ഡാൽഗോണ കോഫിയിൽ നിന്ന് മൈക്രോഗ്രീൻ കൃഷിയിലേക്ക്; ലോക്ഡൗണിന്റെ ഒരു മാസം ഇങ്ങനെ

kerala-lockdown
SHARE

കോവിഡിനെ പ്രതിരോധിക്കാനുള്ള വീട്ടിലിരിപ്പിന് ഒരു മാസം. കൊറോണ വൈറസിന്റെ ചങ്ങല പൊട്ടിക്കാനുള്ള ലോക്ഡൗൺ കാലം ചിലർക്ക് സന്തോഷമായിരുന്നു, മറ്റു ചിലർക്ക് സങ്കടവും. സങ്കടപ്പെട്ട കൈകളിലേക്ക് സന്തോഷം പകർന്നു നൽകി ചിലർ ലോക്ഡൗൺ കാലത്തെ നന്മയായി. 

നന്മപ്പൊലീസ്

ആളുകൾ വീട്ടിലിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റോഡിലിറങ്ങിയ പൊലീസിനും കോവിഡ് കാലത്ത് ജാഗ്രത വർധിപ്പിച്ച ആരോഗ്യ പ്രവർത്തകർക്കും ലോക്ഡൗൺ വിശ്രമമില്ലാത്ത ദിവസങ്ങളായിരുന്നു. ക്രമസമാധാന പാലനം മാത്രമല്ല, ആളുകളെ പരിപാലിക്കേണ്ട ചുമതലയും പൊലീസ് ഇക്കാലത്ത് ഏറ്റെടുത്തു. വിശക്കുന്ന വയറുമായി തെരുവിൽ കഴിയുന്നവർക്കു വേണ്ടി ഭക്ഷണപ്പൊതികളുമായി പൊലീസെത്തി.

ജീവൻരക്ഷാസേന

ആളിപ്പടരുന്ന തീയണയ്ക്കാൻ മാത്രമല്ല വേദനിക്കുന്ന മനസ്സുകളിലെ തീ കെടുത്താനും അഗ്നിരക്ഷാ സേനയെത്തി. കേരളത്തിന്റെ ഏതു മൂലയിലും മരുന്നുമായി കുതിച്ചെത്തി അഗ്നിരക്ഷാ വാഹനങ്ങൾ ജീവൻ രക്ഷാദൗത്യത്തിനു പുതിയ മാനം നൽകി. സാമൂഹിക അകലം പാലിച്ച് രോഗപ്രതിരോധ പ്രവർത്തനത്തിൽ സജീവമാകാൻ യുവജന സംഘടനകളും മുന്നിട്ടിറങ്ങി. 

സമൂഹ അടുക്കള

ലോക്ഡൗൺ അതിഥി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിയെങ്കിലും അവരുടെ വിശപ്പടക്കാൻ കേരളം ഒന്നിച്ചു നിന്നു. ചിലയിടങ്ങളിൽ പ്രതിഷേധവുമായി അവർ രംഗത്തെത്തിയിട്ടു പോലും കരുതലോടെയാണ് അവരെ സംസ്ഥാനം ഉൾക്കൊണ്ടത്. സമൂഹ അടുക്കളയിൽ ചിലർ രാഷ്ട്രീയം വേവിച്ചെടുക്കാൻ നോക്കിയെങ്കിലും അതിഥി തൊഴിലാളികൾക്കുൾപ്പെടെ ഒട്ടേറെ പേർക്ക് ആശ്വാസമായി. ലോക്ഡൗൺ മൂലം തൊഴിലില്ലാതായവർ ഒട്ടേറെ. കൂലിപ്പണിക്കാർ, ചെറുകിട വ്യാപാരികൾ, കടകളിലെ ജോലിക്കാർ, ഹോട്ടൽ ജീവനക്കാർ, മോട്ടർ വാഹന തൊഴിലാളികൾ, ബാർബർമാർ, ലോട്ടറി വിൽപനക്കാർ, ദിവസവേതനത്തിനു വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർ. ലോക്ഡൗൺ കാലം കഴിഞ്ഞാലും അവരുടെ സങ്കടം ഒഴിയില്ല. ജീവിതത്തിന്റെ പഴയ ഒഴുക്ക് തിരിച്ചു പിടിക്കാൻ അവർ ഇനിയും എത്രയോ തുഴയണം.

പുതിയ ശീലങ്ങൾ

വീട്ടിലിരുപ്പു കാലത്ത് പലരും പുതിയ ശീലങ്ങൾ പഠിച്ചു. വിരസത മാറ്റാൻ പലവഴികൾ തേടി. ഉള്ളതു കൊണ്ട് ഓണം പോലെയുണ്ണാൻ നോക്കി. പറമ്പിൽ സുലഭമായ ചക്കപോലുള്ള ഫലങ്ങൾ അടുക്കളകളിൽ മൂല്യവർധിത ഉൽപന്നങ്ങളായി.

മൈക്രോഗ്രീൻ കൃഷി

ഫ്ലാറ്റിനുള്ളിലും വാടകവീടുകളിലും താമസിക്കുന്നവർ ലോക്ഡൗണിൽ ആരംഭിച്ച ശീലമാണു മൈക്രോഗ്രീൻ കൃഷി. ഉലുവ, കടുക്, ചെറുപയർ തുടങ്ങി വീട്ടിൽ ലഭ്യമായ കുഞ്ഞു വിത്തിനങ്ങൾ വളർത്തിയെടുത്ത് ഇലയും തണ്ടുമെല്ലാം പച്ചയ്ക്കും തോരനായും സാലഡായും കഴിക്കുന്ന പുതിയ ആരോഗ്യ ശീലം. അടുക്കളത്തോട്ടത്തിലേക്കു മടങ്ങാനും ആളുകൾ തയാറായി.

വിഡിയോകോൾ സൗഹൃദം

ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ കഴിയാത്തതിന്റെ സങ്കടമുണ്ടായിരുന്നു പലർക്കും. കോൺഫറൻസ് കോളിൽ ഒരുമിച്ചു ചേർന്നാണു സങ്കടം തീർത്തത്. ഉറ്റവരെ ഒരുമിച്ച് ഒരു സ്ക്രീനിൽ കണ്ട് സ്നേഹം പങ്കിട്ടു. പലരും ഇത്തരം കോൺഫറൻസ് കോൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

ചക്കക്കുരുവാണ് താരം

ലോക്ഡൗൺ കാലത്ത് ഹിറ്റായ പാചക പരീക്ഷണമാണ് ചക്കക്കുരു ഷെയ്ക്ക്. ലോക്ഡൗൺ തുടക്കത്തിൽ ഡാൽഗോണ കോഫിയായിരുന്നു താരം. പിന്നെ ചക്കയായി സൂപ്പർ. തണ്ണിമത്തൻ പായസം, തണ്ണിമത്തൻ തോട് തോരൻ തുടങ്ങിയവയും തരംഗമായി. 

സായാഹ്ന സൗഹൃദങ്ങൾ

വൈകുന്നേര, പ്രഭാത സവാരികൾ മാത്രമല്ല, വൈകുന്നേരങ്ങളിൽ വീട്ടുകാരൊരുമിച്ചു സംസാരിച്ചിരിക്കാനുള്ള ഇടങ്ങൾ കൂടിയായി ടെറസ്. ഫ്ലാറ്റിലെ ആളുകൾ ടെറസിൽ അഭയം തേടിയപ്പോൾ വീടുകളിലുള്ളവർ മുറ്റത്തും വരാന്തയിലുമൊതുങ്ങി. നാടൻ കളികളുടെയും ഇൻഡോർ കളികളുടെയും തിരിച്ചുവരവും ലോക്ഡൗൺ കാലത്തു കണ്ടു.

English Summary: Kerala's one month lock down

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA