മറ്റുള്ളവരുടെ കുടയും നൂലിൽ കെട്ടിയ പേനയും വേണ്ട; കോവിഡ് കാലത്ത് മാറ്റേണ്ട 10 ശീലങ്ങൾ

covid lifestyle changes
SHARE

കൊറോണ വൈറസിനൊപ്പം ജീവിക്കാനാണ് ഇപ്പോൾ നമ്മൾ ശീലിക്കുന്നത്. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം ആ ജീവിതത്തിലെ നല്ല ശീലങ്ങൾ. ഇതിനിടയിലെ ചെറിയ വീഴ്ചകൾ നമുക്കു മാത്രമല്ല, സമൂഹത്തിനൊട്ടാകെ പ്രതിസന്ധി സൃഷ്ടിക്കും. അതുകൊണ്ടു തന്നെ കരുതൽ വേണം, എല്ലാ കാര്യത്തിലും.

ഒട്ടും വേണ്ട, ഹസ്തദാനം

life6

സൗഹൃദം മനസ്സിൽ മതി, ഹസ്തദാനവും ആലിംഗനവുമൊന്നും വേണ്ട. അടുപ്പമുള്ളവർ അടുത്തെത്തുമ്പോൾ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചു നമസ്കാരം പറയാം.

മറക്കേണ്ട, കുടയെടുക്കാൻ

life7

മഴക്കാലമാണ്. മഴ പെയ്താൽ ആരുടെയെങ്കിലും കുട തൽക്കാലത്തേക്കു കടം വാങ്ങുന്നൊരു ശീലം നമുക്കുണ്ട്. കൊറോണ കാലത്ത് ആ കടം വാങ്ങൽ ഒഴിവാക്കാം. പലർ ഉപയോഗിക്കുന്ന കുടകളിൽ നിന്ന് കൊറോണ വൈറസ് കൈയിലെത്താനുള്ള സാധ്യതയേറെ.

എടിഎമ്മിലും സൂക്ഷിക്കണം

life4

എടിഎം, പിഒഎസ് മെഷിനുകൾ എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം. ഒട്ടേറെ പേരുടെ കൈവിരലുകൾ പതിയുന്നതാണ് ഇവ രണ്ടും. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നതു മുൻപും ശേഷവും കൈകൾ അണുവിമുക്തമാക്കണം.

വാതിൽപിടി ഒഴിവാക്കാം

life8

പൊതുവായ ഇടങ്ങൾ, പബ്ലിക് ടോയ്‌ലറ്റുകൾ എന്നിവയുടെ ഡോർ‌ ഹാൻഡിലുകൾ പലതരത്തിലുള്ള ആളുകൾ പിടിക്കുന്നതാണ്. അവയിൽ വൈറസ് ഉണ്ടാവാൻ സാധ്യതയേറെ. ഇത്തരം ഡോർ ഹാൻഡിലുകൾ പിടിക്കുന്നതു പരമാവധി ഒഴിവാക്കാം. അഥവാ പിടിച്ചാൽ തന്നെ കൈകൾ ഉടൻ അണുവിമുക്തമാക്കാം.

നൂലിലെ പേന നമുക്കു വേണ്ട

life5

ബാങ്കുകളിലും മറ്റ് ഓഫിസുകളിലും പൊതു ജനങ്ങളുടെ ഉപയോഗത്തിനായി പേന കണ്ടിട്ടില്ലേ (നൂലിൽ കെട്ടിവച്ചത്!). പലതരത്തിലുള്ള ആളുകളുടെ വിരൽസ്പർശമേറ്റ ഈ പേന വൈറസ് കാലത്ത് അപകടകാരിയാവാം. സ്വന്തമായി ഒരു പേന കൈയിൽ കരുതുന്നതു നല്ലത്.

സൂക്ഷിച്ചാവാം ഇടപാടുകൾ

life2

കറൻസി നോട്ട് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കാം. പലതരത്തിലുള്ള ആളുകളുടെ കൈമറിഞ്ഞ് എത്തുന്നതാണു കറൻസി നോട്ടുകൾ. തുപ്പൽ തൊട്ട് കറൻസി നോട്ടുകൾ എണ്ണരുത്. നോട്ട് ഇടപാടുകൾ കഴിഞ്ഞ ശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക.

ആ കറക്കം നിർത്താം

life3

ഓഫിസിനുള്ളിൽ നമ്മുടെ കസേരയും മേശയും മാത്രം ഉപയോഗിക്കുക. മറ്റുള്ളവരുടെ കസേര, മേശ എന്നിവയിൽ അനാവശ്യമായി കൈ വയ്ക്കുന്നത് അവർക്കും നമുക്കും ഒരു പോലെ പ്രശ്നമാണ്. കോവിഡ് കാലം കഴിയും വരെ ഓഫിസിനുള്ളിലെ അനാവശ്യമായ കറക്കങ്ങൾ ഒഴിവാക്കാം.

വെള്ളം കുടിക്കാം; കുടുക്കാകരുത്

pathanamthitta-police-drinking-water

പുറത്തു നിന്നുള്ള വെള്ളം കുടിക്കുന്നതു പരമാവധി ഒഴിവാക്കുക. പല ആളുകൾ തൊട്ട ഗ്ലാസുകൾ, കുപ്പികൾ, പാത്രങ്ങൾ എന്നിവയിലൂടെ വൈറസ് പകരാം. അതുകൊണ്ടു തന്നെ സ്വന്തമായി ഒരു കുപ്പി വെള്ളം കൈയിൽ കരുതുക.

എല്ലാം കരുതുക, കൈയിൽ

life1

വീട്ടിൽ നിന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ ആവശ്യമുള്ളതെല്ലാം കൈയിൽ കരുതണം. തൂവാല, പഴ്സ്, ചീർപ്പ് എന്നിവയൊക്കെ ഇപ്പോൾ നമ്മൾ കൈയിൽ കരുതാറുണ്ട്. അതിനൊപ്പം സാനിറ്റൈസർ, മാസ്കുകൾ, പേന, കുപ്പിവെള്ളം, കുട എന്നിവയും ഉറപ്പായും കരുതണം. പരമാവധി ആവശ്യങ്ങൾക്കു സ്വന്തം സാധനങ്ങൾ തന്നെ ഉപയോഗിക്കണം. പുറത്തു നിന്നു വീട്ടിൽ മടങ്ങിയെത്തിയാൽ കുളിച്ച ശേഷമേ മറ്റുള്ളവരുമായി ഇടപെടാവൂ. അന്ന് ഉപയോഗിച്ച വസ്ത്രങ്ങൾ അലക്കാനായി ഇടാം. മാസ്ക്, തൂവാല എന്നിവ അപ്പോൾ തന്നെ ചൂടുവെള്ളത്തിൽ അലക്കിയിടുക. കുട്ടികൾ ഉപയോഗിക്കുന്ന മാസ്കും തൂവാലയും അവരോടു തന്നെ കഴുകാൻ പറയണം.

ബസിലും കരുതാം കൈയകലം

life9

ബസ്, ഓട്ടോറിക്ഷ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ നമുക്ക് ഒഴിവാക്കാൻ പറ്റില്ല. ബസിനുള്ളിൽ സാമൂഹിക അകലം പാലിക്കണം. കമ്പികളിൽ പിടിക്കാതിരിക്കാനും കഴിയില്ല. യാത്രയ്ക്കു ശേഷം നിർബന്ധമായും കൈകൾ അണുവിമുക്തമാക്കണം.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA