ഭക്ഷണം അത്ര ‘ഹെവി’ ആക്കേണ്ട; ഹൃദയത്തിനേകാം ആരോഗ്യഭക്ഷണം

heart healthy diet
പ്രതീകാത്മക ചിത്രം
SHARE

രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഇന്നത്തെക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കുക എന്നത് വളരെ സാധാരണമാണ്. എന്നാൽ എത്ര ഭക്ഷണം കഴിക്കുന്നു എന്ന്  നിങ്ങൾ ശ്രദ്ധിക്കുന്നില്ല എങ്കിൽ അത് വായുകോപം, വയറു കമ്പിക്കൽ തുടങ്ങി ശരീരത്തിൽ അമിതമായി കൊഴുപ്പ്  അടിഞ്ഞു കൂടാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള  സാധ്യത കൂട്ടാനും കാരണമാകും. അമിതമായുള്ള ഭക്ഷണം കഴിപ്പും ഭക്ഷണത്തോടുള്ള അത്യാർത്തിയും ഹൃദയാഘാതത്തിനും കാരണമാകുമെന്ന്  ഗവേഷണങ്ങൾ പറയുന്നു. പൊണ്ണത്തടി, ഉയർന്ന കൊളസ്‌ട്രോൾ, രക്താതിസമ്മർദ്ദം ഇവയുള്ളവരെ സംബന്ധിച്ച് ഇത് വളരെ ശരിയാണ്. 

‘ഹെവി’ യായി ഭക്ഷണം കഴിച്ച്  രണ്ടു മണിക്കൂറിനുള്ളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത നാലിരട്ടിയാണെന്ന് ഗവേഷകർ. മുൻപ് ഹൃദയാഘാതം വന്നവരിലും ഇപ്പോൾ കൊറോണറി ആർട്ടറി ഡിസീസ്  ഉള്ളവരിലും ശാരീരിക ആയാസവും നിയന്ത്രിക്കാനാകാത്ത ദേഷ്യവും  എല്ലാം ഹൃദയാഘാതത്തിനുള്ള പ്രേരകമായി മാറുന്നതായി  അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ  സയന്റിഫിക് സെഷനിൽ അവതരിപ്പിച്ച പഠനം  പറയുന്നു. 

ന്യൂഡൽഹിയിലെ ആകാശ്  ഹെൽത്ത് കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ. ആഷിഷ് അഗർവാൾ, ലോകഹൃദയദിനത്തോടനുബന്ധിച്ച്, കനത്ത ഭക്ഷണം ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതെങ്ങനെ എന്നും  എങ്ങനെ അമിതമായി ഭക്ഷണം  കഴിക്കുന്നത് തടയാം എന്നും ഹൃദയാരോഗ്യം നൽകുന്ന ഭക്ഷണശീലം ഏതെന്നും  വ്യക്തമാക്കുന്നു. 

ഭക്ഷണം അമിതമാകുന്നത് ഹൃദയാഘാത സാധ്യത കൂട്ടുന്നതെങ്ങനെ?

അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലം ഹൃദയാഘാതം വരാനുള്ള കാരണങ്ങൾ നിരവധിയാണ്. ഭക്ഷണം കഴിക്കുന്നതിനും ദഹിപ്പിക്കുന്നതിനും എല്ലാം ഊർജം ആവശ്യമാണ്. ഓക്‌സിജൻ കൂടുതൽ ആവശ്യമായതിനാൽ  ഇത് രക്തസമ്മർദം കൂട്ടുന്നു. തത്ഫലമായി ഹൃദയം കൂടുതൽ രക്തം പമ്പ്  ചെയ്യേണ്ടതായി വരുന്നു. ഇത് അവയവങ്ങളിൽ  കൂടുതൽ പ്രഷർ ഉണ്ടാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ധമനീ ഭിത്തികളിൽ  പ്ലേക്ക് അടിയാനും ക്ലോട്ട് ഉണ്ടാകാനും രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായി ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാനും ഇടയാക്കും. ധമനികളുടെ ആന്തരിക ആവരണമായ എൻഡോത്തീലിയത്തിന്റെ പ്രവർത്തനം തടസപ്പെടാനും കൊഴുപ്പ് കൂടിയ ഭക്ഷണം  കാരണമാകും. രക്തത്തിൽ ഇൻസുലിൻ  ഹോർമോണിന്റെ  അളവ് കൂടുന്നതും ധമനികൾക്ക് ദോഷം ചെയ്യും. ഒറ്റയിരുപ്പിന് അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ സ്ട്രെസ്  ഹോർമോൺ ആയ norepinephrine ന്റെ അളവും കൂട്ടുന്നു. ഇത് രക്തസമ്മർദവും ഹൃദയമിടിപ്പിന്റെ നിരക്കും വർധിപ്പിക്കുകയും ഹാർട്ടറ്റാക്കിലേക്ക് നയിക്കുകയും ചെയ്യുന്നു.

അമിത ഭക്ഷണം ഒഴിവാക്കാനും ഹൃദയാരോഗ്യം നൽകുന്ന ഭക്ഷണശീലങ്ങളിലേക്കു മാറാനും എന്തു ചെയ്യണം?

അന്നജം, മാംസ്യം, മറ്റ് പോഷകങ്ങൾ ഇവയെല്ലാമടങ്ങിയ സമീകൃത ഭക്ഷണമാണ് നമ്മുടേതെങ്കിലും എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും ക്രീമും ബട്ടറും അടങ്ങിയതും വെളിച്ചെണ്ണയിൽ പാകം ചെയ്‌തതുമായ  ഭക്ഷണങ്ങൾ രോഗസാധ്യത കൂട്ടും.

ഹൃദയാരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങളായ പ്രോസസ് ചെയ്തതും റിഫൈൻഡ്  ആയതുമായവ, പായ്ക്ക്ഡ് ഫുഡ്, ടിൻഡ് ഫുട്സ്  ഇവയെല്ലാം ഒഴിവാക്കണം. ഇവയിലെല്ലാം ഷുഗർ, ഉപ്പ്, ട്രാൻസ് ഫാറ്റുകൾ  തുടങ്ങിയവയുണ്ട്. പകരം തവിടു കളയാത്ത ഗോതമ്പ്, സെറീയൽസ്, പരിപ്പ്, പയർ വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ ഇവ കഴിക്കണം. പ്രമേഹ രോഗിയാണെങ്കിൽ ബെറിപ്പഴങ്ങൾ, ഓറഞ്ച്, മധുരനാരങ്ങ, ആപ്പിൾ, പെയർ തുടങ്ങി ഷുഗർ കുറഞ്ഞതും നാരുകൾ ധാരാളം ഉള്ളവയും തിരഞ്ഞെടുക്കണം.

മിതമായ അളവിൽ പലനേരമായി കഴിക്കാം. മൂന്നു നേരം വയറു നിറയെ കഴിക്കുന്നത് വയറിനും ഹൃദയത്തിനും പ്രഷർ ഉണ്ടാക്കും. ആറു നേരം ചെറിയ അളവിൽ കഴിക്കുക. അത്താഴം വളരെ ലഘുവും എളുപ്പത്തിൽ ദഹിക്കുന്നതും ആണെന്ന് ഉറപ്പുവരുത്തുക. അത്താഴത്തിന് ഹെവി ആയ ഭക്ഷണമോ വായുകോപം  ഉണ്ടാക്കുന്ന ബീൻസ്, കോളിഫ്‌ളവർ എന്നിവയോ കഴിക്കരുത്.

ആരോഗ്യമുള്ള ഹൃദയത്തിനായി  ഒരു ഡയറ്റ് ചാർട്ട് 

രാവിലെ വെറും വയറ്റിൽ- ഒരു ഗ്ലാസ് ചൂടുവെള്ളത്തോടൊപ്പം അഞ്ചോ ആറോ ബദാമും നാലഞ്ച് വാൾനട്ടും.

പ്രഭാത ഭക്ഷണം - ഇഡലി, ദോശ, ഉപ്പുമാവ്, പോഹ (അവൽ കൊണ്ടുള്ള വിഭവം), പറാത്ത അങ്ങനെ എന്തെങ്കിലും ഒരു ബൗൾ (30 ഗ്രാം ). വളരെ കുറഞ്ഞ അളവിലേ എണ്ണ  ഉപയോഗിക്കാവൂ. ഒരു ഗ്ലാസ് പാൽ  അല്ലെങ്കിൽ തൈര് അതുമല്ലെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമായ മുട്ട പുഴുങ്ങിയതോ, പരമാവധി മുട്ടവെള്ള കൊണ്ടുള്ള ഓംലെറ്റോ.

ഇടനേരത്ത് - ലഭ്യമായ ഏതെങ്കിലും പഴം 100 ഗ്രാം. പ്രമേഹരോഗിയാണെങ്കിൽ  ഏത്തപ്പഴം, മാമ്പഴം, ആത്തപ്പഴം, സപ്പോട്ട, മുന്തിരി ഇവ  ഒഴിവാക്കണം.

ഉച്ചഭക്ഷണം - നെയ്യില്ലാത്ത 2 റൊട്ടി അല്ലെങ്കിൽ ചപ്പാത്തി, ഒരു ഇടത്തരം ബൗളിൽ  ചോറ്, പച്ചക്കറി കൊണ്ടുള്ള കറി, ഒരു കപ്പ്, ഒരു ചെറിയ ബൗൾ  തൈര്, പരിപ്പ് കറി, സാലഡ്. പരിപ്പിനു പകരം കോഴിയിറച്ചിയോ മത്സ്യമോ  കഴിക്കാവുന്നതാണ്.

വൈകുന്നേരം - ഒരു കപ്പ് ഗ്രീൻ ടീ  അല്ലെങ്കിൽ കാപ്പി 

സന്ധ്യയ്ക്ക് - ഒരു ബൗൾ സൂപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഒരു പഴം.

അത്താഴം - രണ്ട്  മൾട്ടിഗ്രെയ്ൻ  റൊട്ടി അല്ലെങ്കിൽ ചപ്പാത്തി, പച്ചക്കറി കൊണ്ടുള്ള കറി ഒരു ബൗൾ, ഒരു പ്ലേറ്റ് സാലഡ്, ഒരു ബൗൾ പരിപ്പുകറി അല്ലെങ്കിൽ തൈര്.

കിടക്കും മുൻപ് - ചുക്കു പൊടി ചേർത്ത ഒരു കപ്പ് മഞ്ഞൾ പാൽ.

ഇതിൽ പറഞ്ഞ പ്രകാരമുള്ള ഭക്ഷണ രീതി ഹൃദയത്തെ ആരോഗ്യമുള്ളതായി നിലനിർത്താം.

English Summary : Heart healthy diet, Heart attack

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA