ADVERTISEMENT

കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പ്രതിരോധമാര്‍ഗങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ സിയുടെ ഉപയോഗം. പ്രതിരോധശേഷി കൂട്ടാനും ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം വര്‍ധിപ്പിക്കാനും ഏറെ സഹായിക്കുന്ന പോഷകമാണിത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് കൊറോണ വൈറസിനെ ചെറുക്കാനുള്ള ഒരു വഴി എന്ന തിരിച്ചറിവാണ് വൈറ്റമിന്‍ സി ചര്‍ച്ചാവിഷയമാകാൻ കാരണം.

വൈറ്റമിന്‍ സി അണുബാധയെ ചെറുക്കാനും രോഗകാരികളെ നശിപ്പിക്കാനും സഹായിക്കുന്നു. സി യുടെ കുറവ് ന്യൂമോണിയ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അണുബാധയുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ  പകര്‍ച്ചവ്യാധികൾ പിടിപെടാന്‍ എളുപ്പമാക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിന് വൈറ്റമിന്‍ സി ഉൽപാദിപ്പിക്കാനുള്ള കഴിവില്ല. അതുകൊണ്ടുതന്നെ ആവശ്യമുള്ളത്ര വൈറ്റമിനുകൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട പല രാസപ്രവർത്തനങ്ങളിലും പങ്കാളി ആയതു കൊണ്ടുതന്നെ സിയുടെ കുറവ് പല രോഗങ്ങൾക്കും കാരണമാകും. ഈ രോഗങ്ങളെല്ലാം വൈറ്റമിൻ സി സപ്ലിമെന്റ് ചെയ്യുന്നതിലൂടെ ചികിത്സിക്കാനുമാവും. പക്ഷേ ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും തടഞ്ഞു നിർത്താം എന്നത് ഒരു തെറ്റിദ്ധാരണയാണ്.

40 മില്ലിഗ്രാം മുതൽ 100 മില്ലിഗ്രാം വരെ വൈറ്റമിൻ സിയാണ് സാധാരണ ഒരാൾക്ക് ആവശ്യം. ഇത്രയും അളവിലുള്ള വൈറ്റമിൻ സി, പഴങ്ങളും മറ്റു പോഷകാഹാരങ്ങളും കഴിക്കുന്നതിലൂടെ ലഭിക്കും. ദിവസേന ഒരു ഗ്രാം വരെ സാധാരണ ദോഷഫലങ്ങൾ ഉണ്ടാക്കാറുമില്ല. അതിൽ കൂടുതൽ വൈറ്റമിൻ സി ദഹന സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് വൈറ്റമിൻ സി യുടെ അമിത ഉപയോഗം കിഡ്നി സ്റ്റോണുകൾ രൂപപ്പെടാൻ കാരണമായേക്കാം.

റെഡ് പെപ്പര്‍, ഓറഞ്ച്, നാരങ്ങ, ബ്രക്കോളി, സ്ട്രോബെറി  എന്നിവയില്‍ ധാരാളം അളവില്‍ വൈറ്റമിന്‍ സിയുണ്ട്. സി യുടെ കുറവ് അസ്ഥികളുടെ ആരോഗ്യത്തെയും ബാധിക്കും. ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അസ്ഥി രൂപപ്പെടുന്നതില്‍ വൈറ്റമിന്‍ സി നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു നല്ല ആന്റി ഓക്സിഡന്റായതിനാൽ അർബുദജന്യ പദാർഥങ്ങളെ ശരീരത്തിൽനിന്ന് ഒഴിവാക്കാൻ ഇത് സഹായകമാണ്.

വൈറ്റമിന്‍ സി കഴിക്കേണ്ടത്‌ എപ്പോള്‍ ?

വെള്ളത്തിൽ ലയിക്കുന്ന ഒരു ജീവകമാണ് വൈറ്റമിന്‍ സി. അതുകൊണ്ടുതന്നെ ആഹാരത്തിനു മുൻപു കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ആഹാരത്തിനു 30-45  മിനിറ്റുകള്‍ക്ക് മുന്‍പ് വേണം കഴിക്കാന്‍. രാവിലെ കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആഹാരം കഴിക്കുന്നതിനു തൊട്ടു മുൻപായി ഒരിക്കലും വൈറ്റമിന്‍ സി കഴിക്കരുത്. ഹൈ അബ്സോർബിക് ആസിഡാണ് സി വൈറ്റമിന്‍. അതുകൊണ്ടുതന്നെ കൂടിയ അളവില്‍ ദിവസവും ഇത് കഴിക്കാന്‍ പാടില്ല. കൂടിയ അളവില്‍ കഴിച്ചാല്‍ അത് ദഹനപ്രശ്നങ്ങളും ഉണ്ടാക്കും എന്ന കാര്യം ഓര്‍ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com