മക്കളോടൊപ്പമുള്ള വാർധക്യം സന്തോഷകരമാക്കാം; മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ

old age
SHARE

ഏറെ നാളുകൾക്കു ശേഷം ബാല്യകാല സുഹൃത്തിനെ കാണാനിടയായി. ഭാര്യയ്ക്കും ഭർത്താവിനും ഉയർന്ന ജോലി, രണ്ടു കുട്ടികൾ, അച്ഛനും അമ്മയും ആരോഗ്യത്തോടെ ഒപ്പമുണ്ട്. കേൾവിയിൽ ആരും കൊതിക്കുന്ന ജീവിത പശ്ചാത്തലം. 

എന്നാൽ അങ്ങനെയായിരുന്നില്ല അവന്റെ നിത്യ ജീവിതം. മാതാപിതാക്കൾ എല്ലാ കാര്യങ്ങളിലും ആധികാരികമായി ഇടപെട്ട് അഭിപ്രായം പറയുന്നു. കാര്യങ്ങൾ തങ്ങളുടെ വഴിക്കു നടന്നില്ലെങ്കിൽ ദിവസങ്ങൾ നീളുന്ന നീരസം. ഇറങ്ങി എങ്ങോട്ടേക്കെങ്കിലും പൊയ്ക്കളയും എന്ന ഭീഷണി. അടുത്ത വീട്ടിലെ അച്ഛന് അവരുടെ മക്കൾ വേണ്ടപോലെ എല്ലാം ചെയ്‌തു കൊടുക്കുന്നുണ്ട് എന്ന താരതമ്യം. 

നീളുന്ന പരാതികളും പരിഭവങ്ങളും. ആദ്യമൊക്കെ അദ്ദേഹത്തോടും ഭാര്യയോടും മാത്രമായിരുന്നെങ്കിൽ ക്രമേണ അതു കുട്ടികളോടുമായി. അവരും പ്രതികരിക്കാൻ തുടങ്ങിയതോടെ ശരിക്കും യുദ്ധസമാനമായി കാര്യങ്ങൾ. 

ഇതിനെല്ലാം പുറമേ, യാദൃച്ഛികമായി ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണവും ഇദ്ദേഹത്തിലേക്കു വന്നു ചേരാൻ പോകുന്നു. എന്തു ചെയ്യണം എന്നറിയാതെ നട്ടം തിരിയുന്ന അവൻ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിക്കുന്നുവെന്നുകൂടി കേട്ടപ്പോൾ ശരിക്കും അമ്പരന്നു പോയി.

രണ്ടു ദിവസത്തിനു ശേഷം, എന്റെ അധ്യാപകൻ കൂടിയായിരുന്ന, അവന്റെ അച്ഛനെ ഒരു ചടങ്ങിൽ വച്ചു കാണാനിടയായി. ‘ജീവിതസായാഹ്നത്തിൽ മക്കളോടൊപ്പം കഴിയുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമല്ലേ?. അതു പ്രതീക്ഷിച്ചാണ് ഞങ്ങൾ എല്ലാം കെട്ടിപ്പെറുക്കി അവനോടൊപ്പം പോയത്. എന്നാൽ ഒരുഗതിയും പരഗതിയുമില്ലാതെ വന്നുകിടക്കുന്ന കുടിയേറ്റക്കാരെ പോലെയാണ് അവനും അവളും ഞങ്ങളെ കാണുന്നത്. അങ്ങോട്ട് ഒന്നും ചോദിക്കാനോ പറയാനോ പാടില്ല. തരുന്നതു വല്ലതും കഴിച്ച് അവിടെയെങ്ങാനും കിടന്നോളണം. ആ മക്കളെയും കൂടി വളർത്തി വഷളാക്കി വച്ചിരിക്കുവാ. കർമഫലം അല്ലാതെ എന്തുപറയാനാ’.

ഒരു മെഗാ സീരിയലിന്റെ കഥയായോ, വിദൂരതയിൽ ആർക്കോ എവിടെയോ സംഭവിക്കുന്ന ഒന്നായോ കരുതി തള്ളിക്കളയാൻ വരട്ടെ. ഞാനും നിങ്ങളുമൊക്കെ ഈ കഥയിലെ കഥാപാത്രങ്ങൾ തന്നെ. 

കേവലം ഒരാളുടെ തെറ്റുകളോ ചിന്താഗതിയോ കാഴ്ചപ്പാടുകളോ മാത്രമല്ല ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ ഇത്തരം ജീവിത പ്രശ്നങ്ങൾക്ക് ഒറ്റത്തവണ, ഒറ്റയാൾ പരിഹാരങ്ങൾ സാധ്യമല്ലെന്ന് സാമാന്യ ബുദ്ധിയുള്ളയാർക്കും എളുപ്പത്തിൽ മനസ്സിലാക്കാം. 

ദൈനം ദിനജീവിതത്തിൽ പാലിക്കാൻ കഴിയുന്ന ചില നിർദേശങ്ങളാണ് ചുവടെ.

(ഇതിൽ ചിലതു മുതിർന്ന പൗരന്മാർക്കു മാത്രം ബാധകമായതെങ്കിലും പൊതുവിൽ പ്രായഭേദമെന്യേ ശ്രദ്ധിക്കേണ്ടവയാണ്)

നിത്യ ജീവിതത്തിൽ നിന്നുള്ള ബോധപൂർവമായ വിടുതൽ നാം സ്വയം പരിശീലിക്കണം. എവിടെ പ്രവർത്തിക്കണം, എവിടെ നിവർത്തിക്കണം എന്ന് അറിയുന്നവൻ യോഗ്യൻ എന്നാണല്ലോ പ്രമാണം. വാർധക്യത്തെ ആസ്വാദ്യകരമാക്കാൻ നാം സ്വായത്തമാക്കേണ്ടുന്ന ഏറ്റവും വലിയ ആയുധമാണത്. ഒരു കാര്യത്തിലും അനാവശ്യമായി ഇടപെട്ട് അനഭിമതരാകാതെ സൂക്ഷിക്കുക. മക്കളുടെ സാമ്പത്തിക കാര്യങ്ങളോ, കൊച്ചുമക്കളുടെ പഠനകാര്യമോ, വിവാഹക്കാര്യമോ എന്തുമായിക്കൊള്ളട്ടെ, തന്റെ സ്ഥാനവും കടമയും നന്നായി മനസ്സിലാക്കി അതിനുചിതമായി മാത്രം പ്രവർത്തിക്കുക.‘അധികാരം’ പുതുതലമുറയ്ക്കു കൈമാറുന്നതു നമ്മുടെ പരാജയമോ കഴിവുകേടോ അല്ല എന്ന് തിരിച്ചറിയുക; അത് സന്തോഷത്തോടെ നിർവഹിക്കുക

ആദരവും പരിഗണനയും മറ്റും മുതിന്നവരിലേക്കു മാത്രം പ്രവഹിക്കുന്ന ഒറ്റയടിപ്പാതകളായി കാണരുത്. പ്രായഭേദമെന്യേ എല്ലാവരും ഇതൊക്കെ അർഹിക്കുന്നുണ്ട്. ആരും ആരുടേയും ആജ്ഞാനുവർത്തികൾ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഒരു തരത്തിലും ഉള്ള വാശിയും വച്ചു പുലർത്താതിരിക്കുക. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഗുണകരമായ ഒരു ചലനവും സൃഷ്ടിക്കില്ല എന്ന് തിരിച്ചറിയുക .

