പാട്ടുകൾ പാടി സാന്ത്വനം പകർന്ന് അൽഫോൺസ്

alphons
SHARE

സംഗീതം മനുഷ്യന്റെ മാനസിക ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നെന്ന ഗവേഷണത്തിന്റെ കൂടി തിരക്കിലാണു സംഗീത സംവിധായകനായ അൽഫോൺസ് ജോസഫ്. ലോക്ഡൗൺ കാലത്തും അദ്ദേഹത്തിന്റെ ക്രോസ് റോഡ് സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകളും മുടക്കമില്ലാതെ നടക്കുന്നു. മലയാള മനോരമ സംഘടിപ്പിച്ച ടോക് ഷോയിൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ വിളിച്ചവരോട് അൽഫോൺസ് ഏറെ സംസാരിച്ചതും പ്രതിസന്ധി കാലത്തെ സംഗീത സാന്ത്വനത്തെക്കുറിച്ചായിരുന്നു. പ്രിയപ്പെട്ട പാട്ടുകൾ പാടിയും ആസ്വദിച്ചും സംഗീതസാന്ദ്രമായി ടോക്‌ഷോ.

മരുന്നാണു സംഗീതം

ആദ്യം വിളിച്ച പാലാരിവട്ടം സ്വദേശി ഗോപിക ജി.കൃഷ്ണന് അറിയേണ്ടത് ഈ ലോക്ഡൗൺ സമയത്തു പാടാൻ ആഗ്രഹിക്കുന്ന പാട്ടുകളേത് എന്നായിരുന്നു. മനസിന് സന്തോഷം തരുന്ന പാട്ടുകളും ആത്മീയ സംഗീതവുമാണതെന്നു അൽഫോൺസിന്റെ മറുപടി. കർണാടക സംഗീതം അഭ്യസിക്കുന്ന ഗോപിക ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാനുള്ള താൽപര്യവും വ്യക്തമാക്കി. ബാവ്‌ര മെൻ ദേഖ്നേ എന്ന ഗാനവും ആലപിച്ചു.

പള്ളുരുത്തി സ്വദേശി റിന്ന കാർമ്മലിന് അൽഫോൺസിന്റെ സാന്ത്വന സംഗീത പരിപാടികളെക്കുറിച്ചായിരുന്നു അറിയേണ്ടത്. ‘സമൂഹ നിർമ്മിതിയിൽ തന്നെ സംഗീതത്തിനു വലിയ പങ്കു വഹിക്കാനാവും. സംഗീതം കേൾക്കുകയും ഉപകരണങ്ങൾ വായിക്കുകയുമെല്ലാം ചെയ്യുമ്പോൾ മനസംഘർഷം കുറയും. സംഘർഷത്തിനു കാരണമായ കോർട്ടിസോൾ ഹോർമോൺ ഉൽപ്പാദിപ്പിക്കപെടുന്നതിന്റെ തോത് കുറയുന്നതുകൊണ്ടാണിത്. ഇതെല്ലാം ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സ്ഥിരമായി സംഗീതം ആസ്വദിക്കുന്നവർക്കു മനസിന്റെ സന്തുലാനാവസ്ഥ നിലനിർത്താനാവും.

ഗർഭസ്ഥ സംഗീതം

ഗർഭസ്ഥ ശിശുവിന് സംഗീതം ആസ്വദിക്കാനാവുമോ? പ്രത്യേക രാഗങ്ങൾ സ്വാധീനിക്കാറുണ്ടോ? അതിനു കഴിയുമെന്ന് തന്റെ തന്നെ ഗവേഷണത്തിലൂടെ തെളിയിച്ചതിന്റെ അനുഭവവും അദ്ദേഹം വിളിച്ചവരുമായി പങ്കുവച്ചു.

‘ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങൾക്ക് സംഗീതം തിരിച്ചറിയാൻ കഴിയുന്നുണ്ടോ? അതവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതു വ്യക്തമാക്കാനായിരുന്നു ഗവേഷണം. 30 ഗർഭിണികളെയാണ് പഠനത്തിനു വിധേയമാക്കിയത്. കർണാടക സംഗീതത്തിലെ ശങ്കരാഭരണം, മോഹനം, നീലാംബരി എന്നീ രാഗങ്ങളിൽ ഞാൻ ചിട്ടപ്പെടുത്തിയ സംഗീതം ഗർഭിണികളുടെ വയറിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെ കേൾപ്പിക്കുകയായിരുന്നു. തുടർന്ന് സ്കാനിങ് ഉൾപ്പടെ നടത്തി കുഞ്ഞുങ്ങളുടെ ചലനങ്ങൾ ഉൾപ്പടെ നിരീക്ഷിച്ചു. കേൾപ്പിച്ച സംഗീതത്തിന്റെ ചില ഭാഗങ്ങളിൽ കുഞ്ഞുങ്ങളെല്ലാം ഒരേ രീതിയിൽ പ്രതികരികരിക്കുന്നതു വ്യക്തമായിരുന്നു. ഗർഭാവസ്ഥയിൽ ഒരു സ്ത്രീ കേൾക്കുന്ന സംഗീതം കുഞ്ഞിലേക്കും പകർന്നു കിട്ടും എന്നുറപ്പാണ്. സംഗീതത്തിന് അത്രയേറെ ശക്തിയുണ്ട്. റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുക്കുന്ന കുട്ടികൾക്കു പരിശീലനത്തിന്റെ ഭാഗമായി സംഗീത ധ്യാനം ചെയ്യിക്കാറുണ്ട്. ഭയം, നെഗറ്റിവിറ്റി എന്നിവയൊക്കെ മാറാൻ അതു സഹായിച്ചതായി കുട്ടികൾ തന്നെ പറയാറുണ്ട്.

പാട്ടിന്റെ വഴി

അൽഫോൺസ് സംഗീത സംവിധായകനായ വഴിതേടിയത് പുല്ലുവഴിയിൽ നിന്നു വിളിച്ച 10-ാം ക്ലാസുകാരൻ ആഷിഖ് ബാബുവാണ്. ‘അപ്പച്ചൻ പള്ളിയിൽ ക്വയർ മാസ്റ്ററായിരുന്നു. 10-ാം ക്ലാസൊക്കെയായപ്പോൾ ഞാനും പലതരം സംഗീതം കേട്ടും ആസ്വദിച്ചും പഠിച്ചു തുടങ്ങിയിരുന്നു. ഇൻസ്ട്രമെന്റുകളും പഠിച്ചു. എംസിഎ കഴിഞ്ഞ് ഒരു കംപ്യൂട്ടർ സ്ഥാപനത്തിൽ ജോലി ചെയ്യവേ കാസറ്റുകളുടെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് പലരുടെയും സഹായിയായി പ്രവർത്തിച്ചു. പിന്നീട് ദുബായിൽ ഒരു എഫ്എം റേഡിയോയിൽ ജോലി കിട്ടി പോകുമ്പോഴാണ് ആദ്യ സിനിമയായ വെള്ളിത്തിരയിലേക്ക് അവസരം ലഭിക്കുന്നത്’.

ആഷിഖിനായി വെള്ളിത്തിരയിൽ ഹരിഹരൻ ആലപിച്ച ‘ഹൃദയ സഖി.. സ്നോഹ മയീ...’ എന്ന ഗാനവും ആലപിച്ചു.

ആരോഗ്യ പ്രവർത്തകർക്കും സംഗീതാദരം

കളമശേരി ഗവ.മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകർക്കായി അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ അനിൽ കുമാറിന്റെ വിളിയെത്തിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകർക്കുള്ള നന്ദിയും അഭിനന്ദനവും അൽഫോൺസ് വ്യക്തമാക്കി. അദ്ദേഹം സംഗീതം നൽകിയ ‘കേര നിരകളാടും ഹരിത ചാരുതീരം’ അവർക്കു വേണ്ടി പാടുകയും ചെയ്തു. സംഗീതത്തിന്റെ നൊട്ടേഷൻ പഠിക്കണമെന്ന മോഹവുമായാണ് വൈപ്പിനിൽ നിന്നു ഹാർമോണിസ്റ്റായ ജോസഫ് വിളിച്ചത്. 53 വയസായ തനിക്ക് ഇനിയതു വഴങ്ങുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.

‘പ്രായം ഒരു പ്രശ്നമല്ല. മനസും താൽപര്യവുമാണ് പ്രധാനം. നൊട്ടേഷൻ പഠിക്കുക എന്നത് ഭാഷ പഠിക്കും പോലെയാണ്. അക്ഷരം പഠിച്ച് കൂട്ടിവായിക്കാൻ ആദ്യം ബുദ്ധിമുട്ടു തോന്നിയാലും പിന്നീട് അനായാസമാവുന്ന പോലെ നൊട്ടേഷനുകളും വഴങ്ങും’- അൽഫോൺസ് വ്യക്തമാക്കി.

പ്രാർ‍ഥന ഗാനം

കോതമംഗലത്തു നിന്നു വിളിച്ച അലൻ ജോർജ് കുട്ടിക്കായി താൻ ഒടുവിൽ സംഗീത സംവിധാനം നിർവഹിച്ച ‘വരനെ ആവശ്യമുണ്ട് ’ എന്ന സിനിമിലെ ഗാനങ്ങൾ അൽഫോൺസ് ആലപിച്ചു. കോട്ടയം സ്വദേശി മരിയ തോമസ് വിളിച്ചത് താൻ എഴുതിയ ഗാനങ്ങൾ പരിശോധിച്ച് അതു സംഗീതം പകരാൻ യോഗ്യമാണോ എന്ന് ഉപദേശിക്കണമെന്ന അഭ്യർഥനയുമായിട്ടായിരുന്നു. ഇ-മെയിൽ ആയി ഗാനങ്ങൾ അയയ്ക്കാൻ അദ്ദേഹം നിർദേശിച്ചു. പെരുമ്പടപ്പിൽ നിന്നു വിളിച്ച സൂസി ഗിൽബർട്ട് വിശേഷങ്ങൾ പങ്കുവച്ചു കഴിഞ്ഞു സഹോദരന്റെ മകൾ 10 വയസുകാരി സിയ അൽഫോൺസ ജോസഫിനു ഫോൺ കൊടുത്തു. താൻ തന്നെ ചിട്ടപ്പെടുത്തിയ കോവിഡിനെതിരായ പ്രാർഥന ഗാനമായിരുന്നു സിയയുടെ സമ്മാനം. കുടുംബ പ്രാർഥനയിൽ ഈ ഗാനം ആലപിക്കാറുണ്ടെന്ന് സൂസി വ്യക്തമാക്കി. സിയയ്ക്കു നല്ല സംഗീത വാസനയുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ അൽഫോൺസ് കുട്ടിയെ സംഗീതം പഠിപ്പിക്കണമെന്നും നിർദേശിച്ചു.

English Summary: Alphons Joseph, Lock down days

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA