ADVERTISEMENT

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മെ തേടിയെത്തുന്ന ഒരനിവാര്യതയാണ്‌ വാർധക്യം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും വൈദ്യശാസ്ത്രവും കൈകോർത്ത് മനുഷ്യന്റെ പ്രതീക്ഷിത ജീവിതദൈർഘ്യം ഉയർത്തുമ്പോൾ, ജീവിത സായാഹ്നത്തിന്റെ സമയ ദൈർഘ്യമാണ് ഉയർത്തപ്പെടുന്നത്. 

ശാരീരികമായ ദുർബലതകൾ ഏറി വരുന്നതിനോടൊപ്പം മാനസികവും വൈകാരികവുമായ ഒറ്റപ്പെടലുകളാണു വാർധക്യത്തെ പൊതുവിൽ അടയാളപ്പെടുത്തുന്നത്. ഏതു പ്രായത്തിൽ വേണമെങ്കിലും ഒരുവനെ വാർധക്യം ബാധിക്കാം എന്ന് ആലങ്കാരികമായി പറയുമെങ്കിലും, കുറഞ്ഞത് 60 വയസ്സ് എങ്കിലും പിന്നിടുന്നവരെ ആ ഗണത്തിൽ കണക്കാക്കണം എന്നാണു ലോകമെമ്പാടുമുള്ള ധാരണ. മനുഷ്യരാശിയുടെ ജനന-മരണ സന്തുലനാവസ്ഥയിൽ ശാസ്ത്രലോകം കൈകടത്തിയതിന്റെ ഫലമായി ലോക ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിക്കൂടി വരികയാണ്. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ 20 ശതമാനവും വയോജനങ്ങളായിരിക്കുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

പടിഞ്ഞാറേക്ക‍് നോക്കിയാൽ മറ്റൊന്ന്

വാർധക്യ കാലത്ത്, പൊതുവിൽ വർധിച്ചുവരുന്ന അസംതൃപ്തിയുടെ കാരണങ്ങൾ ലോകത്തെമ്പാടും മനുഷ്യർ അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. വർണ-വർഗ-ദേശഭേദങ്ങൾക്ക് അതീതമായി മനുഷ്യനെ ബാധിക്കുന്ന ഒന്നാകയാൽ, വാർധക്യമുയർത്തുന്ന വെല്ലുവിളികൾ ലോകത്തിന്റെ എല്ലാ സമൂഹങ്ങളിലും ഒന്നൊഴിയാതെ അനുഭവപ്പെടുന്നുമുണ്ട്. 

വർഷങ്ങൾക്കു മുൻപ് തന്നെ, ഐക്യരാഷ്ട്ര പൊതുസഭയുടെ പല സമ്മേളനങ്ങളിലും ഇതു മുഖ്യ പ്രമേയമായതിന്റെ കാരണവും മറ്റൊന്നല്ല. വിവിധ സമൂഹങ്ങൾ പിന്തുടരുന്ന ജീവിത ക്രമത്തിലെ വ്യത്യാസങ്ങൾ അനുസരിച്ച് ഓരോ പ്രദേശത്തെയും ജനത നേരിടുന്ന പ്രശ്നങ്ങളിൽ വൈവിധ്യമുണ്ടെന്നു മാത്രം. പാശ്ചാത്യ രാജ്യങ്ങളിൽ അനുവർത്തിച്ചു വരുന്ന ജീവിത ക്രമത്തിന് ഇന്ത്യയിൽ കാണുന്നതു പോലെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പില്ല. 18 വയസ്സ് ആകുന്നതോടെ, കുട്ടികൾ മാതാപിതാക്കളിൽ നിന്ന് അകന്ന് സ്വതന്ത്ര ജീവിതം നയിച്ചുതുടങ്ങുന്നു. അതിനു ശേഷം അവിടെ മാതാപിതാക്കളുടെ ഇടപെടൽ തുലോം കുറവാണ്. ഇത്തരം സമൂഹങ്ങളിൽ ,സ്നേഹത്തിനോ വ്യക്തിബന്ധങ്ങൾക്കോ യാതൊതു വിലയില്ലെന്നും , വൈകാരികമായ യാതൊരു അടുപ്പവും അവിടെയില്ല എന്നോ അർഥമില്ല. 

ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവനവന്റെ തീരുമാനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നതിനാൽ ജീവിതം രൂപപ്പെടുത്തുന്നത് അവനവൻ തന്നെ എന്നു മാത്രം . ജീവിതത്തിൽ വന്നുഭവിക്കുന നല്ലതും ചീത്തയുമായ അനുഭവങ്ങൾക്കു മറ്റാരോടും കടപ്പാടോ പരിഭവമോ പഴിചാരലോ ഒന്നുമില്ലെന്നു ചുരുക്കം. വളർന്നു വരുന്ന ഓരോ കുട്ടിയും കാണുന്നത് ഈ രീതി ആയതിനാൽ വാർധക്യകാല ജീവിതം എങ്ങനെയായിരിക്കണം എന്ന് അവർ ജീവിതത്തിന്റെ പ്രാരംഭ ദശയിൽ തന്നെ ചിന്തിച്ചു തുടങ്ങുന്നു. വാർധക്യ കാലത്തെ സാമ്പത്തിക ക്രമീകരണങ്ങൾ അനുസരിച്ച് മരണം വരെ സ്വന്തം വീട്ടിൽ താമസിക്കണോ അതോ വയോജന സംരക്ഷണ കേന്ദ്രത്തിലേക്കു താമസം മാറണോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നു. അവരവർ സ്വയം എടുക്കുന്ന തീരുമാനം ആയതിനാൽ അവർ അക്കാര്യത്തിൽ തൃപ്തരുമാണ്.

അസംതൃപ്തിയുണ്ട്, കാണാതിരിക്കരുത്

പടിഞ്ഞാറൻ രാജ്യങ്ങളിലെ കാഴ്ചകളിൽ നിന്നു വ്യത്യസ്തമാണു നമ്മുടെ സമൂഹങ്ങൾ നേരിടുന്ന അസംതൃപ്തി. വൈകാരിക കെട്ടുപാടുകളിൽ നിന്ന് ഉടലെടുക്കുന്നവയാണ് അതിലേറെയും. പ്രായമേറുന്ന മാതാപിതാക്കൾ നമ്മുടെ അണുകുടുംബങ്ങളുടെ സംതുലനാവസ്ഥയെ തകിടം മറിക്കുന്ന കാഴ്‌ചയാണ് ഇന്നു കണ്ടു വരുന്നത്.

പുത്തൻ മേച്ചിൽ പുറങ്ങൾ തേടി , മഹാ നഗരങ്ങളിലേക്ക് കുടിയേറിയ മലയാളി, പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ തിരികെ നാട്ടിലേക്കു പോകണോ അതോ അവരെക്കൂടി മഹാ നഗരങ്ങളിലേക്കു പറിച്ചുനടണോ എന്ന അങ്കലാപ്പിലാണെപ്പോഴും. ഇതിൽ ഏതു തീരുമാനത്തിൽ എത്തിയാലും ഒരു ഭാഗം ജീവിതകാലം മുഴുവൻ അസംതൃപ്തിയിൽ ആണ്ടുപോകുന്നു.

കുറച്ചു കാലം മുൻപ് വരെ, വയോജന സമൂഹത്തിന്റെ ഒറ്റപ്പെടലും, വൈകാരിക അരക്ഷിതാവസ്ഥകളും മറ്റും പാശ്ചാത്യ സംസ്കാരത്തിന്റെയും ജീവിതക്രമത്തിന്റെയും പോരായ്‌മകളായി പറയപ്പെട്ടിരുന്നുവെങ്കിലും ആഗോളവൽക്കരണവും അന്ധമായ പാശ്ചാത്യ അനുകരണവും കൊച്ചുകേരളത്തിലും അവയെകൊണ്ടെത്തിച്ചു. ഉൽപാദനക്ഷമമല്ലാത്ത, ഉപയോഗശൂന്യമായ എല്ലാറ്റിനെയും വലിച്ചെറിയാനും വച്ചുമാറാനും പഠിപ്പിച്ച ഉപഭോഗസംസ്കാരത്തിന് ഇങ്ങനെയൊരു പാർശ്വഫലം കൂടിയുണ്ടെന്നു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 

ലോകത്തിന്റെ മുഴുവൻ കണക്കുകൾ താരതമ്യം ചെയ്ത്, ജനസംഖ്യയിലെ വയോജനാനുപാതം മാനദണ്ഡമാക്കി തരംതിരിച്ചാൽ അതിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന കാര്യം വിസ്മരിക്കരുത്. പ്രായമായ മാതാപിതാക്കൾ വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന കാര്യത്തിൽ കേരളം മുൻപന്തിയിൽ ആണെന്ന് ഈ അടുത്തിടെ പുറത്തു വന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങളെയും ഗൗരവമായി തന്നെ സമീപിക്കേണ്ടതുണ്ട്

അവഗണിക്കരുത്, നമുക്ക് മുന്നേ നടന്നവരെ

കേവലം അവഗണന മുതൽ ക്രൂരമായ ശാരീരിക പീഡനം വരെ നീളുന്ന വിശാലമായ ഒരു വ്യാപ്തി വയോജന പീഡനങ്ങൾക്കുണ്ട് എന്നതും ശ്രദ്ധേയമാണ്. വളരെ വലിയ മനുഷ്യവകാശ ധ്വംസനങ്ങൾ ഉൾപ്പെട്ടിട്ടുള്ള പരാതികളുടെ എണ്ണവും കൂടിവരുന്നതായാണു ചില പഠനങ്ങൾ പറയുന്നത്. 

സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ ചൂഷണത്തിന്റെ ആഴവും ഭീകരതയും പതിന്മടങ്ങു വർധിപ്പിക്കുന്നു. നിർധനരും നിരക്ഷരരും തുടങ്ങി താഴേത്തട്ടിൽ നിൽക്കുന്ന ഒരു വിഭാഗം മാത്രമാണ് ഇതിനു വിധേയമാകുന്നത് എന്നു തെറ്റിദ്ധരിക്കരുത്. മറ്റു ചൂഷണങ്ങളിൽ നിന്നു വിഭിന്നമായി, ഉന്നത വിദ്യാഭ്യാസം നേടിയവരും ,ഉയർന്ന ജോലികളിൽ നിന്നു വിരമിച്ചവരും, ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരും ഇത്തരം ഗാർഹിക പീഡനങ്ങൾക്കു വിധേയരാകുന്നുണ്ട് എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. സ്വന്തം മക്കളിൽ നിന്നോ, മരുമക്കളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ ഉണ്ടാകുന്ന ഇവ തിരിച്ചറിയുന്നതിനും തിരുത്തപ്പെടുന്നതിനും ഒട്ടേറെ പരിമിതികളുണ്ട്. സ്വന്തം കഴിവുകേടായി ചിത്രീകരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അപമാന ഭയം നിമിത്തം പുറത്തു പറയാൻ പോലും പലരും തയാറാകില്ല. 

ജീവിതപങ്കാളിയുടെ മരണശേഷമുള്ള കാലമാണ് ഇത്തരം അതിക്രമങ്ങൾ കൂടുന്നതെന്നുള്ള നിരീക്ഷണവും ശ്രദ്ധേയമാണ്. മറ്റു സാമൂഹിക വിഷയങ്ങൾ പോലെ വാർധക്യകാല വിഷമതകൾക്കുമുണ്ട് പല മാനങ്ങൾ. ലിംഗ ഭേദം, ജീവിതനിലവാരത്തിലെയും വരുമാനത്തിലെയും ഏറ്റക്കുറച്ചിലുകൾ, ഗ്രാമീണ-നാഗരിക വ്യത്യാസം, വിദ്യാഭ്യാസവും അതുമായി ബന്ധപ്പെട്ട വ്യതിയാനങ്ങൾ അങ്ങനെ പലതും ഒറ്റനോട്ടത്തിൽ വിഭിന്നങ്ങളായി തോന്നാവുന്ന പല പരാതികളിലും,സൂക്ഷ്മമായ അപഗ്രഥനത്തിൽ,പ്രായം എന്ന ഘടകത്തെ നമുക്ക് കാണാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com