ADVERTISEMENT

തൊഴിൽമേഖലകളിൽ വർക്ക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തിയതും നിർബന്ധിത അവധി നൽകിയതും കാരണം  വീട്ടിലെത്തിയവർ ഒട്ടേറെയാണ്.  മോണിങ് വാക്കിനും ജോഗിങ്ങിനും മറ്റുമായി പുറത്തുപോകാൻ വയ്യ. ജിമ്മിലെ വർക്ക് ഔട്ടും ഇല്ല. ഏതുനേരവും ഉറക്കം, ടിവിക്കു മുൻപിൽ ചടഞ്ഞുകൂടിയിരിത്തം, വറുത്തതും പൊരിച്ചതുമൊക്കെയായി ക്രമംതെറ്റിയ ഭക്ഷണക്രമം. എല്ലാം കൂടിയാകുമ്പോൾ കൊറോണ പിടിപെട്ടില്ലെങ്കിലും  ആരോഗ്യം അവതാളത്തിലാകുമെന്നു ചുരുക്കം. കോവിഡ് കാലത്തും ഫിറ്റ് ആയിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

∙ വേണം ടൈംടേബിൾ– ജോലിക്കു പോകേണ്ടല്ലോ എന്നു കരുതി മടിപിടിച്ചിരിക്കരുത്. സാധാരണ ദിവസങ്ങളിലേതുപോലെയുള്ള ടൈംടേബിൾ തന്നെ പിന്തുടരുക. ഉറക്കം, ഭക്ഷണം, വിനോദം, ഓഫിസ് ജോലി, വീട്ടുജോലി എന്നിവയ്ക്കെല്ലാം കൃത്യമായ സമയം നീക്കിവയ്ക്കണം.

∙ ഉറങ്ങിത്തീർക്കേണ്ട– ആവശ്യത്തിൽ കൂടുതൽ സമയം ഉറക്കത്തിനായി നീക്കിവയ്ക്കരുത്. അതു നിങ്ങളുടെ ഉന്മേഷം മുഴുവൻ നഷ്ടപ്പെടുത്തും. പകലുറക്കം പതിവില്ലാത്തവർ പുതിയ ശീലം തുടങ്ങിവയ്ക്കുകയുമരുത്. പിന്നീട് ജോലിക്കു പോയിത്തുടങ്ങുമ്പോൾ ബുദ്ധിമുട്ടാകും.

∙ മൊബൈൽ, കംപ്യൂട്ടർ ഉപയോഗം– ഇലക്ട്രിക് ഗാഡ്ജറ്റുകൾക്കു വേണ്ടി നീക്കിവയ്ക്കുന്ന സമയത്തിനു പരിധി നിശ്ചയിക്കുക. എപ്പോഴും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കരുതെന്ന് ചുരുക്കം.

∙ ലഹരി വേണ്ട– മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ വർധിക്കാൻ സാധ്യത കൂടുതലാണ്. ഇതു പ്രതിരോധ ശേഷി കുറയ്ക്കും എന്നതു മറക്കരുത്. 

∙ കൊള്ളാം, പ്രഭാത വെയിൽ – ഫ്ലാറ്റിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്നവർ രാവിലത്തെ വെയിൽ കൊള്ളാൻ അൽപ സമയം നീക്കിവയ്ക്കുക. ശരീരത്തിനു വേണ്ട വൈറ്റമിൻ ഡി ലഭിക്കാൻ ഇത് അത്യാവശ്യമാണ്. 

∙ പരിശോധന മുടക്കരുത്– പ്രമേഹം, രക്തസമ്മർദം, തുടങ്ങിയ രോഗങ്ങളുള്ളവർ എല്ലാ മാസവും നടത്തുന്ന പതിവു രക്ത പരിശോധനകൾ മുടക്കിക്കൂടാ. മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം. ആവശ്യമെങ്കിൽ ഫോണിൽ ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിക്കുകയുമാകാം.

∙ ബി ഹാപ്പി– പുറത്തിറങ്ങാനാകാതെ എല്ലായ്പ്പോഴും വീട്ടിൽതന്നെ ചടഞ്ഞുകൂടി ഇരിക്കുന്നതിനാൽ ചിലർക്കെങ്കിലും വിഷാദം പിടിപെട്ടേക്കാം. നല്ല പുസ്തകങ്ങൾ വായിക്കുക, സംഗീതം ആസ്വദിക്കുക, സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളുമായി സമ്പർക്കം നിലനിർത്തുക  തുടങ്ങിയവയാണ് വിഷാദം പിടിപെടാതിരിക്കാനുള്ള എളുപ്പവഴികൾ. 

∙ പുറത്തിറങ്ങി വ്യായാമം ചെയ്യാൻ കഴിയാത്തതിനാൽ ഇൻഡോർ വ്യായാമങ്ങൾ തിരഞ്ഞെടുക്കാം. പടികൾ കയറിയിറങ്ങാം, മുറ്റത്തു കൈവീശി നടക്കാം. വീട്ടിനകത്ത് സൂംബ ഡാൻഡ്, യോഗ, തുടങ്ങിയവയും പരിശീലിക്കാവുന്നതാണ്. 

English Summary: COVID time positive thinking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com