ADVERTISEMENT
കൊറോണ വൈറസിനു നുഴഞ്ഞു കയറാൻ ഒരു പഴുതും കൊടുക്കാതെ താഴിട്ടു പൂട്ടി വീട്ടിലിരിക്കുന്ന ലോക് ഡൗൺ ചിലർക്കു ബോറടി ഉണ്ടാക്കും. രോഗ സാധ്യതയെന്നു ആശങ്ക ഉള്ളതു കൊണ്ടു ചിലർ ടെൻഷനിലാകും . തളർച്ച ബാധിക്കാനിടയുള്ള സാമ്പത്തിക സ്ഥിതി ഓർത്തു വിഷാദത്തിൽ പെടുന്നവരും ധാരാളം ഉണ്ടാകും അലസമായി ചെലവാക്കുന്ന അധിക സമയം നിഷേധ വികാരങ്ങൾക്കും വിചാരങ്ങൾക്കും വളരാൻ പോന്ന വളക്കൂറുള്ള മണ്ണാണ്. ക്രീയാത്മകമായ ദിനചര്യ കൊണ്ട് വേണം അതിനെ ഇല്ലാതാക്കാൻ. ആഹ്ലാദകരമായ കുടുംബ നേരം ഉണ്ടാക്കി വേണം മറി കടക്കാൻ.

ആൺ ജോലിയും പെൺ ജോലിയും ഇല്ലാത്ത പുതിയ ഇടം
വീടാണ് എല്ലാവരുടെയും താവളം .'കൂട്ടിൽ അടക്കപ്പെട്ടു' 'തടവിലാക്കപ്പെട്ടു' 'കുടുങ്ങി' തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കി ഒരു ഫാമിലി മൂഡ് സൃഷ്ടിക്കുന്ന നയമുണ്ടാക്കണം .ആൺ ജോലികളെന്നോ പെൺ ജോലികളെന്നോ വ്യത്യാസമില്ലാതെ വീട്ടിലെ എല്ലാവരും എല്ലാ ജോലികളും സന്തോഷത്തോടെ സഹകരിച്ചു ചെയ്യുന്ന ശൈലി ഉണ്ടാകണം. പല വീടുകളിലും പുറത്തു നിന്നു വന്നിരുന്ന സഹായികൾ ഇപ്പോൾ ഇല്ല. ആ ജോലിയും കൂടി സ്ത്രീയുടെ മേൽ ചാരി ഗൃഹ നാഥനും മക്കളും സോഫയിൽ ചടഞ്ഞിരുന്നു ടെലിവിഷൻ കാണാൻ പോയാൽ സംഘർഷം ഉറപ്പാണ്. ഗൃഹ ചുമതലകൾ എല്ലാവരും ചേർന്നു നിറവേറ്റുന്നു പാരസ്പര്യത്തിന്റെ ഒരു സുഖം കണ്ടെത്തണം. സമയം പോകാൻ ഒരു മാർഗ്ഗവുമായി.

സമാധാനത്തിന്റെ വെള്ളക്കൊടി ഉയരണം
കുടുംബാന്തരീക്ഷത്തിൽ ഒരു കാരണവശാലും അസ്വസ്ഥത ഉണ്ടാക്കരുത്. വീട്ടിൽ കയറിയാൽ കലഹമെന്ന ശീലമാക്കിയവർ അതിനോട് സുല്ലിടണം. പൊതു ശത്രുവായ കൊറോണ വൈറസ് പുറത്തുള്ളപ്പോൾ അകത്തു വഴക്കു പാടില്ല. പോരാട്ടം വേണ്ട. വൈരാഗ്യവും പകയുമൊക്കെ ഭവനത്തിൽ  നിറഞ്ഞാൽ വീട്ടിലിരുപ്പിൽ ശ്വാസം മുട്ടും. സമാധാനത്തിന്റെ വെള്ളക്കൊടി ഏപ്പോഴും വേണം.

