ആത്മഹത്യയിൽനിന്ന് ഒരാളെ രക്ഷിക്കാം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

sad-and-stress
SHARE

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യാവാർത്ത അറിഞ്ഞപ്പോൾ മുതൽ ആദരാഞ്ജലികളുടെ ഒഴുക്കായിരുന്നു. ചിലർ അയച്ച സന്ദേശങ്ങൾ ഇങ്ങനെയായിരുന്നു: അദ്ദേഹം ആരോടെങ്കിലും ഒന്നു സംസാരിച്ചിരുന്നെങ്കിൽ..., ജീവിതത്തിന് ഒരവസരം കൂടി നൽകിയിരുന്നെങ്കില്‍...’ ഇതുപോലുള്ള അനേകം സന്ദേശങ്ങൾ. ഈ മഹാമാരി ആത്മഹത്യപ്രവണത വർധിപ്പിക്കുന്നുണ്ടോ എന്നതാണ് ചിലരുടെ സംശയം.

ആത്മഹത്യയെക്കുറിച്ചുള്ള ചില തെറ്റായ ധാരണകളെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധൻ ഡോ. സൗമിത്ര പതാറെ പറയുന്നതു നോക്കാം. അദ്ദേഹം ഐഎൽഎസ് സൈക്യാട്രിസ്റ്റ് ഇന്നവേഷനിലെ സെന്റർ ഫോർ മെന്റൽ ഹെൽത് ലോ ആൻഡ് പോളിസി ഡയറക്ടറാണ്. 

∙ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്.

അല്ല, ആത്മഹത്യയെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് ഒരാളെ പ്രകോപിപ്പിക്കലോ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കലോ അല്ല. വിഷമകരമായ സാഹചര്യങ്ങളിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നതിന്റെയും മറ്റൊരാളെക്കുറിച്ചുള്ള കരുതൽ നിങ്ങൾക്കുണ്ട് എന്നതിന്റെയും സൂചനയാണത്. ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നത് ആത്മഹത്യ തടയാൻ സഹായിക്കുകയേ ഉള്ളു.

∙ ആത്മഹത്യാപ്രവണതയുള്ള ഒരാൾ മരിക്കാൻ ഉറച്ചു കഴിഞ്ഞു.

ആരും സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. സാഹചര്യങ്ങളെ ആശ്രയിച്ചു മാത്രമാണത്. ചിലപ്പോൾ ജീവിതം തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് പലർക്കും തോന്നാം; അത് ഒരിക്കലും മെച്ചപ്പെടുകയില്ലെന്നും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ എല്ലാ വിഷമങ്ങളും അവസാനിപ്പിക്കാനുള്ള മാർഗം ആത്മഹത്യ ആണെന്നും തോന്നാം. വൈകാരികമായ പിന്തുണയും തങ്ങളെ വിധിക്കാതെ കേൾക്കാൻ തയാറുള്ള ഒരാളെയുമാണ് ആ സമയം അവർക്കാവശ്യം.

∙ മുന്നറിയിപ്പിന്റെ ഒരു ലക്ഷണങ്ങളുമില്ലാതെയാണ് ആത്മഹത്യ സംഭവിക്കുന്നത്

ദീർഘകാലമായുള്ള വിഷാദം ആത്മഹത്യയിലേക്കു നയിക്കും. ഒരാളുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ലക്ഷണങ്ങൾ വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും പലതവണ പ്രകടമാകും. അങ്ങനെയുള്ളവരെ തിരിച്ചറിയുക എന്നതും വേണ്ട നടപടികൾ എടുക്കുക എന്നതും പ്രധാനമാണ്. തങ്ങളുടെ കുടുംബത്തോടും കൂട്ടുകാരോടും താൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്നവർ നിരവധിയാണ്. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കാതിരിക്കുക.

∙ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവർ അതു ചെയ്യുമെന്ന് അർഥമില്ല

ഒരാളെ വെറുതെ നോക്കിയതുകൊണ്ട് അയാളുടെ ഉള്ളിലെന്തെന്ന് നമുക്ക് അറിയാൻ പറ്റില്ല. ജീവിതം അവസാനിപ്പിക്കുന്നതിെനക്കുറിച്ച് സംസാരിക്കുന്നയാൾ ഒരുപക്ഷേ ഒരു പ്രഫഷനലിന്റെ സഹായം തേടുകയായിരിക്കാം. അല്ലെങ്കിൽ അതിൽനിന്നു പുറത്തുവരാൻ മാർഗമൊന്നും ഇല്ലെന്നു കരുതുന്നവരായിരിക്കാം.

∙ ആത്മഹത്യ ചെയ്യാൻ ഒരിക്കൽ തീരുമാനമെടുത്ത ഒരാൾ ആ തീരുമാനത്തിൽനിന്നു മാറില്ല

ആത്മഹത്യ ചെയ്യണമെന്ന തോന്നൽ സ്ഥിരമല്ല. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ അങ്ങനെയൊരു തീരുമാനം എടുക്കുന്നതാകാം. ഇതു നീണ്ടുനിൽക്കണമെന്നില്ല. ആത്മഹത്യാചിന്ത താൽക്കാലികമാണ്, കൃത്യസമയത്ത് അവർക്ക് സഹായം ലഭിച്ചാൽ അവർ സന്തോഷകരമായ ഒരു ജീവിതം ദീർഘകാലം ജീവിക്കും.

∙ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ ഉള്ള ആളുകൾ മാത്രമാണ് ആത്മഹത്യാ പ്രവണത കാണിക്കുന്നത്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ മാത്രമേ ആത്മഹത്യ ചെയ്യൂ എന്നില്ല. ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നതിൽ 50 ശതമാനം പേർ മാത്രമാണ് ഏതെങ്കിലും മാനസികരോഗങ്ങൾ ഉള്ളവർ എന്നാണ് പഠനങ്ങൾ പറയുന്നത്. 

ഓർമിക്കാൻ

കുടുംബപ്രശ്നങ്ങൾ, വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ, മദ്യപാനം തുടങ്ങിയവയാണ് മൂന്നിലൊന്ന് ആത്മഹത്യകൾക്കും കാരണം. കുടുംബത്തിലെ അക്രമങ്ങളും മദ്യോപയോഗവും കുറച്ചാൽ ആത്മഹത്യാനിരക്കു കുറയും.

വിഷാദം സങ്കീർണമായ പ്രശ്നം ആണെങ്കിലും അത് ചികിത്സിച്ചു മാറ്റാവുന്നതാണ്. കൃത്യസമയത്ത് പ്രഫഷനൽ സഹായം ലഭിച്ചാൽ പൂർണമായും സുഖം പ്രാപിക്കും. നിങ്ങൾക്ക് വിഷാദം ബാധിച്ച ആരെയെങ്കിലും അറിയാമെങ്കിൽ ചികിത്സ തേടാൻ അവരെ പ്രേരിപ്പിക്കാം.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA