ADVERTISEMENT

പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട  രണ്ടു വയസ്സുകാരിയുടെ ചങ്ങാതിയായ നായ്ക്കുട്ടിയുടെ ഫോട്ടോ ഇന്ന് എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നു. കാണാതെ പോയ കളിക്കൂട്ടുകാരിയെ തേടി ഈ നായ്ക്കുട്ടി  അലഞ്ഞു തിരിയുകയായിരുന്നു. ഒടുവിൽ തിരിച്ചറിയാനാവാത്ത വിധത്തിൽ രൂപം മാറിയ പെൺകുട്ടിയുടെ ജഡം ഈ നായ  കണ്ടെത്തി.

രക്ഷാ പ്രവർത്തകർ അങ്ങനെയാണ് മൃതശരീരത്തെ വീണ്ടെടുത്തത്. വളർത്തു  മൃഗങ്ങൾക്കും വിരഹ ദുഃഖമുണ്ടാകും. കാണാതെ പോയ ചങ്ങാതിക്കു  വേണ്ടി  വിലാപത്തോടെ ഈ പട്ടിക്കുട്ടി  നടത്തിയ അലച്ചിൽ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. വളർത്തു  മൃഗങ്ങളെ സ്നേഹത്തോടെ പരിപാലിക്കുന്ന വ്യക്തികൾക്കൊക്കെ ഈ ജന്തുക്കളിൽ നിന്ന് അത്തരം സ്നേഹാനുഭാവങ്ങൾ ഉണ്ടായിട്ടുണ്ടാകും. ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അത്തരം സ്നേഹാനുഭാവങ്ങൾ ഉണ്ടാകാത്തതു കൊണ്ട് കാലശേഷം സ്വത്തെല്ലാം വളർത്തു മൃഗത്തിന് എഴുതി വച്ച സംഭവങ്ങൾ വിദേശ രാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട്.

നായ് കുട്ടിയോ പൂച്ചക്കുട്ടിയോ ചത്തു  പോയതിനു ശേഷം ആ വിരഹ ദുഃഖം മൂലം വിഷാദത്തിൽ പെട്ട്  പോകുന്നവരെ കണ്ടിട്ടുണ്ട്. അവർക്കു മാനസികാരോഗ്യ സഹായം നൽകിയിട്ടുമുണ്ട്. കൂവിയെന്ന ആ പട്ടിക്കുട്ടിയുടെ വേദന  മനസ്സിലാകുന്നുണ്ട്. വലിയ വിരഹ ദുഃഖത്തിലാണ് ആ നായ് കുട്ടി. കളിക്കൂട്ടുകാരി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് പോയെന്ന് അതിന് എന്നു  മനസ്സിലാകും ? 

വെറ്റർനറി ശാഖയിൽ പക്ഷി മൃഗാദികളുടെ മനസ്സിന്  സംഭവിക്കുന്ന ഇത്തരം വിഷമങ്ങൾ കൈകാര്യം ചെയ്യാറുണ്ടോയെന്ന്  അറിയില്ല. കൂവിയെന്ന ആ മിണ്ടാപ്രാണിയും  പെട്ടിമുടിയിലെ രണ്ട്  വയസ്സുള്ള പെൺകുട്ടിയും  തമ്മിലുള്ള സ്നേഹ ബന്ധം മനുഷ്യർ പകർത്തേണ്ടതുണ്ട്. മിണ്ടാൻ കഴിവുണ്ടാക്കുന്ന സവിശേഷ തലച്ചോറാണോ മനുഷ്യർ തമ്മിലുള്ള സ്‌നേഹത്തിൽ പല  തരം  വിഷാംശങ്ങൾ കലർത്തുന്നത് ? 

ധന മോഹം, രാഷ്ട്രീയ വൈര്യം, വർഗീയത, പ്രാദേശികത -ഇങ്ങനെ വിഷമായി ചേരുന്ന വിഷയങ്ങളുടെ ലിസ്റ്റ് നീളുന്നു. ഇത്തരം  വിഷങ്ങളുടെ  പരധീനതയില്ലാതെ  നമുക്ക് പെട്ടിമുടിയിലെ ഈ പട്ടിക്കുട്ടിയെയും പെൺകുട്ടിയേയും  പോലെ പരസ്പരം സ്നേഹിക്കാം. മാനവീയതയുടെ സന്ദേശം ഉയർത്തിക്കാട്ടിയ കൂവിയെന്ന പട്ടിക്കുട്ടിയുടെ "മനുഷ്വത്വത്തെ " പ്രണയിക്കാം . അതാകട്ടെ സ്വാതന്ത്ര്യ ദിന സന്ദേശം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com