അവനവന്റെ സുഖത്തിനായി ചെയ്യുന്നത് ?
ഇടക്കൊക്കെ അവനവന് ഇഷ്ടമുള്ളത് ചെയ്യാം. പക്ഷെ അത് കൊണ്ട് മറ്റുള്ളവർക്ക് കഷ്ടപ്പാടുണ്ടാക്കരുത്. നേരം പോകാൻ വേണ്ടി വീട്ടിലിരുന്ന് തുടരെ തുടരെ പുക വലിക്കുന്ന വിദ്വാൻ അയാൾക്കും മറ്റുള്ളവർക്കും ദോഷമുണ്ടാക്കും. കൊറോണ വൈറസിന്റെ ഇഷ്ട റിസോർട്ടാകുന്ന ശ്വാസ കോശ നിർമ്മിതിയുടെ ആശാനാകും. കുടിയും പുക വലിയുമൊക്കെ ഇനി വീട്ടിൽ വേണ്ട. മുഴുവൻ സമയം മൊബൈലും കംപ്യുട്ടറുമായി കഴിഞ്ഞു കുടുംബാംഗങ്ങളോട് മിണ്ടാതിരുന്നാൽ അവർക്കു ശ്വാസം മുട്ടില്ലേ? അതു കൊണ്ടു മിണ്ടാനും പറയാനുമുള്ള നേരങ്ങൾ ഉണ്ടാക്കണം. ആർക്കെങ്കിലും ആധി ഉണ്ടെങ്കിൽ കൂടുതൽ ധൈര്യശാലിക്ക് അതു മയപ്പെടുത്തി കൊടുക്കാം .

കുട്ടികളുമൊത്തുള്ള നല്ല നേരങ്ങൾ
കൂട്ടായി ചെയ്യാവുന്ന ഒത്തിരി കാര്യങ്ങളുണ്ട്. ടെലിവിഷനിലെ വിനോദ പരിപാടികളും സിനിമ കാണലും ഒരുമിച്ചാകാം. അതു കഴിഞ്ഞു ഒരു വിലയിരുത്തലാകാം. ആരും തിരക്കിലല്ലാത്തതു കൊണ്ട് ഒരുമിച്ചു ഭക്ഷണമാകാം. പാത്രം കഴുകലും, മേശ തുടയ്ക്കലുമൊക്കെ വീതിച്ചു ചെയ്യാം. ആ സമയമൊക്കെ എന്തെങ്കിലുമൊക്കെ വർത്തമാനം പറയാം. തമാശ പങ്കിടാം. കുട്ടികളുമൊത്തു വീട്ടിലിരുന്ന് ചെസ്സ് പോലെയുള്ള കളികൾ കളിക്കാം. അവർക്കു ഇഷ്ടമുള്ള പ്രവർത്തികളിൽ പങ്കു ചേരാം .മാതാപിതാക്കളുടെ ഉള്ളിൽ ഇങ്ങനെയും ചില സ്നേഹ ഭാവങ്ങളുണ്ടെന്ന് അവർ തിരിച്ചറിയട്ടെ .

കണക്ട് ..കണക്ട് ..
വീട്ടിലെ പ്രായമായവരുടെ കൂടെയും കിടപ്പ് രോഗികളുടെയും ഒപ്പം സമയം ചെലവഴിക്കാം .അവർക്കും സന്തോഷം നൽകാം. വീട്ടിലുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെയും കുട്ടികളെയും മറക്കരുത്. അവരെയും കൂട്ട് ചേര്‍ക്കണം. വിദേശത്തും അകലെയുമുള്ള ബന്ധുക്കളും കുടുംബ സുഹൃത്തുക്കളുമായി സ്കൈപ്പിലോ വിഡിയോ കാളിലോ ബന്ധപ്പെടുമ്പോൾ എല്ലാവർക്കും പങ്കു ചേരാം. ദേ അപ്പനും അമ്മയും അടുത്തുണ്ടെന്നു ചൊല്ലി അവർക്കും എന്തെങ്കിലുമൊക്കെ പറയാൻ അവസരം നൽകാം.

കുടുബത്തിന്റെ ശക്തിയും നന്മകളും സന്തോഷങ്ങളും വീണ്ടെടുക്കാനുള്ള വേളയാണ് ലോക് ഡൗൺ.അവിടെ അറിഞ്ഞോ അറിയാതെയോ തീർത്ത നരകങ്ങൾ ഇല്ലാതാക്കാനായുള്ള സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങളുടെ തണലില്ലാത്ത സംസ്കാരങ്ങളിൽ നിന്നും വിഭിന്നമായി ആ കണ്ണികൾ ഉള്ളതിൽ നന്ദി പറയാനുള്ള അവസരം കൂടിയാണിത്. അതു കൊണ്ട് ഫാമിലി മൂഡിനെ ഉത്തേജിപ്പിക്കാം. ഭാവിയിലും വേണ്ടി വരും അതിന്റെ തണൽ. വീട്ടിലുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെയും കുട്ടികളെയും മറക്കരുത്. അവരെയും കൂട്ട് ചേര്‍ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com