ഈ കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിച്ചു കൂടേ?

down syndrome
SHARE

കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണെന്ന് നമ്മളെപ്പോഴും പറയാറുണ്ട്. അങ്ങനെയാണെങ്കിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോ? എന്തിനാണ് ജനിക്കും മുൻപേ അത്തരം കുഞ്ഞുങ്ങളെ ഒഴിവാക്കാൻ നമ്മൾ തിടുക്കം കാട്ടുന്നത്? ഗർഭകാലത്ത് തിരിച്ചറിയാതെ പോയതിന്റെ പേരിൽ മാത്രം, ഭൂമിയിലേക്കു ജനിച്ചു വീഴുന്ന അത്തരം കുഞ്ഞുങ്ങളെ പുറംലോകം കാട്ടാതെ വളർത്താൻ നിർബന്ധിതരാകുന്നത്?.

അടുത്തിടെ വന്ന ഒരു സുപ്രീം കോടതിവിധിയെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം. മുംബൈയിലെ ഗർഭിണിയായ ഒരു നഴ്സ് ഗർഭാവസ്ഥയിൽ ഇരട്ടക്കുഞ്ഞുങ്ങളിലൊരാൾക്ക് ട്രൈസോമി 21 അഥവാ ഡൗൺ സിൻഡ്രോം എന്ന ജനിതകവൈകല്യമാണെന്ന് തിരിച്ചറിയുന്നു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി കാലാവധി കടന്നിട്ടും, ഗർഭത്തിൽ വളരുന്ന പൂർണ ആരോഗ്യമുള്ള മറ്റേ കുട്ടിക്ക് ഉണ്ടായേക്കാവുന്ന ശാരീരിക– മാനസിക ബുദ്ധിമുട്ടുകൾ അവഗണിച്ച്, സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കാതെ അവർ ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ അനുമതി തേടി. ഇതുമൂലം അമ്മയ്ക്കും കുഞ്ഞിനുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ച് കോടതി അതിന് അനുവാദവും നൽകി.

down-syndrome1

ഭിന്നശേഷിയുമായി ജനിക്കുന്ന കുഞ്ഞിനെ ഉൾക്കൊള്ളാനോ വളർത്താനോ മറ്റു കുട്ടികളുള്ള ആ നഴ്സും ഭർത്താവും തയാറല്ലായിരുന്നു. എന്തും സ്വീകരിക്കുവാനും നിരസിക്കുവാനുമുള്ള അവകാശം മനുഷ്യനുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം തികച്ചും വ്യക്തിനിഷ്ഠമാകയാല്‍ മറ്റാരുടെയും സിദ്ധാന്തങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ ഇങ്ങനൊരു തീരുമാനത്തിലേക്ക് ആ മാതാപിതാക്കളെ, അല്ലെങ്കില്‍ പലരെയും എത്തിക്കുന്നത് സമൂഹമാണ്. ഈ ലോകം എല്ലാം തികഞ്ഞവരുടേതു മാത്രമാണെന്ന കാഴ്ചപ്പാടും സമൂഹത്തോടുള്ള ഭയവുമാണ് പലപ്പോഴും ഇത്തരം കടുത്ത തീരുമാനങ്ങളെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.

ഓരോ വ്യക്തിയേയും അവർ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കുകയും ചേര്‍ത്തു നിര്‍ത്തുകയും സ്നേഹിക്കുകയും ചെയ്യുന്നതിലാണ് മനുഷ്യന്‍റെ വളര്‍ച്ചയും ഉയര്‍ച്ചയും. ജനിതകവൈകല്യങ്ങള്‍ പലതുണ്ടെങ്കിലും ജനനശേഷിയും ആയുര്‍രേഖയും സാധാരണക്കാരെപോലെ കാണപ്പെടുന്നത് ഡൗൺ സിൻഡ്രോം അഥവാ ട്രൈസോമി 21 എന്ന അവസ്ഥയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളിലാണ്. 

ഇന്റലക്ച്വൽ ഡിസെബിലിറ്റിയില്‍ ഉള്‍പ്പെടുന്ന ഈ വിഭാഗക്കാര്‍ക്ക് ശാരീരിക, മാനസിക തലത്തിലുള്ള വളര്‍ച്ച മന്ദഗതിയിലായിരിക്കും. എന്നാല്‍ അതിനർഥം ഈ കുഞ്ഞുങ്ങൾക്ക് ശാരീരിക, മാനസിക വളര്‍ച്ച ഉണ്ടാകുകയില്ല എന്നല്ല. ലോകത്തിന്‍റെ വേഗത്തില്‍നിന്ന് അല്‍പം പുറകോട്ട് എന്നതാണ് വാസ്തവം. ഇത് ഒരു രോഗമല്ല, കേവലമൊരു അവസ്ഥ മാത്രമാണെന്ന തിരിച്ചറിവിലേക്ക് സമൂഹവും കുടുംബവും വളരുകയും മനുഷ്യനെ മനുഷ്യനായി കാണുകയും ചെയ്യുകയാണ് ആവശ്യം.

down-syndrome2

ഈ ലോകത്ത് ഓരോ വ്യക്തിക്കും ബുദ്ധിയും ശക്തിയും കഴിവുകളും ഉള്ളതുപോലെതന്നെ ഈ കുഞ്ഞുങ്ങള്‍ക്കും അവരുടേതായ കഴിവുകളുണ്ട്. മൂല്യാധിഷ്ഠിതമായ കുടുംബപശ്ചാത്തലം എപ്രകാരമാണോ ഒരു കുഞ്ഞിന്‍റെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത് അപ്രകാരംതന്നെ, സഹിഷ്ണുതാ മനോഭാവവും ദൃഢനിശ്ചയവും കഠിനാധ്വാനവുമുള്ള മാതാപിതാക്കളുടെ യത്നത്തിലൂടെയും ചെറുപ്പം മുതലുള്ള ശാസ്ത്രീയ ഇടപെടലിലൂടെയും ഈ കുഞ്ഞുങ്ങൾക്കും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ ഈ പിഞ്ചു ജീവനുകളെ ലോകത്തിന്‍റെ പ്രകാശം കാണാന്‍ അനുവദിക്കാതെ വിധിയെഴുതി കൊല്ലാന്‍ ആരാണ് മനുഷ്യന് അവകാശം നല്‍കിയത്?

(അലൻ T 21 വെൽഫെയർ ട്രസ്റ്റിന്റെ സ്ഥാപകയും അധ്യക്ഷയുമാണ് ലേഖിക റിൻസി ജോസഫ്. കൂടാതെ, ഡൗൺസിൻഡ്രാം എന്ന അവസ്ഥയിലും സാധാരണ സ്കൂളിൽ പഠിച്ച് കേരളത്തില്‍ ആദ്യമായി പത്താം ക്ലാസും പ്ലസ്ടുവും പാസായ അലന്റെ അമ്മയുമാണ്.)

English Summary: Down syndrome

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA