ADVERTISEMENT

തലയുയർത്തി നിൽക്കണമെന്നാണ് തലമുതിർന്നവർ നമ്മളോടു പറഞ്ഞിട്ടുള്ളത്. പക്ഷേ, നമ്മളാകട്ടെ കുനിഞ്ഞു കുനിഞ്ഞു താഴേക്കു നോക്കിയിരിക്കുന്നു. ഇരിപ്പിലും നടപ്പിലും നമ്മളുടെ തല താഴ്ന്നിരിക്കുകയാണ്. ഓരോ ദിവസവും ആ ‘താഴൽ’ കൂടിക്കൂടി വരികയും ചെയ്യുന്നു. സംശയമുണ്ടെങ്കിൽ നിങ്ങൾക്കു ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ. തലതാഴ്ത്തി ഇരിക്കുന്ന, നടക്കുന്ന എത്രയോ പേരെ കാണാൻ സാധിക്കും. ഒന്നു കൂടി സൂക്ഷിച്ചു നോക്കുക, അവരുടെ കയ്യിൽ സ്മാർട്ട്ഫോണും കാണും. സാങ്കേതികവിദ്യാ ലോകം അവരെ വിളിച്ചു, ‘ഹെഡ്സ് ഡൗൺ ട്രൈബ്’ അഥവാ ‘തല താഴ്ത്തുന്ന വിഭാഗം’.

പറയുമ്പോൾ തമാശയാണെന്നു തോന്നാം. പക്ഷേ, സംഗതി ആകെ പ്രശ്നമാണ്. നടക്കുമ്പോൾ, സംസാരിക്കുമ്പോൾ, ഇരിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, എന്തിനേറെ ഡ്രൈവ് ചെയ്യുമ്പോൾ പോലും തലതാഴ്ത്തി സ്മാർട്ട്ഫോണിൽ നോക്കിയിരിക്കുന്നവരുടെ എണ്ണം പെരുകുകയാണെന്നാണു റിപ്പോർട്ടുകൾ. സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ചു തല താഴ്ത്തുന്നവരുടെ എണ്ണവും കൂടുമെന്നുറപ്പ്.

ഇതൊരു രോഗമാണോ ഡോക്ടർ?

അതെ, ഇതൊരു രോഗം തന്നെയാണ്. വെറും രോഗമല്ല, പകർച്ചവ്യാധി. ഒരാൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതു കണ്ടാൽ, കാണുന്നയാൾക്കും അങ്ങനെ ചെയ്യാൻ തോന്നുമെന്നാണു മനഃശാസ്ത്ര പഠനങ്ങൾ കാണുന്നത്. ഫലത്തിൽ അയാളും തല താഴ്ത്താൻ തുടങ്ങും. കഴുത്ത്, പുറം വേദനയുമായി ഡോക്ടർമാരെ കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണത്രേ. യുവാക്കൾ തന്നെയാണു കൂടുതൽ. കാരണം, പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ ദിവസം ശരാശരി രണ്ടു മുതൽ നാലു മണിക്കൂർ വരെ തലതാഴ്ത്തി ഇരിക്കുന്നുവെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്(മുഴുവൻ സമയവും സ്മാർട് ഫോണിൽ കഴിയുന്നവരെ കുറിച്ചു ചിന്തിച്ചിട്ടില്ല; അവരുടെ കാര്യം പോക്കാണ്). അതായത്, ഒരു വർഷത്തിൽ 700 മുതൽ 1400 മണിക്കൂറുകൾ വരെ നമ്മൾ തലതാഴ്ത്തിയിരിക്കുന്നു. നട്ടെല്ലിന്റെ പണി തീരാൻ ഇതു തന്നെ ധാരാളം.

‘ടെക്സ്റ്റ് നെക്ക്’ എന്നൊരു പദം തന്നെ സ്മാർട്ട് ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടു രൂപപ്പെട്ടിട്ടുണ്ട്. ടെക്സ്റ്റ് അഥവാ മെസേജുകൾ കൊണ്ടു ജീവിക്കുന്നവരാണ് ഇവർ. കൈകൾക്കൊപ്പം കഴുത്തും പണിയെടുക്കുന്നത് അവർ അറിയുന്നതേ ഇല്ല. സ്മാർട്ട്ഫോണിൽ നിന്നു ബ്രെയ്ക്ക് എടുക്കുന്നതിനെ കുറിച്ച് അവർ ആലോചിക്കുന്നുമില്ല.

തലവേദന, കഴുത്തു വേദന, കൈവേദന, തരിപ്പ്... ഇങ്ങനെയാണ് സ്മാർട് ഫോൺ തലയെ പിടിച്ചു കുലുക്കുക. നമ്മൾ നേരെ നോക്കിയിരിക്കുമ്പോൾ കഴുത്തിലെ എല്ലാ വളവുകളും നേരെ നിൽക്കുകയാണ്. ഒപ്പും നട്ടെല്ലും. അതാണ് നമ്മുടെ ശരീരത്തിന്റെ ശരിയായ അലൈൻമെന്റ്. പക്ഷേ, നമ്മുടെ താടി നെഞ്ചിലേക്കു വളയ്ക്കുമ്പോൾ ഈ അലൈൻമെന്റ് തെറ്റും. ഏറെ നേരം ഇങ്ങനെ തുടർന്നാൽ നമുക്കു പണിയും കിട്ടും.

കഴുത്തിൽ ഒരു കൂറ്റൻ ഇടി

നിങ്ങളുടെ കഴുത്തിൽ പിന്നിൽ നിന്ന് ഒരു കൂറ്റൻ ഇടി കിട്ടിയാൽ എങ്ങനെയിരിക്കും? നിങ്ങൾ വീണു പോകുമെന്നുറപ്പ്. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതൊക്കെ തന്നെ. തലയുടെ ശരാശരി ഭാരം അഞ്ചു കിലോയാണ്(തലയ്ക്കകത്ത് ആൾത്താമസമുണ്ടെങ്കിലും ഇല്ലെങ്കിലും!). നമ്മൾ തല 15 ഡിഗ്രി ചെരിച്ചാൽ തലയുടെ ഭാരം 12 കിലോഗ്രമായി അനുഭവപ്പെടും. 60 ഡിഗ്രി ചെരിച്ചാൽ തലയുടെ ഭാരം 22 കിലോഗ്രാം ആയി മാറും. തലയ്ക്ക് യഥാർഥത്തിൽ ഉള്ള അഞ്ചു കിലോ ഭാരവും ഉൾപ്പെടെ ആകെ 27 കിലോ.

എന്റമ്മോ! എന്നു പറയാൻ വരട്ടെ. അതാണു സത്യം. നമ്മൾ അറിയാത്ത യാഥാർഥ്യം. ഫലത്തിൽ തല താഴ്ത്തി, താഴ്ത്തി നമ്മുടെ തലയുടെ ഭാരം ഈ പറഞ്ഞ കണക്കൊക്കെ കടന്നു പോയിട്ടുണ്ടാവും. 100 ഗ്രാം ഭാരമുള്ള ഒരു സ്മാർട്ട് ഫോണാണു നമ്മുടെ കയ്യിലിരിക്കുന്നതെന്നു കരുതുക. 60 ഡിഗ്രി തല ചെരിച്ച് നമ്മൾ അതിലേക്കു നോക്കുമ്പോൾ നമ്മുടെ തലയ്ക്കു പിന്നിൽ അത്തരത്തിലുള്ള ഏകദേശം 270 സ്മാർട്ട് ഫോണുകൾ കെട്ടിവച്ച നിലയിലാവും. ആ നിൽപ്പ് ഒന്ന് ഊഹിച്ചു നോക്കൂ.

കഴുത്തിൽ പെട്ടെന്ന് കിട്ടുന്ന അടിയല്ലാത്തതിനാൽ നമുക്ക് ഇതൊരു പ്രശ്നമാവുന്നില്ലെന്നു മാത്രം. 22 കിലോ ഭാരമുള്ള ഒരു ഇടി നമ്മുടെ കഴുത്തിന്റെ പിൻഭാഗത്തു പെട്ടെന്നു കിട്ടിയാൽ പിന്നെ അത്രയെളുപ്പം നമുക്കു തല പൊക്കാനാവില്ല. അങ്ങനെയുള്ള അടിയാണ് ഘട്ടം ഘട്ടമായി നമ്മൾ തന്നെ നമുക്കു നൽകി കൊണ്ടിരിക്കുന്നത്. വലതു കൈ കൊണ്ടു ഭക്ഷണം കഴിക്കുമ്പോൾ പോലും ഇടതു കൈകൊണ്ട് സ്മാർട്ട് ഫോണിനെ താലോലിക്കുന്നവർ എത്രയോ പേർ നമുക്കിടയിലുണ്ട്.

ഹാവൂ, ഇനിയൊരു ബ്രേയ്ക്കെടുക്കട്ടെ!

ജോലി തിരക്കിനിടയിൽ നിന്ന് അൽപനേരത്തേക്കു ബ്രേയ്ക്കെടുക്കുന്നത് ഒരു പതിവാണ്. അതു നമ്മളെ കൂടുതൽ ഊർജസ്വലരാകാൻ സഹായിക്കുകയും ചെയ്യും. പക്ഷേ, നമ്മൾ എപ്പോഴെങ്കിലും സ്മാർട്ട്ഫോണിൽ നിന്നു ബ്രേയ്ക്കെടുത്തിട്ടുണ്ടോ? ഇല്ലെന്നു തന്നെയായിരിക്കും ഉത്തരം. ജോലിത്തിരക്കിൽ നിന്നു ബ്രേയ്ക്ക് എടുക്കുമ്പോഴും നമ്മുടെ കയ്യിൽ സ്മാർട്ട് ഫോണുണ്ടാവും. ഇടവേളകളിൽ സ്മാർട്ട്ഫോണിൽ കളിക്കാനാണു നമ്മൾ എല്ലായ്പോഴും ശ്രമിക്കാറ്. എന്നാൽ, ആ ബ്രേയ്ക്കു കൊണ്ട് ഒരു കാര്യവുമില്ല.

അതുകൊണ്ടു തന്നെ ബോധപൂർവം സ്മാർട്ട്ഫോണിൽ നിന്നു ബ്രേയ്ക്കെടുക്കാൻ നമ്മൾ ശ്രമിക്കണം. നമ്മുടെ കഴുത്തിന്റെ ആരോഗ്യത്തിന് അതു നല്ലതാണ്. സ്മാർട്ട് ഫോണിലുള്ള കൈകളുടെ ചലനങ്ങൾ എല്ലായ്പോഴും ഒരേ രീതിയിലാണ്. അതും കൈകളുടെ ആരോഗ്യത്തിനു നല്ലതല്ല. ഒരേ രീതിയിൽ മൊബൈൽ ഫോൺ ഏറെ നേരം പിടിച്ചാൽ കൈകൾ തരിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ശ്രദ്ധിക്കുക. നിങ്ങളുടെ കൈകളിലേക്ക് തരിപ്പ് അരിച്ചെത്തുന്നുണ്ട്.

ഹോ, ഇങ്ങനെയൊക്കെ നോക്കിയാൽ നമുക്കു ജീവിക്കാൻ പറ്റുമോയെന്നാണു നിങ്ങളുടെ മനസിലുണ്ടാവുന്ന ചോദ്യമെന്നുറപ്പ്. കണ്ണിനു നേരെ കൊണ്ടു വന്ന് സ്മാർട്ട്ഫോൺ നോക്കണമെന്നല്ല ഈ പറഞ്ഞതിന്റെ ഒന്നും അർഥം. സ്മാർട്ട് ഫോണുമായി ബന്ധപ്പെട്ടുള്ള നമ്മുടെ ചലനങ്ങളിൽ ചില നിയന്ത്രണങ്ങൾ ആകാമെന്നു മാത്രം; കാരണം, ആരോഗ്യം നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ നമ്മുടെ സ്മാർട്ട്ഫോണിൽ ആപ്പുകളൊന്നുമില്ല.

(ഇതെഴുതുമ്പോൾ ഒരിക്കൽ പോലും തലതാഴ്ത്തി സ്മാർട്ട്ഫോണിൽ നോക്കരുതെന്നാണ് ആഗ്രഹിച്ചത്. പക്ഷേ, കഴിഞ്ഞില്ല. ഒന്നല്ല, പലവട്ടം നോക്കി.)

English Summary : How does text neck cause pain?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com