ലോക്ഡൗൺ; കൈ തരിച്ചാൽ പുളിമുട്ടിയിൽ കൊട്ടും, വീട്ടിനകത്ത് പോലും കൊട്ടാത്തതിന്റെ കാരണം...

mattannoor sankaran kutty
Image courtesy: Social Media
SHARE

ഇത്രയും കാലം കൊട്ടിയത് നാടിനു വേണ്ടിയാണ്. ഇപ്പോൾ കൊട്ടാതിരിക്കുന്നതും നാടിനു വേണ്ടിതന്നെ. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നു പോലും കൊട്ടാറില്ല. ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻ കുട്ടി പറയുന്നു.

കോവിഡ് കാലം ശ്രദ്ധയും കരുതലും അൽപം കൂടുതൽ വേണ്ട സമയമാണല്ലോ..ആശുപത്രികളും മെഡിക്കൽ സംവിധാനങ്ങളും കുറവാണ്. അതുകൊണ്ട് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ അൽപം കരുതലാവാം. കുട്ടികൾ കളിക്കുമ്പോൾ അപകടം ഉണ്ടാവാതെ ശ്രദ്ധിക്കണം. ഭക്ഷണകാര്യത്തിലും കരുതൽ വേണം.

ഉത്സവ സീസണാണ്.. നിലത്തു നിൽക്കാതെ കൊട്ടേണ്ടിയിരുന്ന കാലം. ഇപ്പോൾ വീട്ടിൽ പേരക്കുട്ടികൾ നിലത്തു നിർത്തുന്നില്ല എന്നതാണു വ്യത്യാസം. പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിലെ വീട്ടിൽ സകുടുംബം സ്വസ്ഥം സുഖം. നാടിനു വേണ്ടി കുറേ കൊട്ടി. ഇപ്പോൾ കൊട്ടാതിരിക്കുന്നതും നാടിനു വേണ്ടിയാണ്. കുംഭവും മീനവും മേടവുമൊക്കെ വാദ്യക്കാർക്കു തിരക്കോടു തിരക്കുളള സമയമാണ്. 10ദിവസമായി വീട്ടിൽ നിന്നു പുറത്തിറങ്ങിയിട്ടില്ല. കലാകാരൻമാർ നാടിനു മാതൃകയാകേണ്ടവരാണ്. കോവിഡ് 19 വ്യാപനം തടയാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വീട്ടിലിരിക്കാൻ പറയുമ്പോൾ അലഞ്ഞുതിരിഞ്ഞു നടന്നാൽ പിന്നെ നമ്മളെയൊക്കെ എന്തിനു കൊള്ളും ? 

വെറുതേ ഇരുപ്പാണെങ്കിലും ചെണ്ട തൊടുന്നില്ല. ഒച്ച കേട്ടാൽ ആരെങ്കിലുമൊക്കെ വരും. അടുപ്പത്തോടെയുള്ള അകലം വേണമെന്നാണല്ലോ ഇന്നത്തെ ആപ്തവാക്യം. കൈ തരിച്ചാൽ പുളിമുട്ടിയിൽ നാലു കൊട്ടു കൊട്ടും.–അതുമതി. വായനയും ടിവികാണലുമാണു പ്രധാനപണി. പത്രങ്ങളിലും മാസികകളിലും എന്നെക്കുറിച്ചു മുൻപു വന്ന വാർത്തകൾ വായിക്കുന്നു. 

വെള്ളിനേഴിക്കാർ നാടാകെ പന്തലിട്ട് ആഘോഷിച്ച ഷഷ്ടിപൂർത്തിയുടെ സിഡി ഇപ്പോഴാണു കാണുന്നത്. മൊത്തം 17 സിഡിയുണ്ട്. 10 ദിവസം കൊണ്ടു മൂന്നെണ്ണം കണ്ടു. ഇപ്പോൾ കോവിഡ് ഭീതിയിൽ കഴിയുന്ന പല നാടുകളിലും ഞാൻ പല തവണ കൊട്ടാൻ പോയിട്ടുണ്ട്. അവരൊക്കെ വലിയ വിഷമത്തിലാണ്. 

ലോകത്ത് പണമാണ് വലുതെന്ന ചിന്ത ചിലർക്കൊക്കെ ഉണ്ടായിരുന്നു. തനിക്കാരും കിടയില്ലെന്ന അഹങ്കാരം.. ഇന്നു ഗണപതിക്കൈ കൊട്ടി നാളെ അരങ്ങേറുന്ന പലരും മറ്റന്നാൾ പറയും ഞാനാണു മേളപ്രമാണിയെന്ന്. അതൊക്കെ മാറണം. ഇപ്പോൾ വീട്ടിലിരിക്കുന്ന കഷ്ടകാലത്തിൽ വിഷമിക്കണ്ട. അതൊക്കെ പോകും. ഇനിയും കൊട്ടും പാട്ടുമൊക്കെ ഉണ്ടാകും. ആഘോഷമേളങ്ങളുയരും. സമാധാനത്തോടെ കാത്തിരിക്കാം.‌‌‌

English Summary: Mattannoor Sankaran Kutty's Lock down days

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA