സൈക്കോതെറാപ്പി: മടിക്കണ്ടാ, ഒരുപാടു പ്രശ്നങ്ങൾക്കു പരിഹാരമാണത്

psychotherapy
SHARE

ജീവിതത്തിലെ ആശയക്കുഴപ്പങ്ങളും  പ്രശ്നങ്ങളുമൊക്കെ അലോസരപ്പെടുത്താത്തവരില്ല. പലരും അതിനെയൊക്കെ പല മാർഗങ്ങളിലൂടെയും നേരിടുകയും മറികടക്കുകയും ചെയ്യും. ചിലരാകട്ടെ അതിനിടയിൽപെട്ട് നട്ടംതിരിയും. അതിൽ ചിലർക്ക് മനസ്സിന്റെ താളം തന്നെ തെറ്റിപ്പോയേക്കാം. അത്തരം അവസരങ്ങളിൽ മുന്നോട്ടു വഴി കാണിക്കാൻ സഹായിക്കുന്നവരാണ് മനശാസ്ത്രജ്ഞർ. പക്ഷേ നിർഭാഗ്യവശാൽ പലരും സൈക്കോതെറാപ്പിയെ കാണുന്നത് ഭയത്തോടെയാണ്. ഒരു കൗൺസിലറുടെ സഹായം തേടാൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും അവരെ പിന്തിരിപ്പിക്കാൻ സുഹൃത്തുക്കളോ ബന്ധുക്കളോ എത്തുകയും ചെയ്യാം. ശരിയായ മാർഗനിർദേശം കിട്ടാത്തതിനാൽ ബിസിനസോ കുടുംബജീവിതമോ ഒക്കെ തകർന്നുപോയവരുണ്ട്. മനശാസ്ത്രപരമായ ചികിൽസ ആവശ്യമെന്നു തോന്നിയാൽ അതിനു മടിക്കരുതെന്നു പറയുന്നു മനശ്ശാസ്ത്ര വിദഗ്ധ ഡോ. സൈലേഷ്യ. സമയത്ത് സൈക്കോതെറാപ്പി തേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഡോക്ടർ സംസാരിക്കുന്നു.

എന്താണ് മനസ്സെന്ന് ഒരായിരം പേരോട് ചോദിച്ചോളൂ. വ്യക്തതയില്ലാത്ത കുറേ ഉത്തരങ്ങളായിരിക്കും ലഭിക്കുക. ശരിക്കും പറഞ്ഞാൽ മനസ്സിന്റെ നിർവചനം വളരെ നിസ്സാരമാണ്. ഉദാഹരണത്തിന്, കണ്ണ് എന്ന് പറയുന്ന സെൻസ് ഓർഗന്റെ ഘടന. പക്ഷേ കാഴ്ച എന്താണ് എന്നു ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരമുണ്ടാകില്ല. കണ്ണ് എന്ന ഘടനയുടെ പ്രവർത്തനമാണ് കാഴ്ച. ചെവി എന്ന ഘടനയുടെ പ്രവർത്തനമാണ് കേൾവി. ത്വക്ക് എന്ന ഘടനയുടെ അനുഭവമാണ് സ്പർശം. അതുപോലെ ബ്രെയിൻ എന്ന ഘടനയുടെ പ്രവർത്തനമാണ് മനസ്സ്. വളരെ ലളിതമായ നിർവചനമാണത്. 

മനസ്സ് എന്താണെന്നു മാത്രം മനസ്സിലാക്കിയാൽ പോരാ എങ്ങനെയാണ് അതിന്റെ പ്രവർത്തനമെന്നു കൂടി മനസ്സിലാക്കണം. ചിലപ്പോഴൊക്കെ പറയാറുണ്ട് നമ്മളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന്. ഈ നമ്മൾ എന്നു പറയുന്നതാണ് പ്രവൃത്തി. ഞാനല്ലേ എന്റെ കാര്യം തീരുമാനിക്കുന്നതെന്നൊക്കെ പറയാറുണ്ട്. ആ ഞാൻ ആണ് മനസ്സ്.  നമ്മുടെ തിങ്കിങ് പാറ്റേൺ  തലച്ചോറിലെ പല രാസവസ്തുക്കളുടെയും പ്രവർത്തനത്തെ ആശ്രയിച്ചാണ്.

ചിന്തകളുടെ രീതി, അതിന്റെ പ്രവർത്തനം, സ്വഭാവം, അതെങ്ങനെ നമ്മിൽ പലതരത്തിലുള്ള വികാരങ്ങൾ ഉണ്ടാക്കുന്നു തുടങ്ങിയവയെപ്പറ്റിയുള്ള ശാസ്ത്രീയ പഠനമാണല്ലോ മനഃശാസ്ത്രം. മനഃശാസ്ത്രപരമായ പ്രശ്നങ്ങൾക്ക് ആ മേഖലയിലെ വിദഗ്ധരുടെ സഹായം തന്നെ വേണം. ഓരോ കാര്യത്തിനും ആ വിഷയത്തിൽ നൈപുണ്യം നേടിയവരെ ആശ്രയിക്കുന്നത് ശാസ്ത്രീയമായ ഒരു മാർഗ്ഗമാണ്. എല്ലാം ഞാൻ തന്നെ ചെയ്യുമെന്ന് നമുക്ക് വിചാരിക്കാൻ പറ്റില്ല. ഉദാഹരണത്തിന് എനിക്കൊരു പ്രത്യേക മേഖലയിൽ ഒരു പ്രശ്നം വന്നാൽ ഞാൻ ആ മേഖലയിലുള്ള ഒരാളുടെ സേവനം സ്വീകരിക്കേണ്ടി വരും. കാരണം ഞാൻതന്നെ ആ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചാൽ എന്റെ വൈകാരിക വിക്ഷോഭമോ മാനസികാവസ്ഥയോ മൂലം കൃത്യമായ പരിഹാരം കണ്ടെത്താനാവണമെന്നില്ല. ഇങ്ങനെ പ്രശ്നമുള്ളവർ തീർച്ചയായും ശാസ്ത്രീയ രീതിയിൽ തന്നെ അതു നേരിടണം. അതായത്, ആ മേഖലയിൽ അറിവുള്ള ഒരാളുടെ സഹായം തേടണം. 

മനശാസ്ത്രപരമായ ചികിൽസ നിഷേധിക്കുന്നത് അറിവില്ലായ്മ കൊണ്ടുമാത്രമല്ല

മനശാസ്ത്രഞ്ജരെ കാണുന്നതിനോട് മുഖം തിരിക്കുന്നതിന്റെ കാരണം അറിവില്ലായ്മയാണെങ്കിൽ, കാര്യങ്ങൾ വിശദീകരിച്ചാൽ അവർക്കു ബോധ്യമാകും. കാരണം അറിവ് ഭയത്തിനെ അകറ്റും. മറ്റു ചിലർക്ക്, എന്റെ കാര്യങ്ങൾ മറ്റുള്ളവർ അറിഞ്ഞാൽ മോശമാകും എന്നൊരു ഈഗോ ഉണ്ടാകും.

ചില ആളുകൾക്ക് അറിയാം, ഈ വീട്ടിലെ പ്രശ്നക്കാരൻ അല്ലെങ്കിൽ പ്രശ്നക്കാരി ഞാനാണെന്ന്. പക്ഷേ മാറാൻ തയാറല്ല. മറ്റേയാൾ എനിക്കു വേണ്ടി മാറണം എന്നാവും നിലപാട്. അങ്ങനെയുള്ള ഒരാളും മാനസികാരോഗ്യ വിദഗ്ധരുടെയോ മനശാസ്ത്രജ്ഞരുടെയോ സഹായം തേടാൻ സന്നദ്ധനാവില്ല. അങ്ങനെ സഹായം തേടാൻ തയാറാണോ എന്നുള്ളതും ഒരു പ്രശ്നമാണ്.

മറ്റൊരു കാരണം കൂടിയുണ്ട്. സഹായം തേടാൻ വിസമ്മതിക്കുന്നയാൾക്ക് എന്തെങ്കിലും ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് നമുക്കറിയില്ല. ഉദാഹരണത്തിന്, സംശയരോഗമുള്ള ഒരാൾ സഹായം തേടാൻ മടിക്കും. അറിവില്ലായ്മയോ നാണക്കേടോ മാത്രമല്ല അവരെ പിന്നോട്ടു വലിക്കുന്നത്. അതിൽ പലതരം ഉദ്ദേശ്യങ്ങളും കണ്ടെത്താൻ കഴിയും. നിങ്ങൾ പരിഹാരത്തിനൊപ്പമല്ലെങ്കിൽ, നിങ്ങൾ നിലകൊള്ളുന്നത് പ്രശ്നത്തിൽത്തന്നെയാണ്. 

ആ തിരഞ്ഞെടുപ്പാണ് ആണ് നിങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്. വിവേകപൂർണ്ണമായ തിര‍ഞ്ഞെടുപ്പിനുള്ള അടിസ്ഥാന വിദ്യാഭ്യാസവും വിവരവും വേണ്ടത് ആവശ്യമാണ്. അതുപയോഗിച്ച് വേണം തീരുമാനമെടുക്കേണ്ടത്. മറ്റുള്ളവർ പറയുന്നതു കേട്ടും മറ്റും വൈകാരികമായി ആവരുത് തീരുമാനം.

ചിലയാളുകൾ രക്ഷകർത്താക്കളെ അറിയിച്ചിട്ടാവില്ല സഹായം തേടിയെത്തുന്നത്. രക്ഷിതാക്കൾ സമ്മതിക്കില്ല എന്നുറപ്പുള്ള, എന്നാൽ പ്രശ്നങ്ങളിൽ നിന്ന് പുറത്തു കടക്കണമെന്നാഗ്രഹിക്കുന്ന യുവതീയുവാക്കൾ വരാറുണ്ട്. സ്റ്റേജ് ഫിയർ, പ്രസന്റേഷൻ അപാകതകൾ തുടങ്ങിയവയൊക്കെ പരിഹരിച്ച് ജോലിയിലും ജീവിതത്തിലുമൊക്കെ മുന്നേറാനുള്ള ആഗ്രഹമാണ് അവരുടെ മനസ്സിൽ. അത്തരം ഉൾക്കാഴ്ചയോടെ  ധാരാളം ആളുകൾ മുന്നോട്ടു വരുന്നതൊക്കെ പോസിറ്റീവായ കാര്യമാണ്. ചൊട്ടയിലെ ശീലം ചുടലവരെ എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. നെഗറ്റീവ് ആയ പെരുമാറ്റങ്ങളുടെ കാര്യത്തിൽ അത് മാറ്റിചിന്തിക്കേണ്ട കാര്യം അതിക്രമിച്ചിരിക്കുന്നു. പോസിറ്റീവ് ആയ കാര്യങ്ങളിൽ ആ ശീലങ്ങൾ തുടരുന്നതിൽ പ്രശ്നമൊന്നുമില്ല. നെഗറ്റീവായ ഒരു കാര്യം ചെറുപ്പത്തിലേ ശീലിച്ചു എന്നു പറഞ്ഞ് അത് തുടരുന്നത് ശരിയല്ലല്ലോ. ഇത്തരം ശീലങ്ങൾ മാറ്റാൻ കഴിയില്ല എന്ന് ചിലയാളുകൾക്ക് ഒരു പിന്തിരിപ്പൻ മനോഭാവമുണ്ട്. അങ്ങനെയല്ല... സഭാകമ്പം, ആളുകളെ അഭിമുഖീകരിക്കുമ്പോഴുള്ള പേടി അത്തരം പ്രശ്നങ്ങളെ വളരെയെളുപ്പത്തിൽ മാറ്റാൻ കഴിയും എന്നതാണ് സത്യം. എത്രചെറുപ്പത്തിലേയുള്ള നെഗറ്റീവ് ശീലങ്ങളും ചെറിയ തെറാപ്പികളിലൂടെ മാറ്റിയെടുക്കാൻ സാധിക്കും.

കൃത്യസമയത്ത് ചികിൽസ നേടുക എന്നതാണ് പ്രധാനം. നിങ്ങളുടെ മുന്നിൽ വഴികളുള്ളപ്പോൾ എന്തിനാണ് ദുരിതമനുഭവിക്കുന്നത്? പക്ഷേ  ആരെയും നിർബന്ധിക്കരുത്. സ്വന്തം ഇഷ്ടത്തോടെ വരാത്തവർ ചികിത്സയോട് നിസ്സഹകരണമാകും പുലർത്തുക. ചികിൽസ ചെയ്യുന്ന ആൾ ഒരു ടൂൾ മാത്രമാണ്. ചികിൽസയുടെ ഫലം രോഗിയുടെ സന്നദ്ധത, കൃത്യമായ ഇടവേളകളിൽ ചികിൽസ തുടരാനുള്ള  അവരുടെ ശ്രമം തുടങ്ങിയവയെ ആശ്രയിച്ചാണിരിക്കുന്നത്.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA