ADVERTISEMENT

ജീവിതത്തിൽ ഇതിനു മുൻപ് ഇങ്ങനെ അടങ്ങിയിരുന്നിട്ടുണ്ടോ? ലോക്ഡൗൺ ദിനങ്ങളിൽ മുൻ ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫ് ഏറ്റവുമധികം നേരിട്ട ചോദ്യമിതായിരുന്നു. അതിന് ടോമിന് ഒരുത്തരമേയുള്ളൂ – ഉവ്വ്... പണ്ടത്തെ പനിക്കാലം ! കോവിഡ്–19 വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ഡൗൺ ദിനങ്ങളിൽ ടോം ഒാർമിക്കുന്നത് പഴയ പനിക്കാലമാണ്. ‌നാലഞ്ച് ദിവസം വീട്ടുകാരുടെ ശുശ്രൂഷയിൽ അടങ്ങിയിരുന്ന ദിവസങ്ങൾ. ‘ഇൗ സാഹചര്യത്തിൽ എല്ലാവരുടെയും നന്മയ്ക്കായി വീട്ടിൽ അടങ്ങിയിരിക്കുന്നതാണ് നല്ലത്. കോവിഡ് കാലത്ത് നാം കാണിക്കുന്ന ആരോഗ്യജാഗ്രത ജീവിതകാലം മുഴുവൻ തുടരണം. ഇനിയെന്തെല്ലാം പകർച്ചവ്യാധികളാവും നമ്മളെ കാത്തിരിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാനുള്ള കാര്യങ്ങൾക്കാണ് ഇപ്പോൾ നാം മുൻതൂക്കം നൽകേണ്ടത്..’ – ടോം പറയുന്നു.

സ്കൂളിലേക്കുള്ള ഘോഷയാത്ര, പനി വരാനുള്ള കൊതി

കോഴിക്കോട്ടെ ഉൾനാടൻ ഗ്രാമമായ പൂതംപാറയിൽനിന്നു ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിക്കുള്ള യാത്രയാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒാർമകളിലൊന്നെന്ന് ടോം. മൂന്ന് കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയിരുന്നത്. കൂട്ടംകൂട്ടമായി പിളേളർസെറ്റ് കലപില കൂട്ടി ജാഥയായിട്ടാണ് പോക്ക്. വീട്ടിൽനിന്ന് എത്ര നേരത്തേയിറങ്ങിയാലും ഒന്നാം ബെല്ലടിക്കുന്ന കൃത്യസമയത്തായിരിക്കും സ്കൂളിലെത്തുക. ചില ദിവസങ്ങളിൽ ഏതെങ്കിലും ജീപ്പുകാർ ലിഫ്റ്റ് തന്നാൽ ജീപ്പിന്റെ പിന്നിൽ സ്റ്റെപ്പിനി ടയറോട് ചേർന്നൊരു നിൽപ്പുണ്ട്. അന്നേരം ലോകം മുഴുവൻ കീഴടക്കിയതു പോലെ തോന്നും. സ്കൂളിലേക്ക് നടന്നു പോകുമ്പോൾ മഴ പെയ്താൽ പിന്നെ ആഘോഷമാണ്. കുടയുണ്ടെങ്കിലും മഴ നനയുന്നതിന്റെ പിന്നിൽ ഒരു രഹസ്യമുണ്ട്. സ്കൂൾ തുറക്കുന്ന ആദ്യ ദിവസങ്ങൾ രസകരമായി തോന്നുമെങ്കിലും ക്രമേണ മടി പിടിക്കും. അടുപ്പിച്ച് കുറച്ച് ദിവസം മഴ നനഞ്ഞാൽ ഏത് വമ്പനും പനി വരും. പിന്നെ ഒരാഴ്ച വീട്ടിൽ വിശ്രമം.  കഞ്ഞി, പപ്പടം, മരുന്ന്... വീട്ടുകാരുടെ പ്രത്യേക പരിചരണം. 

