ADVERTISEMENT

‘മോളേ...പഠിച്ച് മിടുക്കിയാവുന്നയൊപ്പം സ്കൂട്ടർ ഓടിക്കാനും പഠിക്കണം. അമ്മയെ പിന്നിലിരുത്തി കറങ്ങാനൊക്കെ കൊണ്ടുപോകാമോ?...’ ഇരുചക്രവാഹനങ്ങൾ ഒരുക്കുന്ന യാത്രാസൗകര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന ജീന ടീച്ചർ, മകളെ പ്രോത്സാഹിപ്പിക്കുന്ന കൂടെ ഇൗ ചോദ്യവും പതിവാണ്. മനസ്സില്‍ കടന്നൊരു പേടി കാരണം വാഹനം ഓടിക്കാൻ പഠിക്കാതിരുന്നതു ഹയർ സെക്കൻഡറി കൊമേഴ്സ് അധ്യാപിക കെ.എ.ജീന ഗ്രേസിനു വിനയായതു ലോക്ഡൗൺ കാലത്താണ്. 

ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ലോക്ഡൗൺ അവസാനിക്കും മുൻപേ തുടങ്ങി. വൈപ്പിൻ വളപ്പിലെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാംപ്. ബസ് ഓടുന്നുണ്ടെങ്കിലും വീടിനടുത്ത് എത്തുമ്പോഴേക്കും നിയന്ത്രണങ്ങൾ പ്രകാരമുള്ള പകുതി യാത്രക്കാരാവും. ക്യാംപ് വരെ എങ്ങനെ പോകുമെന്നു തലപുകയ്ക്കുന്നതിനിടെ അമ്മയ്ക്കു ‘ഐഡിയ’ നൽകിയതു 8–ാം ക്ലാസുകാരിയായ മകൾ അനീറ്റയാണ്. ‘സൈക്കിൾ പഠിക്കാൻ റെഡിയാണെങ്കിൽ, അമ്മയ്ക്കു കട്ട സപ്പോർട്ട് തരുന്ന കാര്യം ഞാനേറ്റു. ആരെയും ആശ്രയിക്കാതെ ക്യാംപിൽ പോയി വരാം, ചെലവും കുറവ്, ആരോഗ്യത്തിനും നല്ലത്’. 

മകളുടെ പ്രോത്സാഹനം ഏറ്റതോടെ വാഹനപ്പേടിയെ സൈഡ് ഒതുക്കി നിർത്തി, സൈക്കിൾ ഓടിക്കാനുള്ള പരിശീലനം തുടങ്ങി ജീന ടീച്ചർ. രാത്രി 9 മണി കഴിഞ്ഞ് വീടിനു മുന്നിലെ ചെറിയ റോഡിൽ മകളുടെ സൈക്കിളിൽ ഓടിച്ചു പഠിച്ചു. ക്യാംപ് ആരംഭിക്കും മുൻപ് 2 വട്ടം പരിശീലന ഓട്ടവും നടത്തി. ഒരിക്കൽ പൊലീസ് തടഞ്ഞെങ്കിലും പരിശീലന കഥയറിഞ്ഞപ്പോൾ വിട്ടയച്ചു. ഇപ്പോൾ എന്നും സൈക്കിളിലാണു ക്യാംപിലേക്കുള്ള യാത്ര. മഴയാണെങ്കിൽ മഴ കോട്ട് എടുത്തിടും. വലിയ തിരക്കുള്ള ഇടങ്ങളിൽ സൈക്കിളിൽ നിന്നിറങ്ങി തള്ളും. എന്തായാലും രാവിലെ 8.15 വീട്ടിൽ നിന്നിറങ്ങി, മൂന്ന് ഗോശ്രീ പാലങ്ങളും കടന്ന് 9.30ന് ക്യാംപിലെത്തും ടീച്ചർ. 

02

‘ശരിക്കും തുഴഞ്ഞു തുഴഞ്ഞാണു പഠിച്ചത്. സ്വന്തമായി വാഹനം ഓടിക്കാൻ പഠിക്കുന്നത് ജീവിതത്തിനു കരുത്തേകുമെന്ന ചിന്തയായിരുന്നു ധൈര്യം. 3 വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ എന്റെ അപ്പച്ചനു സാരമായി പരുക്കേറ്റിരുന്നു. ഇപ്പോൾ കിടപ്പിലാണ്. അതോടെയാണു വാഹനങ്ങളോടു പേടി കൂടിയത്. എന്നാൽ, ലോക്ഡൗണിൽ ആ പേടി മാറ്റേണ്ടത് ഒരു ആവശ്യമായി തീർന്നു. സ്ത്രീകൾ സ്കൂട്ടറോ കാറോ അല്ലെങ്കിൽ സൈക്കിളോ പഠിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ജീവിതത്തിൽ എന്നെങ്കിലും അത് ഉപകാരപ്പെടും’ ജീന ടീച്ചർ ആത്മവിശ്വാസത്തോടെ പറഞ്ഞു. ഭർത്താവ് സോണി ജോസഫ് മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ്. ഇളയ മകൾ അന്റോണെല്ല യുകെജിയിലും. 

03

അപ്പച്ചൻ കെ.ടി.അംബ്രോസ് പഠിപ്പിച്ചിരുന്ന ഫോർട്ടുകൊച്ചി ഇഎംജിഎച്ച്എസ്എസില്‍ തന്നെ അധ്യാപികയായെത്തിയ ജീന ടീച്ചർക്ക് ഇപ്പോൾ ഒരാഗ്രഹം കൂടിയുണ്ട്, കോവിഡ് കാലം കഴിയുന്നയുടൻ ഡ്രൈവിങ് ലൈസൻസ് നേടണം.!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com