ADVERTISEMENT

ജനങ്ങൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി തുടങ്ങിയതോടെ വിപണിയിൽ പല പരീക്ഷണ ഉൽപന്നങ്ങളും എത്തിത്തുടങ്ങി. ഷുഗർ ഫ്രീ, സീറോ ഫാറ്റ്, ലെസ് കാലറി തുടങ്ങിയ പേരുകളിലാണ് ഇവ വിപണി പിടിച്ചെടുത്തിരിക്കുന്നത്. ഇവയിൽതന്നെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഉൽപന്നങ്ങളിൽ പെടുന്നവയാണ് സീറോ ഫാറ്റ് ഭക്ഷ്യവസ്തുക്കൾ. കൊഴുപ്പ് നീക്കിയ പാലും പാലുൽപന്നങ്ങൾക്കും ആവശ്യക്കാരേറെയെന്ന് കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ കുട്ടികൾക്ക് കൊഴുപ്പ് നീക്കിയ പാൽ ആണോ നല്‍കേണ്ടത് എന്നതാണ് മിക്ക മാതാപിതാക്കളുടെയും സംശയം. ചില കുട്ടികളിലെ അമിതവണ്ണം കൊഴുപ്പടങ്ങിയ പാലുൽപന്നങ്ങൾ കഴിക്കുന്നതുകൊണ്ടാണോ എന്നതും പലരുടെയും ആശങ്കയാണ്. എന്നാൽ ഇനി ഈ ആശങ്ക വേണ്ട. 

മെൽബണിലെ അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചുവന്നത്. ഓസ്ട്രേലിയയിലെ എഡിത്ത് കൊവാൻ യൂണിവേഴ്സിറ്റിയാണ്  ഫുൾ ഫാറ്റ് ഉൽപന്നങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ഈ പഠനം പ്രകാരം കുട്ടികളിൽ ഫുൾ ഫാറ്റ് ഡയറി ഉൽപന്നങ്ങളുടെ ഉപയോഗം മൂലം അമിതവണ്ണമോ കൊളസ്ട്രോളോ ഉയർന്ന രക്ത സമ്മർദമോ ഉണ്ടാകില്ലെന്നാണ് കണ്ടെത്തിയത്. കുട്ടികളിലെ ശരീരഭാരം കൂടാതിരിക്കാനും ഹൃയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും കൊഴുപ്പ് നീക്കം ചെയ്ത പാലുൽപന്നങ്ങൾ മാത്രം നൽകുന്ന രീതി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വ്യാപകമാണ്. ഈ പ്രവണത അനുകരിച്ചാണ് കേരളത്തിലും സീറോ ഫാറ്റ് ഡയറി ഉൽപന്നങ്ങൾ വിപണിയിൽ പ്രചാരം നേടിയത്. 

മുതിർന്നവരുടെ കാര്യത്തിൽ കൊഴുപ്പ് നീക്കം ചെയ്ത പാലുൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഇവർക്ക് അമിതവണ്ണമോ രക്തസമ്മർദമോ പിടിപെടാതിരിക്കാൻ ഇത് സഹായിക്കും. എന്നാൽ കുട്ടികളുടെ കാര്യത്തിൽ ഈ നിയന്ത്രണത്തിന്റെ ആവശ്യമില്ലാത്തത് പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്നാമത്തേത് മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ വ്യായാമം കൂടുതലാണ്. കളിയും മറ്റുമായി ധാരാളം സമയം നീക്കിവയ്ക്കുന്നതുകൊണ്ട് ശരീരത്തിലെത്തിച്ചേരുന്ന കൊഴുപ്പിനെ ദഹിപ്പിച്ചുകളയാൻ ഇവർക്കു സാധിക്കും. 

രണ്ടാമത്തേത്, പാലുൽപന്നങ്ങള്‍ കൊഴുപ്പ് നീക്കം ചെയ്ത് ഉപയോഗിച്ചാൽ തന്നെയും മറ്റു ഭക്ഷ്യവസ്തുക്കളിൽനിന്നുള്ള കൊഴുപ്പ് ശരീരത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും. പ്രത്യേകിച്ചും കുട്ടികൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ മധുരപദാർഥങ്ങൾ ഉപയോഗിക്കുന്നവരാണല്ലോ. അതിനാൽ പാലിൽനിന്നു കൊഴുപ്പ് നീക്കം ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണഫലങ്ങൾ ഇല്ലെന്നു ചുരുക്കം. ഏതായാലും കുട്ടികൾ ആവശ്യത്തിനു പാലും തൈരും കഴിച്ചുതന്നെ വളരട്ടെ. മുതിർന്ന ശേഷം മാത്രം മതി സീറോ ഫാറ്റ് ഭക്ഷണരീതിയും ഡയറ്റിങ്ങുമൊക്കെ. 

English Summary: Sugar free and Zero fat diet and Children's health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com