണ് ഇതുസംബന്ധിച്ച പഠനത്തിനായി തിരഞ്ഞെടുത്തത്. ശുഭാപ്തിവിശ്വാസമുള്ള പങ്കാളിയെ വിവാഹം ചെയ്തവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ മാനസിക സന്തോഷം ലഭിക്കുന്നതായി പഠനത്തിൽനിന്നു വ്യക്തമായി. യുഎസിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ പറയുന്നത് കേൾക്കൂ.. ‘ഒരാൾ ജീവിതത്തിൽ ഏറ്റവുമധികം മണിക്കൂറുകൾ ചെലവഴിക്കുന്നത് ജീവിത പങ്കാളിക്കൊപ്പമാണ്. ദിവസവും ആരോഗ്യകരമായ ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും മുതൽ മരുന്നുകൾ കൃത്യസമയത്ത് കഴിക്കാൻ ഓർമപ്പെടുത്തുന്നതും ശരീരത്തിനു വേണ്ട മുൻകരുതലുകളെടുക്കാൻ പ്രേരിപ്പിക്കുന്നതും വരെ നമ്മുടെ ജീവിത പങ്കളിയാണ്. ആരോഗ്യം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിൽ അതുകൊണ്ടുതന്നെ പങ്കാളി വലിയ പ്രാധാന്യം അർഹിക്കുന്നു.’

ഒരുമിച്ചിരുന്നു സംസാരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും കാര്യങ്ങളെ വിശകലനം ചെയ്യുന്നതുമൊക്കെ രണ്ടുപേരുടെയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉണർവോടെ നിലനിർത്തുന്നതിനു സഹായകമാകുന്നു. ഓർമകൾ പരസ്പരം അയവിറക്കുന്നതും പഴയകാര്യങ്ങളെച്ചൊല്ലി സന്തോഷിക്കുന്നതും മറവിരോഗത്തെ ഒരു പരിധിവരെ അകറ്റിനിർത്തുന്നതിനും സഹായിക്കുന്നു. ഒരാൾ മറ്റൊരാൾക്കു മാതൃകയാകുന്നു എന്നതും പ്രധാനമാണ്. പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങളിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കുന്നതിനും നല്ലൊരു ജീവിതപങ്കാളിക്കു സാധിക്കും എന്നാണ് പഠനങ്ങൾ അവകാശപ്പെടുന്നത്. അപ്പോൾ ഇനിയും കല്യാണം കഴിക്കാത്തവരാണെങ്കിൽ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു പങ്കാളിയെ തന്നെ തിരഞ്ഞെടുത്തോളൂ.

English Summary: Healthy life and couple's relation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com