ADVERTISEMENT

പുണ്യവും പരിശുദ്ധിയും നിറഞ്ഞ റമസാൻ മാസത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ക്ക് ആത്മസമര്‍പ്പണത്തിന്റെയും പ്രാർഥനയുടെയും നാളുകളാണിനി. റമസാൻ മാസത്തില്‍ വിശ്വാസികള്‍ മനസ്സിനും ശരീരത്തിനും നിയന്ത്രണങ്ങള്‍ വരുത്തി സ്വയം അല്ലാഹുവില്‍ സമര്‍പ്പിക്കുന്നു. ഈ നോമ്പുകാലം മാനസികവും ശാരീരികവുമായ ശുദ്ധീകരണത്തിന് സഹായിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

നോമ്പുകാലം

വിശ്വാസികള്‍ ഫജര്‍ മുതല്‍ മഗ്‌രിബ് വരെ, അതായത് സൂര്യോദയത്തിനു മുമ്പ് മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും ജലവും ഉപേക്ഷിക്കുന്നു. കൂടാതെ അഞ്ചുതവണ നിസ്‌കരിക്കുകയും ശാരീരികവും മാനസികവുമായ ആഗ്രഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. പുണ്യപ്രവൃത്തികളും ദാനധര്‍മങ്ങളും നടത്തി മനസ്സിനെ സ്‌നേഹവും അനുകമ്പയും നിറഞ്ഞതാക്കുന്നു. ഭക്ഷണത്തിന് ഇവിടെ രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.

സഹൂര്‍ (sahoor) എന്ന അത്താഴവും ഇഫ്താന്‍ എന്ന നോമ്പുതുറ സല്‍ക്കാരവും മാത്രം പാലിക്കുന്നതിനാല്‍ ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലയളവാണ് റമസാൻ മാസം. അതിനാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിനും കൂടി പ്രാധാന്യം കൊടുത്തുകൊണ്ടു നോമ്പ് അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുക.

വിശുദ്ധ നോമ്പുകാലം ആരോഗ്യപരമായി ആചരിക്കാന്‍ ചില നിര്‍ദേശങ്ങള്‍:

റമസാൻ നോമ്പ് ആചരിക്കുന്നവര്‍ – പ്രത്യേകിച്ചും ഡയബറ്റിക്, ഹൃദ്രോഗം, കിഡ്‌നി രോഗങ്ങള്‍, അമിത രക്തസമ്മര്‍ദം മുതലായ അസുഖങ്ങള്‍ ഉള്ളവര്‍- അതിനു മുമ്പായി ഒരു ഡോക്ടറെ കണ്ട് ചെക്കപ്പുകള്‍ നടത്തി സ്വന്തം ആരോഗ്യനിലയെക്കുറിച്ചുള്ള വിദഗ്ധ ഉപദേശം തേടുന്നത് നല്ലതായിരിക്കും.

സഹൂര്‍

നന്നായി പ്ലാന്‍ ചെയ്ത് സഹൂര്‍ തയാറാക്കിയാല്‍ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ആ ദിവസത്തെ നോമ്പ് ആചരിക്കാം. നാരുകള്‍ കൂടുതല്‍ അടങ്ങിയ മുഴുധാന്യങ്ങളായ തവിട്അരി, ഗോതമ്പ്, റാഗി, ഓട്‌സ് എന്നിവ ഉള്‍പ്പെടുത്തിയാല്‍ വിശപ്പ് പെട്ടെന്നു തോന്നാതെ ദിവസം മുഴുവന്‍ ഊര്‍ജം പകരാന്‍ സഹായിക്കും.

പയര്‍, പരിപ്പുവര്‍ഗങ്ങള്‍, മുട്ട, കൊഴുപ്പുകുറഞ്ഞ പാല്‍, മീന്‍, തൊലി മാറ്റിയ ചിക്കന്‍, നട്‌സ്, ഒയില്‍ എന്നിവയും ശരീരത്തിന് ബലം പകരുന്നു. ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുന്നതുവഴി വിറ്റമിനുകളും മിനറലുകളും ലഭിക്കുകയും ചെയ്യുന്നു.

നോമ്പുകാലം വേനല്‍ക്കാലത്ത് ആയതിനാല്‍ ജലത്തിന്റെ അഭാവത്താൽ ശരീരത്തിന് കൂടുതല്‍ ക്ഷീണം തോന്നാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സഹൂര്‍, ഇഫ്താര്‍ വേളകളില്‍ 8-12 ഗ്ലാസ്‌വരെ ജലം ഉള്‍പ്പെടുത്തുക. ചായ, കാപ്പി, സോഡ, കോള, ചോക്ലേറ്റ് എന്നിവ ശരീരത്തിൽ നിന്ന് കൂടുതല്‍ ജലം നഷ്ടപ്പെടുത്തുമെന്നതിനാല്‍ പകരം ഫ്രഷ് ജ്യൂസുകള്‍, കരിക്ക് വെള്ളം, സംഭാരം, നാരങ്ങാവെള്ളം, സൂപ്പുകള്‍, പാല്‍, മില്‍ക്ക്‌ഷേക്കുകള്‍, സാലഡുകള്‍, തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതല്‍ അടങ്ങിയ പഴങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുക. മധുരം, ഉപ്പ്, എരിവ്, മസാലകള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

ദിനചര്യ - വിശ്രമം

നോമ്പ്കാലത്ത് തലവേദന, ക്ഷീണം, അസിഡിറ്റി മുതലായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ശരിയായ ഉറക്കവും വിശ്രമവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ശക്തമായ വെയില്‍, വിയര്‍പ്പൊഴുക്കിയുള്ള അധ്വാനം, വ്യായാമം എന്നിവ ഒഴിവാക്കുക.

ഇഫ്താര്‍ വിരുന്ന്

പരമ്പരാഗതമായി ഇഫ്താർ അനുഷ്ഠിക്കുന്നത് വിശ്വാസ പ്രമാണങ്ങള്‍ക്കും ആരോഗ്യ സംരക്ഷണത്തിനും ഒത്ത രീതിയിലാണ്. നോമ്പ് തുറക്കുന്നത് ഇപ്രകാരമായാല്‍ ഉത്തമമാണ്:

∙ തുടക്കത്തില്‍ 2-3 ഈന്തപ്പഴങ്ങള്‍ (ശരീരത്തിലെ താഴ്ന്ന പഞ്ചസാരനിലയും ധാതു നിലയും ക്രമീകരിക്കാന്‍)

∙ ശേഷം ഒരു ഗ്ലാസ് വെള്ളം (ശരീര ഊഷ്മാവ് ക്രമപ്പെടുത്തി തണുപ്പിക്കാന്‍)

∙ തുടര്‍ന്ന് ഇളം ചൂടുള്ള ഒരു ബൗള്‍ സൂപ്പ്, സാലഡ്, ഫ്രൂട്ട്‌സ് (ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കി ദഹനവ്യവസ്ഥയെ ഉദ്ദീപിപ്പിക്കാന്‍)

∙ പിന്നീട് പ്രധാന ഭക്ഷണത്തിലേക്കു കടക്കാം. ഇഫ്താര്‍ എന്ന അനുഗൃഹീത ഭക്ഷണം സാധാരണ ഭക്ഷണത്തിന് തുല്യമായതും അതേസമയം സമ്പൂര്‍ണമായതും ആയിരിക്കണം. പ്രധാന അഞ്ചു ഭക്ഷ്യവസ്തുക്കളായ മുഴുധാന്യങ്ങള്‍, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാല്‍, മത്സ്യമാംസാദികള്‍ എന്നിവ ഉള്‍പ്പെട്ടതായിരിക്കണം. അതായത് കംപ്ലീറ്റ് കാര്‍ബോഹൈട്രേറ്റ്‌സ്-ഫൈബര്‍-പ്രോട്ടീന്‍-വൈറ്റമിന്‍സ്-മിനറല്‍സ്.

വിശുദ്ധ റമസാൻ മാസം ജീവിതത്തിലെ പാപക്കറകള്‍ മാറ്റാനും മനസ്സില്‍ കരുണയും അനുകമ്പയും നിറയ്ക്കാനും ദാനധര്‍മങ്ങളും സഹായവും നടത്തി അല്ലാഹുവിന്റെ അനുഗ്രഹം നേടാനുള്ള അവസരമായി ഉപയോഗിക്കുക. ഒപ്പംതന്നെ, ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സ് നിലനില്‍ക്കുകയുള്ളൂ എന്ന് മറക്കാതിരിക്കുക.

(തിരുവനന്തപുരം പട്ടം എസ്‌യുടി ഹോസ്പിറ്റലിലെ ഡയറ്റീഷ്യനാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com