ADVERTISEMENT

കുറച്ചധികം എമര്‍ജന്‍സി കേസുകൾക്കു ശേഷം പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഒന്ന് മയങ്ങാന്‍ കിടന്നത്. ആറ് മണിയോടെ ആശുപത്രിയിൽ നിന്ന് വിളി ‍വന്നു: 

‘‘ഹാര്‍ട്ട് അറ്റാക്ക് ആയി ഒരു  രോഗി എത്തിയിട്ടുണ്ട്, ഡോക്ടര്‍ എത്രയും പെട്ടെന്ന് വരണം’’ 

 വീട്ടിൽ നിന്ന് ന‌ടക്കാവുന്ന ദൂരമേയുള്ളൂ, ആശുപത്രിലേക്ക്. ഒട്ടും വൈകാതെ തന്നെ ആശുപത്രിയിലെത്തി. 

രോഗി മധ്യവയസ്‌കനാണ്. ഹൃദയമിടിപ്പ്  30ല്‍ താഴെയേ ഉള്ളൂ. വിദഗ്ധ പരിശോധനയില്‍ ഹാര്‍ട്ടില്‍ സങ്കീര്‍ണമായ ഒരു ബ്ലോക്കുണ്ടെന്ന് മനസ്സിലായി.  സാധാരണഗതിയില്‍ ആശുപത്രിയിലെത്തും മുന്‍പ്തന്നെ ഹൃദയത്തിന്റെ താളം നിലയ്ക്കാന്‍ സാധ്യതയുണ്ട്.  പെട്ടെന്നുതന്നെ  പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്തു രോഗിയെ സുരക്ഷിതനാക്കി. പിറ്റേന്ന് കണ്ടപ്പോള്‍  രോഗിയോട് കുറച്ചു നേരം സംസാരിച്ചു. കേട്ടതത്രയതും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്നത് ഹൃദയാഘാതമാണെന്നും സ്വന്തം ജീവിൻ രക്ഷിക്കാൻ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്തൊക്കെയാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു! 

ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിലെത്തുന്നതു വരെയുള്ള സമയപരിധിക്കകത്ത് നിന്നുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നതിന് വലിയ പാഠമാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശിയാണ് കഥാനായകനായ ജസീര്‍. വീട്ടുപേര് കൂടി ചേര്‍ത്ത് ജസീര്‍ കള്ളിയില്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സ്വന്തമായി ലബോറട്ടറികളുണ്ട്. അതുകൊണ്ടുതന്നെ മെഡിക്കല്‍ സയന്‍സിന്റെ പ്രാഥമിക കാര്യങ്ങളെക്കുറിച്ച് അത്യാവശ്യം നല്ല ധാരണയുണ്ട്. 

പോരാത്തതിന് ലോക് ഡൗണിന് കുറച്ച് നാള്‍ മുന്‍പ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ബേസിക് ലൈഫ് സപ്പോര്‍ട്ട് ക്ലാസ്സില്‍ പങ്കെടുത്തതിന്റെ അനുഭവപരിചയവുമുണ്ട്. അതുകൊണ്ടുതന്നെ സി പി ആറിനെ കുറിച്ചും മറ്റ് പ്രാഥമിക ജീവന്‍ രക്ഷാ ഉപാധികളെ കുറിച്ചും നല്ല ധാരണയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ റുഖിയയും ലബോറട്ടറി ടെക്നീഷ്യയാണ്. പുലര്‍ച്ചെ നിസ്‌കാരത്തിന് എഴുന്നേറ്റപ്പോഴാണ്  ചെറിയ ചില അസ്വസ്ഥതകള്‍ ജസീറിന് അനുഭവപ്പെട്ടത്.  ചെറുതായി വയറിളക്കമുണ്ടായി.  ശരീരം അമിതമായി വിയര്‍ക്കുന്നുമുണ്ടായിരുന്നു. ചെറിയ ഭയം തോന്നി, സ്വയം പള്‍സ് പരിശോധിച്ച് നോക്കി, കിട്ടുന്നില്ല.  റ നടക്കാന്‍ തുടങ്ങിയപ്പോഴാണ് ബാലന്‍സ് ഇല്ല എന്ന് മനസ്സിലാകുന്നത്. നിസ്‌കരിക്കാന്‍ നിന്നപ്പോള്‍ കുഴഞ്ഞുവീണു. പക്ഷേ ഓര്‍മ ശക്തിക്ക് കുഴപ്പമൊന്നുമുണ്ടായില്ല. ശരീരം വല്ലാതെ വിയര്‍ക്കുകയും ചെയ്യുന്നു. ഇടയ്ക്ക് വീണ്ടും വയറ്റില്‍ നിന്ന് പോയി. ടോയ്ലെറ്റില്‍  ഇരിക്കുമ്പോഴേക്കും കണ്ണില്‍ ഇരുട്ട് കയറിത്തുടങ്ങി. ഭാര്യ, മക്കള്‍. പല കാര്യങ്ങളും നിമിഷനേരം കൊണ്ട് മിന്നിമറഞ്ഞു. പരമാവധി അരമണിക്കൂര്‍ അതിനുള്ളില്‍ എല്ലാം അവസാനിക്കുമെന്ന് മനസ്സിലൊരു തോന്നല്‍. നെഞ്ചിലേക്ക് പുകച്ചില്‍ അധികരിച്ച് വന്നു. ഷവറിന് കീഴില്‍ നിന്ന് തലയിലേക്ക് വെള്ളമടിച്ചു. അതോടെ ആകെ തളര്‍ന്നുപോയി. സംഭവിക്കുന്നത് ഹൃദയാഘാതമാണെന്ന തോന്നല്‍ ശക്തമായി. ആദ്യം സ്വയം സി പി ആര്‍ ചെയ്യാന്‍ ശ്രമിച്ചു എന്നാല്‍ സാധിക്കില്ലെന്ന് മനസ്സിലായതോടെ ഇളയ മകനെ വിളിച്ച് സി പി ആര്‍ ചെയ്യാന്‍ പറഞ്ഞു. അവന് മുന്‍പരിചയമില്ല. ചെയ്യേണ്ട വിധം ജസീർ‍ സ്വന്തം കൈവെച്ചു കാണിച്ചുകൊടുത്തു. ഉള്ളിലെ അസ്ഥികള്‍ തകര്‍ന്നാലും നിര്‍ത്തരുതെന്ന് പറഞ്ഞു. ബി പി നിയന്ത്രിക്കാന്‍ കാലുകള്‍ സ്വയം ഉയര്‍ത്തിവെച്ചു (വളരെ പ്രധാനപ്പെട്ട കാര്യമാണത്. പലപ്പോഴും രോഗിയെ പിടിച്ച് നിര്‍ത്താനാണ് സമീപത്തുള്ളവര്‍ ശ്രമിക്കാറുള്ളത്). ശക്തമായി ചുമച്ചുകൊണ്ടേ ഇരുന്നു. 

jaseer
ജസീര്‍ കള്ളിയില്‍

വീട്ടില്‍ ഉമ്മയുടെ വീല്‍ ചെയറുണ്ടായിരുന്നു. അതിലിരുത്തി വാഹനത്തില്‍ കയറ്റി. അപ്പോഴും സി പി ആറും ചുമയും നിര്‍ത്താതെ ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലാണെത്തിച്ചത്. അവിടെ നിന്നും പെട്ടെന്ന് വലിയ ഹോസ്പിറ്റലിലെത്തിക്കാന്‍ പറഞ്ഞു. നേരെ ഞങ്ങളുടെ ആശുപത്രിയിലേക്ക്. 

ജസീർ‍ എത്തുമ്പോഴേക്കും ഞാനുമെത്തി. അപ്പോഴേക്കും ആവശ്യമായ പ്രാഥമിക കാര്യങ്ങളെല്ലാം  എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ടീം ചെയ്ത് കഴിഞ്ഞിരുന്നു. പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. മണിക്കൂറുകള്‍ക്കകം ജീവന്‍ രക്ഷപ്പെടുത്തി.ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയിലുള്ള സ്വാഭാവികമായ അറിവും, റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ബെയ്സിക് ലൈഫ് സപ്പോര്‍ട്ടിങ്ങ് ക്ലാസ്സില്‍ നിന്നുലഭിച്ച അറിവുമാണ് ജസീറിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ഈ ഘട്ടങ്ങളിലൊന്നുംതന്നെ മനസ്സ് പതറാതെ കൂടെനിന്ന റുഖിയ എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ മനസ്സാന്നിധ്യവും ധൈര്യവും വലിയ ഘടകമായിരുന്നു. 

കൂടെയുള്ളവര്‍ തകര്‍ന്ന് പോയാല്‍ ചിലപ്പോള്‍ അതുമതിയാകും രോഗിയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാകുവാന്‍. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ആകസ്മികമായ അത്യാഹിതങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഏതൊക്കെ കാര്യങ്ങളാണ് അവലംബിക്കേണ്ടത് എന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഞങ്ങൾ വ്യാപകമായി ക്ലാസ്സുകള്‍ നല്‍കി വരുന്നുണ്ട്. ഇത്തരം ക്ലാസ്സുകളുടെ ഫലപ്രാപ്തി എത്രത്തോളമാണ് എന്ന് തിരിച്ചറിയാനും ഈ സംഭവം ഉപകരിച്ചിരിക്കുന്നു. 

എന്തുതന്നെയായിരുന്നാലും ജസീര്‍ ഒരു പാഠപുസ്തകമാണ്. ഹൃദയാഘാതത്തിന്റെ ഭാഗമായി ഹൃദയമിടിപ്പും ബി പി യും കുറഞ്ഞു വരുന്നു എന്ന് മനസ്സിലായാല്‍ ഒരു വ്യക്തിക്ക് സ്വയം എന്തെല്ലാം പ്രതിരോധങ്ങള്‍ സ്വീകരിക്കാം എന്നതിനെക്കുറിച്ച് ശരിക്കും പഠിക്കാന്‍ സഹായിക്കുന്ന പാഠപുസ്തകം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് പോയിക്കഴിഞ്ഞെങ്കിലും എന്റെ ഉള്ളില്‍ ആ മുഖവും ആ നാമവും ഇനിയും ഒരുപാട് കാലം ഇങ്ങിനെ തന്നെ നിലനില്‍ക്കും. ഹൃദയാഘാതം പോലുള്ള അത്യാഹിതങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് മറ്റുള്ളവരോട് പറഞ്ഞുകൊടുക്കുമ്പോള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍.

(കോഴിക്കോട് ആസ്റ്റര്‍ മിംസ് സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ആണ് ലേഖകൻ)

Englih Summary: Doctor's diary, Knowledge of the disease is a life-saving experience for the patient, Heart attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com