താരതമ്യം പാടില്ല. ‘ഇതിനേക്കാൾ മെച്ചമാണത്’ എന്ന അക്കരപ്പച്ച മനുഷ്യമനസ്സിന് എല്ലാ കാര്യത്തിലുമുള്ളതാണ്. ജീവിത സായാഹ്നത്തിൽ ഒരു മകനോടോ മകളോടോ ഒപ്പം ജീവിക്കുമ്പോൾ ,ഇവിടുത്തേക്കാൾ മെച്ചമാണ് മറ്റൊരു സ്ഥലത്തു തങ്ങൾക്ക് കിട്ടുന്ന പരിഗണന അല്ലെങ്കിൽ മറ്റൊരാൾക്ക് അവരുടെ മക്കൾ ഒരുക്കുന്ന സാഹചര്യങ്ങൾ എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും . ഇത്തരം മനോവ്യാപാരങ്ങൾക്ക് തുടക്കത്തിൽ തന്നെ കടിഞ്ഞാണിടുക.

 പ്രായമാകുമ്പോൾ അച്ഛനെയും അമ്മയേയും നോക്കേണ്ടത് മക്കളുടെ കടമയാണെന്നോ പരിചരിക്കുന്നവർക്കു കുടുംബ സ്വത്തിന്റെ ഭൂരിഭാഗവും ലഭിക്കും എന്നോ ഒക്കെയുള്ള ധാരണ വളർത്തിക്കൊണ്ടു വരരുത്. അപ്പോഴത്തെ സാഹചര്യങ്ങൾ വച്ച് ഏറ്റവും ഉചിതം ആയവർ അതു നിർവഹിക്കണം എന്ന രീതി അനുവർത്തിക്കുക. 

പറഞ്ഞവാക്ക് കൈവിട്ട ആയുധം പോലെ ഒരിക്കലും തിരിച്ചെടുക്കാനാവില്ല എന്ന് എപ്പോഴും ഓർമിക്കുക. വൈകാരികമായി അസ്വസ്ഥമായിരിക്കുമ്പോൾ ഇതു പ്രത്യേകം ശ്രദ്ധിക്കുക. 

സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് ആരെയും ആശ്രയിക്കാതിരിക്കുക. അതുപോലെ നമുക്കു ചെയ്യാൻ കഴിയുന്ന സഹായങ്ങൾ സർവാത്മനാ എല്ലാവർക്കും എല്ലായ്പ്പോഴും ചെയ്തു കൊടുക്കാൻ തയാറാവുക.

സ്നേഹവും പരിലാളനയും സ്വന്തം മക്കളിലേക്കും പേരക്കുട്ടികളിലേക്കും മാത്രം ചുരുങ്ങേണ്ടുന്ന ഒന്നല്ല എന്നറിയുക. അതു സൂര്യപ്രകാശം പോലെ എല്ലാവരിലേക്കും വ്യാപിക്കേണ്ട ഒന്നാണ്. നമ്മുടെ പേരക്കുട്ടിയെ സ്‌നേഹിക്കുന്നതു പോലെ അയൽപക്കത്തെ കുട്ടിയെയും പരിഗണിച്ചാൽ അവരും നമ്മെ തിരിച്ചു സ്നേഹിക്കും. 

പേരക്കുട്ടികളെ, കുട്ടികളായി കാണാൻ ശ്രമിക്കുക. നാം പറയുന്നത് അക്ഷരം പ്രതി അനുസരിക്കാതിരിക്കുന്നതും നീരസം പ്രകടിപ്പിക്കുന്നതും ഒക്കെ വളർച്ചയിൽ പ്രകൃതി ഒരുക്കുന്നതാണെന്നു തിരിച്ചറിയുക. അവരുടെ അച്ഛനമ്മമാർക്കാണ് അവരിലുമുള്ള പൂർണമായ അധികാരം. 

കളിക്കളത്തിലെ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നാണെങ്കിലും, നിർഭാഗ്യവശാൽ അത്ര ജാഗ്രത മനുഷ്യ സമൂഹത്തിന് അവകാശപ്പെടാനാവില്ല. നാം എത്ര സംയമനം പാലിച്ചാലും നമ്മെ ചൊടിപ്പിക്കുന്ന നിലയിലേക്കു മറ്റൊരാളിന്റെ പ്രതികരണം മാറിയേക്കാം. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA