ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ ജീവിതത്തെ ഷട്ട്ഡൗൺ ചെയ്യാതെ ആരോഗ്യപരമായി മുന്നേറാൻ മനസ്സിനെ ഒരുക്കാം

ടൈം ടേബിളിൽ ഇല്ലാത്ത ഒരു പീരിഡ്  (A period, not in the time table) 

പോസിറ്റീവായി ചിന്തിക്കണം എന്നു  കേട്ടിട്ടുള്ള നമുക്കിന്ന് പോസിറ്റീവ് എന്നു കേൾക്കുമ്പോൾ ഞെട്ടൽ. നമ്മുടെ ചിന്തയുടെ ഭൂപടത്തിൽ എത്താത്തതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കട്ടിയുള്ള  ചോദ്യപേപ്പർ  സമചിത്തതയോടെ നേരിട്ടാൽ കോവിഡ് 19-ന്റെ പരീക്ഷാ ഹാളിലും പരീക്ഷണഘട്ടത്തിലും നാം തോറ്റു പോകില്ല.  സമാനതകളില്ലാത്ത ജാഗ്രതയും മുൻകരുതലും ഏറ്റെടുത്ത ഗവൺമെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ  അനുസരിക്കുവാൻ കടപ്പെട്ടവരാണ് നാം. 

ശിക്ഷണവും ശിക്ഷയും (Discipline and Punishment) 

സ്വയരക്ഷക്കു വേണ്ടി നാം നമ്മിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളാണ് ശിക്ഷണം. ഈ പ്രതിസന്ധിയെ പിടിച്ചുകെട്ടുവാൻ ശിക്ഷണത്തിനു കഴിയും  ശിക്ഷണം നൽകാത്തവർ തനിക്കും കുടുംബത്തിനും സമൂഹത്തിനും ശിക്ഷ ക്ഷണിച്ചു വരുത്തുന്നു. നാം നമ്മെയും മറ്റുള്ളവരെയും സ്നേഹിക്കുന്നെങ്കിൽ സ്വയനിയന്ത്രണത്തിനു തയാറാകണം

കണ്ണി മുറിക്കുക, കുടുംബം പണിയുക  (Break the chain & Make the family) 

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം ലോക്ഡൗണിലൂടെ എത്തിയിരിക്കുന്നു. കുടുംബം ജീവനില്ലാത്ത ശരീരങ്ങളുടെ കൂട്ടമല്ല, ബന്ധങ്ങളുടെ ഒരു സമുച്ചയമാണ്. തിരക്കിന്റെ ലോകത്തുനിന്നു കുടുംബത്തൊടൊപ്പം പങ്കിടുവാൻ കാലം ഒരുക്കിയ സമയം. സമയമില്ലെന്ന കാരണത്താൽ വീട്ടുകാർക്കു സമ്മാനം മാത്രംനൽകി തടിതപ്പിയവർക്ക് സാന്നിധ്യം (presence) നൽകി വിടവ് നികത്തുവാനുള്ള സുവർണ്ണാവസരം. മക്കളോടൊപ്പം കളിക്കുവാൻ, ഉള്ളുതുറന്നു സംസാരിക്കുവാൻ ബന്ധങ്ങൾ പുതുക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണം. പക്ഷേ ഈ അവസരത്തിലും സാമൂഹിക മാധ്യമങ്ങളിൽ കുടുങ്ങിപ്പോയാൽ അതു ബന്ധങ്ങൾ ബ്രേക്ക് ചെയ്യുന്ന  ബന്ധനമാകാം.

ഒരു ആശയത്തിന് നിങ്ങളെ മാറ്റുവാൻ കഴിയും (An idea can change your life)

മദ്യപാനികൾക്ക് ഒരു ഗുഡ്ന്യൂസ് ലോക്ഡൗൺ സമ്മാനിക്കുന്നുണ്ട്.  ധീരമായ തീരുമാനത്തിലൂടെ അതിൽനിന്നു പുറത്തു വരുവാനുള്ള ഒരു അവസരം. മദ്യപാനം നിരോധിക്കേണ്ടത് ഗവൺമെന്റല്ല, തിരിച്ചറിവുള്ള ഓരോ പൗരനുമാണ്.  ജീവിതത്തിന്റെ ഒരു യു ടേൺ എടുക്കുവാനുള്ള സുവർണ്ണാവസരവും കൂടിയാണിത്.  എന്നാൽ മദൃം ലഭിക്കാത്തതുകൊണ്ട് ശാരീരിക പ്രശ്നമുള്ളവർ വൈദ്യസഹായം തേടുന്നത് കരണീയമാണ്. ഒരു ഡീ-അഡിക്‌ഷൻ ട്രീറ്റ്‌മെന്റിന് ഈ അവസരം പ്രയോജനപ്പെടുത്താം. ‘കേരളത്തിലെ മദ്യപാനികളുടെ കൗമാരക്കാരായ മക്കൾ ജീവിതവുമായി പൊരുത്തപ്പെടുന്നവിധം’ എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഈ ലേഖകന് കേരളത്തിന്റെ പതിനാലു ജില്ലകളിൽ യാത്ര ചെയ്ത് അത്തരം കുടുംബങ്ങളുടെ സങ്കടക്കടൽ നേരിട്ട് കാണുവാൻ കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഒരു നല്ല തീരുമാനത്തിലൂടെ നിങ്ങളും കുടുംബവും സമൂഹവും രക്ഷപ്പെടുമെന്നതിൽ രണ്ടു പക്ഷമില്ല.

സമയ വിനിയോഗം (Time Management) 

ടൈം മാനേജ്‌മെന്റ് വളരെ പ്രാധാന്യമുള്ളതാണ്. ഈ  ദിവസത്തേക്ക് ഒരു പുതിയ  ടൈം ടേബിൾ ഉണ്ടാക്കണം. സംഗീതം, ചിത്രരചന, പെയിന്റിങ് ഇവയ്ക്കായി സമയം മാറ്റണം. കഥ, കവിത രചനകളിൽ താല്പര്യമുള്ളവർക്ക് അതിനു സമയം കണ്ടെത്താം. വ്യക്തിശുചിത്വം, ആരോഗ്യ പരിപാലനം, വ്യായാമം,   ഗാർഡനിങ്, പച്ചക്കറി വളർത്തൽ, പ്രാർഥന, ധ്യാനം, ഉപവാസം എന്നിവയ്ക്ക് ലോക്ഡൗൺ ദിവസങ്ങളെ ഏറെ പ്രയോജനപ്പെടുത്തണം. ആഹാര നിയന്ത്രണത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. അതോടൊപ്പം കഴിയാതെ പോയത്, നീട്ടിവെച്ച കാര്യങ്ങൾ, മറന്നുപോയവ എന്നിവ പൂർത്തീകരിക്കാൻ ഈ ലോക്ഡൗൺ ദിനങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുവാൻ മറക്കരുത്‌. ഈ കാലയളവിൽ പഴയ സുഹൃദ്ബന്ധങ്ങൾ ഒരു ഫോൺകോളിലൂടെ പുനർജനിക്കണം. വിലപ്പെട്ട സമയമെല്ലാം വാട്സാപ്പിനു വലിച്ചെറിഞ്ഞുകൊടുക്കരുത്. എന്തു പോസ്റ്റ് ചെയ്യണം, എന്തു പോസ്റ്റ് ചെയ്യരുത്‌ എന്നു നാം നമ്മോടു ചോദിക്കണം. സ്പർധ ഉളവാക്കുന്നതും സത്യസന്ധമല്ലാത്തും ഉത്കണ്ഠ വളർത്തുന്നതുമായ പോസ്റ്റുകളും വിഡിയോയും ഷെയർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക.

ഐസലേഷൻ പുനർനിർമ്മാണത്തിന് (Isolation & Rebuilding)

ഐസലേഷൻ കാലം ജീവിതം മെനക്കെടുത്തുവാനുള്ളതല്ല. മിനുസ്സപ്പെടുത്താനും മൂർച്ചയുള്ളതാക്കാനുമാണ്. ഇതിനെ സ്വയ നിന്ദയുടെയും അനാരോഗ്യപരമായ വിമർശനത്തിന്റെയും  കാലമാക്കരുത്‌. ആത്മപരിശോധനയുടെയും തിരുത്തലുകളുടെയും പുനഃസമർപ്പണത്തിന്റെയും സമയമാണെന്നു തിരിച്ചറിയാൻ വൈകരുത്. വായന, മ്യൂസിക് തെറപ്പി, ഫോൺ സംഭാഷണം എന്നിവയിലൂടെ ഏകാന്തതയെ പ്രകാശമാക്കണം.

ബുദ്ധിപൂർവം അകലുക, ഹൃദയപൂർവം അടുക്കുക (Physical distancing and emotional attachment)

വാഹനങ്ങളുടെ പുറകിൽ മാത്രം എഴുതിയിരിക്കുന്ന കീപ് ഡിസ്റ്റൻസ് ജീവിതത്തിന്റെ മുമ്പിൽ കൊണ്ടെത്തിക്കേണ്ട കാലമാണിത്. വ്യക്തികളോട് ബുദ്ധിപൂർവം അകലം പാലിക്കുകയും എന്നാൽ അവരുടെ ആവശ്യങ്ങളോട് സ്നേഹപൂർവം അടുപ്പവും ആദരവും കാണിക്കുകയും ചെയ്യണം. ‘ശാരീരിക അകലവും മാനസിക ഒരുമയും’ നമ്മുടെ ആപ്തവാക്യമാകണം.സോപ്പിന്റെ സഹായത്തോടെ കൈകഴുകൽ  പ്രാക്ടീസ് എപ്പോഴും തുടരണം. ആൽക്കഹോൾ അംശം അടങ്ങിയ സാനിറ്റൈസർ ഏറെ പ്രയോജനം.

പങ്കിടലും പരിപാലനവും (Share & Care)

ഐസലേഷനിൽ കഴിയുന്ന പരിചിതരുമായി ഫോണിൽ സംസാരിക്കുന്നതും അവർക്ക് പ്രചോദനം നൽകുന്നതും  സൗഖ്യദായക ശുശ്രൂഷയാണ്. അർഹതയുള്ളവർക്കു വിഭവങ്ങൾ പങ്കുവയ്ക്കുവാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന് മറക്കരുത്. ഈ സാഹചര്യം നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണം. ചെറിയവനെ കാണുന്നവനാണ് യഥാർഥത്തിൽ വലിയവൻ.

കൈകൊട്ടും ബിഗ് സല്യൂട്ടും

സമർപ്പണത്തോടെ പ്രവർത്തിക്കുന്നവർക്കു നാം നൽകുന്ന കൈകൊട്ട്  പോസിറ്റീവ് സ്ട്രോക്കുകളാണ്. ഇതിൽ പിശുക്ക് കാണിക്കരുത്. ഈ  ലോക്ഡൗണിൽ ജീവിതത്തെ ഷട്ട്ഡൗൺ ചെയ്യാതെ തീവ്ര ജാഗ്രതയോടും  കരുതലോടും കോവിഡ് -19 എന്ന മഹാവ്യാധിയെയും നമുക്ക് ഒറ്റക്കെട്ടായി നേരിടാം.

English Summary: Mental health tips on lockdown days by Dr. James George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com