ADVERTISEMENT

അശ്രദ്ധമായൊരു ചുവടുവയ്പ്മതി, വയോധികരുടെ ജീവിതം എക്കാലവും കിടക്കയിലാകാൻ. ആറും അറുപതും ഒരുപോലെയാണെങ്കിലും കരുതൽ കൂടുതൽ ആവശ്യമുള്ളത് അറുപതിനു തന്നെയാണ്. കുരുന്നുകൾ വീഴ്ചകളിൽനിന്നു നടക്കാൻ പഠിക്കുമ്പോൾ മുതിർന്നവരുടെ നടപ്പ് വീഴ്ചകളിൽ അവസാനിക്കുന്നു. അങ്ങനെ വീണ് അവസാനിക്കേണ്ടതല്ലല്ലോ അവരുടെ ജീവിതം. നമുക്ക്, സമൂഹത്തിന്, കുടുംബത്തിന് ഏറെ സംഭാവന ചെയ്തവരാണ് അവർ. അവരെ വീഴ്ചകളിൽനിന്നു രക്ഷിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിനു സഹായിക്കുന്ന ‘എൽഡേഴ്സ് ഫ്രണ്ട്‌ലി’ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. ഒരുജീവിത കാലം മുഴുവൻ മക്കൾ വളരാൻ ജീവിതം ചെലവഴിച്ച അവർക്ക് ആവശ്യമെങ്കിൽ വില നോക്കാതെ തന്നെ ഈ ഉപകരണങ്ങൾ വാങ്ങി നൽകാൻ മക്കൾ മറക്കരുത്. 

 

ടോയ്‌ലറ്റ് സേഫ്റ്റി റെയിൽ 

കാലിനു ബലക്കുറവും ചലനശേഷിക്കുറവും ഉള്ളവർക്കു ശുചിമുറി ഉപയോഗം എളുപ്പമാക്കാനുള്ള കൈത്താങ്ങ്. ശുചിമുറിയിൽനിന്നു പിടിച്ച് എഴുന്നേൽക്കാൻ സഹായിക്കുന്ന കൈപ്പിടികളാണ് പ്രത്യേകത. ക്ലോസറ്റിന്റെ വലുപ്പത്തിന് അനുസരിച്ച് ഉയരവും വീതിയും ക്രമീകരിക്കാം. അലൂമിനിയത്തിലാണ് നിർമാണം. 

 

ഫോൾഡിങ് കമോഡ് 

കിടപ്പുരോഗികൾക്കും മോശം ആരോഗ്യാവസ്ഥയിലുള്ള വയോധികർക്കും വേണ്ടി നിർമിച്ച പ്രത്യേക ക്ലോസറ്റ് സംവിധാനം. മടക്കാനും നിവർത്താനും കഴിയുന്ന വിധമാണ് രൂപകൽപന. ഭാരം കുറവായതിനാൽ ഉപയോഗം കഴിഞ്ഞാൽ സുഗമമായി നീക്കം ചെയ്യാം. പ്ലാസ്റ്റിക്കിലാണ് നിർമാണം. 

 

ബെഡ് സൈഡ് റെയിൽ 

കട്ടിലിന്റെ ഇരുവശത്തും സ്ഥാപിക്കാവുന്ന ആൾമറ പോലെയാണ് ബെഡ് സൈഡ് റെയിൽ. മുതിർന്നവർ കട്ടിലിൽനിന്ന് ഉരുണ്ടുവീഴാതെ സൂക്ഷിക്കും. എല്ലാത്തരം ബെഡുകളിലും ഫിറ്റ് ചെയ്യാം. റെയിലിന്റെ വശങ്ങളിലെ പോക്കറ്റുകളിൽ മരുന്നും പത്രങ്ങളുമൊക്കെ സൂക്ഷിക്കാം. 

 

ആന്റി സ്ലിപ് ടേപ് 

ബാത്ത്റൂമിൽ തെന്നിവീഴാതിരിക്കാൻ ഒട്ടിക്കുന്ന പ്രത്യേക പ്രതലം. വെള്ളം വീണു തെന്നാൻ ഇടയുള്ള ഭാഗങ്ങളിൽ ഈ ടേപ്പ് ഒട്ടിച്ചാൽ കാലിനു ഗ്രിപ്പ് ലഭിക്കും. മഞ്ഞ, വെള്ള, ഓറഞ്ച് തുടങ്ങിയ ഫ്ലൂറസെന്റ് നിറങ്ങളിൽ ലഭിക്കും. കാണാൻ ബുദ്ധിമുട്ടുണ്ടാവില്ല. 

 

ഗ്രാബ് ബാർ 

ബാത്ത്റൂമിന്റെയും കിടപ്പുമുറിയുടെയും ഭിത്തിയിൽ സ്ഥാപിക്കാവുന്ന കൈപ്പിടികൾ. ആയാസം കൂടാതെ സ്വയം പിടിച്ച് എഴുന്നേൽക്കാൻ വയോധികർക്കു സഹായകമാകുന്നു. സ്റ്റെയർ കേസിന്റെ വശങ്ങളിൽ ഫിറ്റ് ചെയ്താൽ പടികൾ സുരക്ഷിതമായി കയറാൻ കഴിയും. 

 

റബർ മാട്രെസ് പ്രൊട്ടെക്ടർ 

കിടപ്പുരോഗികളുടെ മെത്തയ്ക്കു മുകളിൽ വിരിക്കാനുള്ള റബർ പ്രതലമാണിത്. ഈർപ്പമോ ദ്രാവകമോ മെത്തയിലെത്താതെ തടയും. സ്ഥിരമായി കിടക്കുന്നവർക്കു പുറംവേദന പോലുള്ള അസ്വസ്ഥതകളിൽനിന്ന് ഒരുപരിധി വരെ രക്ഷ നൽകും. ഇടയ്ക്കിടെ കഴുകി ഉണക്കി ഉപയോഗിക്കാം. 

 

ഈസി സ്റ്റെപ് 

ഉയരം കൂടിയ കട്ടിലിൽനിന്നു താഴേക്കിറങ്ങുമ്പോൾ വേച്ചുവീഴാനുള്ള സാധ്യത കുറയ്ക്കുന്ന പ്രത്യേക പടി. എടുത്തുമാറ്റാവുന്നതും ഗ്രിപ്പോടു കൂടിയതുമായതിനാൽ സുരക്ഷിതം. 

 

ടോയ്‌ലറ്റ് സീറ്റ് 

ആർത്രൈറ്റിസ്, സന്ധിവാതം തുടങ്ങിയ അസുഖങ്ങളുള്ള വയോധികർക്ക് ആയാസരഹിതമായി ശുചിമുറി ഉപയോഗിക്കാൻ സഹായിക്കുന്നു. ക്ലോസറ്റിനു മുകളിൽ ഘടിപ്പിക്കാവുന്ന കൈപ്പിടിയോടു കൂടിയ പ്രത്യേകതരം സീറ്റുകളാണിവ. 

 

ഷവർ സീറ്റ് 

കാൽമുട്ടിനു വേദനയും തേയ്മാനവും ഉള്ളവർക്ക് എഴുന്നേറ്റുനിന്നു കുളിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇവർക്ക് ഇരുന്നു കുളിക്കാൻ ഷവർ സീറ്റ് ഉത്തമം. പുറംവേദന ഉണ്ടാവാത്ത വിധമാണ് നിർമാണം. 

 

English Summary: Mobility and medial equipments for seniors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com