ADVERTISEMENT

അയ്യായിരത്തിലേറെ ജീവനക്കാരും ശതകോടികളുടെ വിറ്റുവരവുമുളള ബിസിനസ് സാമ്രാജ്യം മുഴുവൻ ലോക്ഡൗണിൽ നിശ്ചലമായപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ നാളെയുടെ സാധ്യതകളിലേക്കു നോക്കുകയാണു വിഗാർഡ് ഗ്രൂപ്പ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ഗ്രൂപ്പിനു കീഴിലുള്ള യൂണിറ്റുകളും ഉൽപ്പാദന-വ്യാപാര കേന്ദ്രങ്ങളും അമ്യൂസ്മെന്റ് പാർക്കുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. ഈ പ്രതിസന്ധി കാലവും കടന്നു പോകുമ്പോൾ അതിജീവനത്തിനു പുതിയ വഴികളും ചിന്തകളും വേണ്ടി വരുമെന്നു കൊച്ചൗസേപ്പ് ചൂണ്ടിക്കാട്ടുന്നു. 

മലയാള മനോരമ സംഘടിപ്പിച്ച ‘ടോക്‌ഷോ’ ഫോൺ ഇൻ പരിപാടിയിൽ അതിഥിയായി പങ്കെടുത്ത അദ്ദേഹം മാർഗനിർദേശങ്ങൾക്കായി വിളിച്ചവർക്കെല്ലാം മുന്നിൽ വച്ചതും ഈ ചിന്തയാണ്. വൃക്കദാനത്തിലൂടെ സ്വയം മാതൃക കാട്ടി അവയവദാനത്തിനും വലിയ പിന്തുണ പകരുന്ന അദ്ദേഹത്തിന്റെ നൻമ നിറഞ്ഞ പ്രവർത്തനങ്ങൾക്കു നന്ദി അറിയിച്ചു വിളിച്ചവരുമേറെ.

മാറി ചിന്തിക്കണം

വസ്ത്ര വ്യവസായ മേഖല ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നായിരുന്നു ഇടപ്പള്ളിയിൽ നിന്നു വിളിച്ച അഗസ്റ്റിൻ ലാജി പോളിന്റെ സംശയം. സർക്കാർ സഹായം ലഭ്യമാക്കാനുള്ള സാധ്യതയും ആദ്ദേഹം ആരാഞ്ഞു. സർക്കാരിന്റെ മുന്നിൽ ഇപ്പോഴുള്ള പ്രഥമ പരിഗണന വ്യവസായമോ വ്യാപാരമോ അല്ല ആരോഗ്യപരിരക്ഷയാണെന്നു കൊച്ചൗസേപ്പ് ചൂണ്ടിക്കാട്ടി. ‘വ്യപാരി-വ്യവസായി സംഘടനകൾ വഴി ആവശ്യങ്ങളും നിർദേശങ്ങളും സർക്കാരിനു മുന്നിൽ വയ്ക്കാം. പക്ഷേ, സർക്കാരിൽ സമ്മർദം ചെലുത്തിയിട്ടും കാര്യമില്ല. 

കോവിഡ് വ്യാപനം എങ്ങനെ തടയാമെന്നും എല്ലാവർക്കും എങ്ങനെ ഭക്ഷണം എത്തിക്കാമെന്നുമൊക്കെയാണു സർക്കാരിപ്പോൾ ചിന്തിക്കുന്നത്. ഈ കാലം കഴിയുന്നതോടെ ആളുകളുടെ ചിന്താഗതിയിലും ജീവിത രീതിയിലുമെല്ലാം മാറ്റം വരാം. അതു കണ്ടറിഞ്ഞു വ്യാപാര-വ്യവസായ മേഖലയും മാറേണ്ടി വരും. 

മാറി ചിന്തിക്കുന്നവർക്കു മാത്രമേ ഈ പ്രതിസന്ധി അതിജീവിച്ചു നല്ല ഭാവി കണ്ടെത്താനാവൂ. ഞങ്ങളുടെ വസ്ത്ര വ്യാപാര ബ്രാൻഡായ വി സ്റ്റാർ ഇനി ഏറെ ആവശ്യക്കാരുള്ള മാസ്ക് നിർമാണത്തിലേക്കു കടക്കാനുള്ള തയാറെടുപ്പിലാണ്. 

അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ത്രീകൾക്കു തൊഴിൽ കൊടുക്കാനെങ്കിലും പറ്റുമല്ലോ. വീ ഗാർഡും പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നുണ്ട്’. 

കൊച്ചൗസേപ്പ് ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയെ നേരിടാൻ എന്തു ചെയ്യാമെന്നാരാഞ്ഞു വിളിച്ച മൂവാറ്റുപുഴയിൽ ഹോൾസെയിൽ സ്റ്റിച്ചിങ് സെന്റർ നടത്തുന്ന റാണി കുര്യനോടും അദ്ദേഹം നിർദേശിച്ചത് മാസ്ക് പോലുള്ള പുതിയ ഉൽപന്നങ്ങളും നേരിട്ടുള്ള വിൽപനയും പരീക്ഷിക്കാനായിരുന്നു. 

പുതുവഴി തേടാം

തിരുവാങ്കുളം സ്വദേശിയും വണ്ടർലായിലെ മുൻ ജീവനക്കാരനുമായ എം.എൻ.നാരായണന് പറയാനുണ്ടായിരുന്നതു സ്വന്തം പച്ചക്കറി കടയിലെ വിൽപന കുറഞ്ഞു പ്രതിസന്ധിയിലായതിനെക്കുറിച്ചായിരുന്നു. തന്റെ വീടിനടുത്തു പച്ചക്കറി വിൽപന നടത്തുന്ന പെട്ടിക്കടക്കാരന്റെ അനുഭവം കൊച്ചൗസേപ്പ് അദ്ദേഹവുമായി പങ്കുവച്ചു. ‘വലിയ കുഴപ്പമില്ലാത്ത കച്ചവടം ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനായി ചെയ്തതു തന്റെ കടയിൽ നിന്നു സ്ഥിരമായി പച്ചക്കറി വാങ്ങുന്നവരുടെ വീടുകളിലെത്തി ഫോൺ നമ്പർ കൈമാറി അതിലൂടെ ഓർഡർ സ്വീകരിച്ച ശേഷം വീടുകളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു. ഇതുപോല പ്രതിസന്ധി ഘട്ടത്തിൽ കച്ചവടത്തിന് പതിവു രീതികൾ വിട്ടു പുതുവഴികൾ സ്വീകരിക്കേണ്ടി  വരും. വലുതും ചെറുതുമായ വ്യാപാരികൾക്കെല്ലാം ഇതു ബാധകമാണ്’. വിദേശത്തു നിന്നു മലയാളികൾ വൻതോതിൽ നാട്ടിലേക്കു മടങ്ങിയെത്താൻ സാധ്യതയുള്ളപ്പോൾ ഇവിടുത്തെ തൊഴിൽ സംസ്കാരത്തിൽ അവരെ എങ്ങനെ ഉൾക്കൊള്ളാനാവും എന്നതായിരുന്നു പാലാരിവട്ടം സ്വദേശി ലിബു നൈനാന്റെ ചോദ്യം. അവരവർക്കു പ്രാഗൽഭ്യമുള്ള മേഖലയിൽ തൊഴിൽ കണ്ടെത്തുകയോ സംരംഭകരാവുകയോ ചെയ്യുകയാണു വേണ്ടതെന്നും സർക്കാർ പിന്തുണയുണ്ടാവുമെന്നാണ് കരുതുന്നതെന്നും കൊച്ചൗസേപ്പ് ചൂണ്ടിക്കാട്ടി. 

ശുഭാപ്തി വിശ്വാസം വിടേണ്ട

എങ്ങനെ ഈ പ്രതിസന്ധി മറികടക്കുമെന്നു ചോദിച്ചു വിളിച്ച കൊല്ലത്തെ വി ഗാർഡിന്റെ തന്നെ ഡീലറായ വി.എസ്.അജിത്തിനോട് ഏതു പ്രതിസന്ധിക്കും അവസാനമുണ്ടാവുമെന്നും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള വഴികളെക്കുറിച്ചു ചിന്തിക്കാനുമായിരുന്നു ഉപദേശം. കണ്ണമാലിയിൽ ഹോട്ടൽ നടത്തുന്ന കെ.ടി.ആന്റണിയും എറണാകുളം പി.ടി.ഉഷ റോഡിൽ റസ്റ്ററന്റ് നടത്തുന്ന സുജ പയസും സ്ഥാപനങ്ങൾ അടക്കേണ്ടി വന്നതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണു പറഞ്ഞത്. നല്ല ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നതുപോലുള്ള പുതുവഴികൾ പരീക്ഷിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടകൾ അടഞ്ഞു വരുമാനം നിലച്ചിരിക്കുമ്പോൾ ജീവനക്കാർക്കു ശമ്പളം നൽകണമെന്ന സർക്കാർ നിർദേശം എങ്ങനെ നടപ്പാക്കാനാവും എന്നതായിരുന്നു ഇടപ്പള്ളിയിലെ പി.എം.ഖമറുദീന്റെ ചോദ്യം. ഈ സാഹചര്യം മനസ്സിലാവുന്ന ജീവനക്കാരുമായി സംസാരിച്ചു പകുതി ശമ്പളം ഇപ്പോഴും ബാക്കി സ്ഥിതി മെച്ചപ്പെടുമ്പോഴും നൽകാമെന്നതടക്കമുള്ള അനുരഞ്ജന വഴികൾ തേടുന്നതാവും ഉചിതമെന്നു കൊച്ചൗസേപ്പ് ചൂണ്ടിക്കാട്ടി.

English Summary: Kochouseph Chittilappilly, Talk show, Lock down days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com