ADVERTISEMENT

കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാന്‍ സൗജന്യ സേവനം. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സിഡാക് വികസിപ്പിച്ച  ഇ–സഞ്ജീവനി ടെലിമെഡിസിൻ സംവിധാനം ഇപ്പോൾ കേരളത്തിലും ലഭ്യമാണ്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് കേരളത്തിൽ പദ്ധതി നടക്കുന്നത്.

വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് വിഡിയോ കോൺഫറൻസ് വഴി ‍ഡോക്ടറോട് നേരിട്ട് രോഗവിവരം പങ്കുവയ്ക്കാം. മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്തെടുക്കാം. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനസമയം. തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ എന്നിവയുടെ വെർച്വൽ ഒപിയും നിശ്ചിത ദിവസങ്ങളിൽ ലഭ്യമാണ്.

എങ്ങനെ

∙ esanjeevaniopd.in/kerala എന്ന വെബ്സൈറ്റിൽ കയറി രജിസ്ട്രേഷൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. (മൊബൈൽ ആപ്പും ലഭ്യം–ഗൂഗിൾ പ്ലേ സ്റ്റോറിൽ 'esanjeevaniOPD-National Teleconsultation Service എന്ന് തിരയുക)

∙ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം 'Send OTP' ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫോണിലെത്തുന്ന വൺ ടൈം പാസ്‍വേഡ് ചുവടെയുള്ള ബോക്സിൽ ടൈപ്പ് ചെയ്യുക.

∙ ഇനി വരുന്ന പേഷ്യന്റ് രജിസ്ട്രേഷൻ പേജിൽ പേര്, വിലാസം ഉൾപ്പടെയുള്ള വിവരങ്ങൾ നൽകി ഏത് ഒപി സേവനം വേണമെന്ന് തിരഞ്ഞെടുക്കുക. (വിവിധ ഒപികളുടെ സമയക്രമം ഹോം പേജിലെ 'Timing' എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് അറിയാം.) ഹെൽത്ത് റെക്കോർഡുകൾ ആവശ്യമെങ്കിൽ അപ്‍ലോഡ് ചെയ്യാം. (5 എംബിയിൽ താഴെയുള്ള ഫയൽ). തുടർന്ന് ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കൺ നമ്പർ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

∙ ലോഗിൻ ചെയ്യേണ്ട സമയമാകുമ്പോൾ മൊബൈലിൽ ടോക്കൺ നമ്പർ എത്തും. അപ്പോൾ മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ. മൊബൈൽ നമ്പറും ടോക്കൺ നമ്പറും നൽകി ലോഗിൻ ചെയ്യുക.

∙ ആശുപത്രി ഒപിയിലെ ക്യൂ പോലെ ഇവിടെയും വെർച്വൽ ക്യൂവുണ്ടാകും. നമ്മൾ ആ ക്യൂവിൽ എത്രമത്താണെന്നും അറിയാം. മുന്നിലുള്ളവരുടെ കൺസൽറ്റേഷൻ കഴിയുമ്പോൾ ഡോക്ടറുടെ വിഡിയോ കോൾ വരും. 'കോൾ നൗ' ബട്ടൺ ക്ലിക്ക് ചെയ്ത് വിഡിയോ കോളിലേക്ക് പ്രവേശിക്കാം. കോൾ വന്ന് രണ്ടു മിനിറ്റിനുള്ളിൽ പ്രവേശിച്ചില്ലെങ്കിലും വീണ്ടും ക്യൂവിൽ പോകേണ്ടി വരും.

∙ ‍ഡോക്ടർ നൽകുന്ന മരുന്ന് കുറിപ്പടികളും മറ്റും ഡൗൺലോഡ് ചെയ്തെടുക്കാം. നമ്മുടെ മെഡിക്കൽ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഫയലുകൾ ഡോക്ടർക്ക് കൈമാറാനും കഴിയും.

∙ ഹോം പേജിലെ 'പേഷ്യന്റ് പ്രൊഫൈൽ/രോഗി വിവരം' എന്ന മെനുവിൽ ഫോൺ നമ്പർ നൽകിയാൽ മരുന്നു കുറിപ്പടികൾ പിന്നീടും ഡൗൺലോഡ് ചെയ്തെടുക്കാം. ഒരു ലോഗിൻ ഉപയോഗിച്ച് ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ചേർക്കാനും ഈ മെനുവിൽ ഓപ്ഷനുണ്ട്.

സംശയങ്ങൾക്ക് വിളിക്കാം: 1056 (ദിശ), 0471–2552056

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com