volley-ball-player-tom-joseph-fashion-mask

‘പനിയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പൂതംപാറയിലെ ന്യൂമാ ക്ലിനിക്കിലെ ഡോക്ടർ ലീലാമ്മയെയാണ്. ചികിൽസാ സൗകര്യം പരിമിതമായ അന്നത്തെ കാലത്ത് ന്യൂമാ ക്ലിനിക്ക് ഞങ്ങളുടെ ‘സൂപ്പർ സ്പെഷ്യാലിറ്റി’ ആശുപത്രിയായിരുന്നു. ജീവിതത്തിൽ ആദ്യമായി കണ്ട ഡോക്ടർ ഞങ്ങളുടെ നാട്ടിലെ എല്ലാവരുടെയും ആരോഗ്യത്തിന്റെ കാവലാളായി വളരെ അർപ്പണ മനോഭാവത്തോടെ ജോലി ചെയ്ത ലീലാമ്മ ഡോക്ടറാണ്. അങ്ങനെ ലീലാമ്മ ഡോക്ടർ ഞങ്ങളുടെ കുടുംബ ഡോക്ടറായി മാറുകയായിരുന്നു. കുടുംബ ഡോക്ടർ സമ്പ്രദായം നമ്മുടെ സമൂഹത്തിൽ തിരികെ കൊണ്ടു വരണമെന്നാഗ്രഹിക്കുന്നു. സ്റ്റെതസ്കോപ്പും വെള്ളക്കോട്ടുമായി ഡോക്ടർമാരെ കാണുമ്പോഴൊക്കെ ഞാൻ ലീലാമ്മ ഡോക്ടറെ ഒാർക്കാറുണ്ട്.’ 

കളികളും മരുന്നാണ്; ഫിറ്റ്നസിന്

‘കായിക രംഗത്തുള്ളവർ എപ്പോഴും ഫിറ്റ്നസ് കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ സാധാരണക്കാർ അത്ര ശ്രദ്ധിക്കാറില്ല. ഇൗ കാലത്ത് ചെറിയ പനി പോലും കാര്യമായി എടുക്കണം. എല്ലാ പനിയും കോവിഡ്–19 ലക്ഷണമാണെന്ന് കരുതാനാവില്ലെങ്കിലും ഉടനെ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. ഇന്റർനെറ്റിന്റെ കാലത്ത് ഏത് വിവരവും വിരൽത്തുമ്പിൽ കിട്ടുമ്പോൾ പലരും സ്വയം ചികിൽസയ്ക്ക് മുതിരാറുണ്ട്. ചില മരുന്നുകൾ കഴിച്ചാൽ പെട്ടെന്ന് രോഗശമനം ലഭിക്കുമെങ്കിലും ദീർഘനാളത്തെ ഉപയോഗം ആരോഗ്യത്തെ സാരമായി ബാധിക്കുന്നത് പലരും ഒാർമിക്കാറില്ല.  ഇൗ കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ജീവിതശൈലിയാണ് നാം പിന്തുടരേണ്ടത്. ലോക്ഡൗൺ സമയത്തും വീട്ടിൽ ചെയ്യാൻ കഴിയുന്ന ലഘു വ്യായമങ്ങൾ ചെയ്യാൻ ശ്രമിക്കുക. കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ ആരോഗ്യശീലങ്ങൾ പറഞ്ഞ് കൊടുക്കുകയും വേണം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്കും മുൻതൂക്കം നൽകണം. കുട്ടികൾക്ക് കായികവിനോദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചാൽ പൊണ്ണത്തടി പോലുള്ള ജീവിതശൈലീ രോഗങ്ങളെ ചെറുപ്പത്തിലെ ചെറുത്തു തോൽപിക്കാം. ഞങ്ങളുടെ തലമുറയ്ക്ക് പുറത്തു പോയി കളിക്കാൻ അവസരം ലഭിച്ചിരുന്നു. എന്റെ ചെറുപ്പത്തിൽ പൂതമ്പാറ ‘യൂണിറ്റി’ ക്ലബ് എല്ലാക്കൊല്ലവും വോളിബോൾ ടൂർണമെന്റ് നടത്തിയിരുന്നു, ചേട്ടൻ റോയ് ജോസഫ് ഉൾപ്പെടെയുള്ളവർ പറന്നു കളിക്കുമ്പോൾ എനിക്കു 13 വയസ്സേയുള്ളു. ഔട്ട് പെറുക്കലാണു ജോലി. അന്നു തുടങ്ങിയതാണ് വോളിബോൾ കോർട്ടുമായുള്ള ആത്മബന്ധം. യൂണിറ്റി ക്ലബ് ഇന്നില്ല. പക്ഷേ, ആ യൂണിറ്റി ക്ലബ്ബ് ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ടോം ജോസഫ് ഉണ്ടാകുമായിരുന്നില്ല.’ 

വീട്ടിലും വേണം ഡ്രൈ ഡേ

volley-ball-player-tom-joseph-family

ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ ജോലി കിട്ടിയ ശേഷം തൃപ്പൂണിത്തുറ പുതിയകാവിലേക്ക് താമസം മാറ്റിയപ്പോഴും ടോം നാട്ടിൻപുറത്തെ ശീലം മാറ്റിയില്ല. എല്ലാ ഞായറാഴ്ചയും ടോമിനും കുടുംബത്തിനും വീട്ടിൽ ഡ്രൈ ഡേയാണ്. കുന്നപ്പള്ളി വീടും പരിസരവും എപ്പോഴും വൃത്തിയായിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.  വീട്ടിലെ 'ശുചീകരണ സ്വകാഡിൽ ടോമിനൊപ്പം ഭാര്യ ജാനറ്റ് മക്കൾ റിയ, സ്റ്റുവർ‌ട്ട്, ജൂവൽ റോസ് എന്നിവർ ഒപ്പം കൂടും. ‘ഇപ്പോൾ എല്ലാവരും  കോവിഡ്–19 പ്രതിരോധത്തിന്റെ പുറകെയാണ്. തൊട്ടു പിന്നാലെ വരുന്ന പനിമഴക്കാലം നമ്മൾ ഗൗരവമായി എടുക്കണം. ഇടവിട്ടു പെയ്യുന്ന മഴയിൽ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിനു മുട്ടയിട്ടു പെരുകാൻ നമ്മൾ അവസരം കൊടുക്കരുത്’ – ടോം പറയുന്നു. വീടും പരിസരവും മാത്രമല്ല ടോമിന്റെ ശുചീകരണ യഞ്ജത്തിന്റെ പരിധിയിലുള്ളത്. വീട്ടിലേക്കുള്ള വഴിയും വൃത്തിയാക്കാറുണ്ട്.

ശീലിക്കണം, നല്ല ഭക്ഷണവും ജീവിതശൈലിയും

വോളിബോൾ കോർട്ടിൽ ഒാൾറൗണ്ടറായ ടോം വീട്ടിലെ ‘അടുക്കള കോർട്ടി’ലും സമയം കിട്ടുമ്പോൾ ചില വിഭവങ്ങൾ പരീക്ഷിക്കും. ലോക്ഡൗൺ കാലത്തും തുടർന്നും ആരോഗ്യകരമായ ഭക്ഷണരീതികൾ പരമാവധി പിന്തുടരുകയാണ് നല്ലതെന്നാണ് ടോമിന്റെ പക്ഷം. ഇൗ കാലത്ത് ഡയറ്റിങ്ങിന് പറ്റിയ പുതിയൊരു റെസിപ്പിയും ടോം പരീക്ഷിച്ചു – ചക്കക്കുരു ഷേക്ക് ! ആവശ്യത്തിനു ചക്കക്കുരു എടുക്കുക. വെളുത്ത തൊലി കളയുക. ബ്രൗൺ തൊലി കളയരുത്. കുക്കറിൽ ഇട്ട് രണ്ടു വിസിൽ അടിച്ചശേഷം പുറത്തെടുത്തു തണുപ്പിക്കുക. തണുത്ത പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിക്കുക. ഷേക്ക് റെഡി. 

‘ഭക്ഷണം പോലെ ജീവിത ശൈലിയിലും നമ്മൾ മാറ്റങ്ങൾ കൊണ്ടു വരേണ്ടതായുണ്ട്. മുൻപ് അപൂർവമായി മാത്രം മാസ്ക് ധരിച്ചിരുന്ന നാം മുൻകരുതൽ എന്ന നിലയ്ക്ക് നിർബന്ധമായും മാസ്ക് ധരിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം എനിക്കൊരു സർപ്രൈസ് മേസേജ് കിട്ടി – എന്റെ ഫോട്ടോ വെച്ച് ഡിസൈൻ ചെയ്ത മാസ്ക്. കൊച്ചിയിലെ ഫ്ലൈ സ്പോർട്സിലെ ബിപിനാണ് മാസ്കിൽ പടം വെച്ച് പുതിയൊരു പരീക്ഷണത്തിനു മുതിർന്നത്. മാസ്ക് വെച്ചാൽ ആളാരാണെന്നു പറയാൻ ബുദ്ധിമുട്ടുള്ള സമയത്ത് എന്റെ ഫോട്ടോ വെച്ച മാസ്ക് എനിക്ക് ധരിക്കാൻ സന്തോഷമേയൂള്ളൂ, മാസ്ക് ഉൗരി ആരെയും പരിചയപ്പെടുത്തേണ്ടല്ലോ?’ ഒപ്പം മറ്റൊരു സാധ്യതയും ടോം കാണുന്നുണ്ട് – ഇനിയാരെങ്കിലും എന്റെ ഫോട്ടോയുള്ള മാസ്ക് ധരിച്ച് എന്തെങ്കിലും കുരുത്തേക്കേട് ഒപ്പിച്ചാൽ ഇടി കൊള്ളേണ്ടി വരുമോ?

English Summary: Former Indian Volleyball player Tom Joseph about lock down and fever days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com