ഡൗൺ ആകേണ്ട ലോക്‌ഡൗണിൽ, ഇത് ചില ശീലങ്ങൾ മാറ്റിമറിക്കേണ്ട കാലം

SHARE

ചലനാത്മകമായ ജീവിതചര്യ പെട്ടെന്നു നിശ്ചലമായതിലുള്ള വിഷമം. പലരുടെയും സംസാരത്തിൽ ഇതു വായിച്ചെടുക്കാം. കൊറോണ വൈറസ് രാജ്യാന്തര അതിർത്തികൾ കടന്നു വ്യാപിക്കുമ്പോൾ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാം നേരിടുന്നത്. കോവിഡിന്റെ സമൂഹവ്യാപനം ചെറുക്കാൻ വീടുകളിലേക്ക് നാം ചുരുങ്ങുന്നത് മാനസിക ആരോഗ്യത്തെയും സാരമായി ബാധിക്കാം. ചുറ്റും കേൾക്കുന്ന സാമ്പത്തികവും ആരോഗ്യപരവുമായ  പ്രതിസന്ധിയുടെ വാചകങ്ങൾ മാനസിക സമ്മർദ്ദത്തിന്റെ തോത് വർധിപ്പിക്കാനും ഇടയുണ്ട്. മൂന്നു കാര്യങ്ങളിലൂടെ ഈ പ്രതികൂല സാഹചര്യത്തെ മാനസികമായി അതിജീവിക്കാം.

അങ്ങനെയങ്ങു തോറ്റു കൊടുക്കാമോ?

വെറുതെയിരിക്കുമ്പോഴാണ് നാം പലതും ചിന്തിച്ചു കൂട്ടുന്നത്. ചുറ്റും കേൾക്കുന്ന വർത്തമാനങ്ങൾ പോലും ചിന്തകളെ വല്ലാതെ സ്വാധീനിച്ചുതുടങ്ങും. നിലവിലെ സാഹചര്യത്തിനുള്ള കാരണമെന്ത്, അത് എന്നെ എങ്ങനെ ബാധിക്കും തുടങ്ങിയ ചിന്തകൾ മനസിനെ ഭരിക്കാൻ തുടങ്ങുന്ന നിമിഷം പിരിമുറുക്കവും കൂടുന്നു. അനിശ്ചിതത്വവും അവ്യക്തതയുമാണ് മാനസിക പിരിമുറക്കത്തിന്റെ മൂലകാരണങ്ങൾ. ഈ പിരിമുറുക്കം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ക്ഷയിപ്പിച്ചു രോഗങ്ങൾക്കു കാരണമാകാം. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നിരാശയിലേക്കു വഴുതാതെ മനസിനെ നന്നായി പാകപ്പെടുത്തുകയാണ് വേണ്ടത്. എല്ലാ മനുഷ്യരും ജീവിതത്തിൽ പലപ്പോഴായി പലതരം പ്രതിസന്ധികളെ അതിജീവിച്ചവരാണ്. ഒരോരുത്തർക്കും അതിജീവനത്തിന്റെ കഥകൾ പറയാൻ കാണും. നിരാശ മനസിലേക്കു വരുമ്പോൾ നാം നേടിയ അതിജീവനത്തിന്റെ ഗാഥകൾ ഓർക്കുക, മനസിനോട് പറയുക, ‘തോൽക്കാൻ എനിക്കു മനസില്ല, ഇതും ഞാൻ അതിജീവിക്കും.’ 

സമയം ഉപയോഗിക്കാം ക്രിയാത്മകമായി

എന്തെല്ലാമുണ്ടെങ്കിലും അസ്വാതന്ത്ര്യത്തോടു പൊരുത്തപ്പെടുവാൻ പലർക്കും അത്ര പെട്ടെന്നു കഴിയാറില്ല. ആഹാരം കഴിഞ്ഞാൽ മനുഷ്യൻ ഏറ്റവും വിലമതിക്കുന്നത് സ്വാതന്ത്ര്യമാകുമ്പോൾ പ്രത്യേകിച്ചും. പലവിധ കാര്യങ്ങളിൽ ദിവസവും വ്യാപൃതരായിരുന്നവരോട് വാസസ്ഥലങ്ങളിലേക്ക് ഒതുങ്ങാൻ പെട്ടെന്ന് പറയുമ്പോൾ ഉണ്ടാകുന്നത് ഒരുതരത്തിൽ അസ്വാതന്ത്ര്യമാണ്. നിയന്ത്രണങ്ങളും വിലക്കുകളും മറികടക്കാൻ മനസിന്റെ വെമ്പലാണ് ലോക്‌ഡൗണിനിടെ പലയിടത്തും നിയന്ത്രണങ്ങൾ പാലിക്കാതെ ജനം നിരത്തിലിറങ്ങുന്ന കാഴ്ചകൾക്ക് ഇടയാക്കിയത്. വീട്ടിലിരിക്കാൻ നിർബന്ധിതമായ ദിനങ്ങളെ പിരിമുറുക്കത്തോടെ സമീപിച്ചാൽ ലോക്‌ഡൗൺ ദിനങ്ങൾ ദുരിതപൂർണവും സങ്കീർണവുമായി തോന്നും. എന്നാൽ ഈ സമയത്തെ ക്രിയാത്മകമായി വിനിയോഗിച്ചാൽ ഇത് ജീവിതത്തിലെ തന്നെ ഏറ്റവും ഫലവത്തായ ദിനങ്ങളാക്കാനും സാധിക്കും. ഈ ദിനങ്ങളെ വേറിട്ട കാഴ്ചപ്പാടുകളിലൂടെ നോക്കി കണ്ട് സന്തോഷം നൽകുന്ന കാര്യങ്ങളിൽ മനസിനെ വ്യാപരിപ്പിക്കുകയാണ് വേണ്ടത്.  ആത്മപരിശോധനയ്ക്കുള്ള ഏറ്റവും അനുയോജ്യമായ സമയമായി ഈ ദിനങ്ങൾ മാറ്റിയാൽ കഴിഞ്ഞകാലങ്ങളെക്കാൾ മുൻപോട്ടുള്ള ജീവിതം കൂടുതൽ വർണാഭമാക്കാം. ഭാവിയിൽ ആരോഗ്യകരമായ സ്വാതന്ത്ര്യം ലഭിക്കാനുള്ള വ്രതകാലമായി ഈ സമയത്തെ കണക്കാക്കാം.

dr-vellanezhi-achuthankutty-behavioural-therapist
ഡോ. വെള്ളിനേഴി അച്യുതൻകുട്ടി

ഇത് ശീലങ്ങൾ മാറ്റിമറിക്കേണ്ട കാലം

ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ആയിട്ടല്ല നമ്മൾ ജനിക്കുന്നത്. കുടുംബത്തിന്റെ അതിരുകൾവിട്ട് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പരിചയിക്കുന്ന ചില ശീലങ്ങളുണ്ട്. മനസിനെ മയക്കുന്ന മദ്യം മുതൽ ലഹരിപദാർഥങ്ങൾ വരെ ഇത്തരം ഘട്ടങ്ങളിലാണ് പലർക്കുമൊപ്പം കൂട്ടുകൂടുന്നത്. കുട്ടിക്കാലത്ത് നാം ശീലിക്കുന്ന കാര്യങ്ങൾ ഉപബോധമനസിൽ ചോദ്യം ചെയ്യാതെ നാം  സൂക്ഷിക്കുകയും അതു പിന്നീട് അവരവരുടെ സ്വാഭാവമായി തീരുകയുമാണ് ചെയ്യുന്നത്. പല ദുശീലങ്ങളും ജീവിതത്തിൽ നിന്നും ഉപേക്ഷിക്കാൻ പലയാവർത്തി ശ്രമിച്ചിട്ടും പരാജിതരായവരും കുറവല്ല. എത്ര ശ്രമിച്ചിട്ടും ഉപേക്ഷിക്കാൻ പറ്റാത്ത ശീലങ്ങളോട് യാത്ര പറയാൻ ലോക്‌ഡൗൺ കാലഘട്ടം വിനിയോഗിക്കാം. മനഃശാസ്ത്രഞ്ജർ പറയുന്നത് പോലെ ഇരുപത്തിയൊന്ന് ദിവസങ്ങളാണ് ഒരു സ്വഭാവം മാറ്റി എടുക്കാൻ വേണ്ട കാലാവധിയും. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള സമയമാണിത്. മൂന്നാഴ്ച കൊണ്ട് മാറ്റാൻ പറ്റാത്ത യാതൊരു സ്വഭാവുമില്ലെന്ന് സാരം. അപ്പോൾ നീണ്ട ലോക്‌ഡൗൺ കാലം ജീവിതത്തിൽ എന്തെല്ലാം നല്ല മാറ്റം വരുത്തുവാൻ അനുയോജ്യമാണെന്നതും അറിയുക.

(ലേഖകൻ പ്രമുഖ ബിഹേവിയർ തെറപ്പിസ്റ്റും ഭാഭാ അറ്റോമിക് റിസർച് സെൻറർ മുൻ ശാസ്ത്രജ്ഞനും ഒമാൻ സിവിൽ ഏവിയേഷനിലെ മുൻ കാലാവസ്ഥാ ശാസ്ത്രജ്ഞനുമാണ്. കഥകളി നിരൂപണത്തിലും പ്രശസ്തൻ. വെള്ളിനേഴി കലാഗ്രാമം ചീഫ് കോ - ഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു)

English Summary: Behavioural therapist Dr. Vellanezhi Achuthankutty about lockdown days

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA