ADVERTISEMENT

ആളുകൾ ലോട്ടറി എടുക്കുന്നത് എന്തിനാണ് ? ഒരു രൂപ നോട്ട്‌  കൊടുത്താൽ ഒരു ലക്ഷം കൂടെ പോരുമെന്ന പാട്ടും പാടി, അടൂർ ഭാസി ഒരു പഴയ സിനിമയിൽ ലോട്ടറി ടിക്കറ്റ്  വിറ്റിരുന്ന ദൃശ്യമുണ്ട്. കുറഞ്ഞ പണം മുടക്കി ഭാഗത്തിന്റെ സ്പർശം  കൊണ്ട്  മാത്രം വലിയ ധനം ഉണ്ടാക്കാമെന്ന ആ പ്രലോഭനം തന്നെയാണ് ഇത് വാങ്ങുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം. ക്ഷേമ  പ്രവർത്തനത്തിനായി സർക്കാരിന്റെ ഖജനാവ് നിറയ്ക്കാൻ ഒരു കൈ സഹായം  ചെയ്യുകയാണെന്ന ചിന്തയൊന്നും ലോട്ടറി വാങ്ങുമ്പോൾ ഉണ്ടാവില്ല. ചൂതാട്ടത്തിന്റെ സാമൂഹികാംഗീകാരമുള്ള ഒരു കൊച്ചു പതിപ്പാണ് ലോട്ടറി വ്യവസായം .

ഒന്നോ രണ്ടോ ടിക്കറ്റിൽ ഒതുങ്ങിയാൽ അതൊരു പെരുമാറ്റ പ്രശ്നമല്ല. ഭാഗ്യം സാധാരണ ഒറ്റ ടിക്കറ്റ് എടുക്കുന്നവന്റെ കൂടെയാണ്‌. എന്നാൽ ഈ വിദ്വാന്റെ ലോട്ടറി വാങ്ങലിന്റെ പ്രകൃതം നോക്കുക, ശമ്പളത്തിന്റെ സിംഹഭാഗവും ഭാഗ്യക്കുറി വാങ്ങി തുലയ്ക്കുന്നത് കൊണ്ടാണ് കക്ഷിയെ മാനസികാരോഗ്യ  വിദഗ്ധന്റെ മുമ്പിൽ  ഭാര്യ എത്തിച്ചത്. ഭാഗ്യ നമ്പറെന്ന്  അയാൾ കരുതുന്ന അക്കത്തിൽ അവസാനിക്കുന്ന നൂറ്  കണക്കിന് ടിക്കറ്റുകളാണ് വാങ്ങി കൂട്ടുന്നത്. ആയിരങ്ങളിൽ ഒതുങ്ങുന്ന ചില സമ്മാനങ്ങൾ കിട്ടാറുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞാൽ വെറും കടലാസ്സ് കഷണങ്ങളായി മാറുന്ന ടിക്കറ്റുകൾ കീറി കളയേണ്ടിയും വന്നിട്ടുണ്ട്. ഒരു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി അയാൾ പണം വാരി എറിഞ്ഞു കൊണ്ടേയിരിക്കുന്നു, വീട്ടു ചെലവിന് പണം നൽകാനില്ല. ലോട്ടറി വാങ്ങൽ ശീലങ്ങളെ ഒരു ചൂതാട്ട അടിമത്തത്തിന്റെ  തലത്തിലേക്ക് മാറ്റുന്ന ഇങ്ങനെയും ചിലർ ഉണ്ടെന്നത് മറക്കാൻ പാടില്ല. ഇവരെ നേരത്തെ തിരിച്ചറിയണം. ചൂതാട്ട അടിമത്തത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് രോഗ നിർണയ മാന്യുവലുകൾ എഴുതുന്നതിനെ ലോട്ടറി സാഹചര്യത്തിലേക്ക് മാറ്റിയാൽ അപായ സൂചനകളെ ഇങ്ങനെ കുറിക്കാം.

അപായ സൂചനകൾ

∙ ചെറിയ സമ്മാനങ്ങൾ കിട്ടിയാലും, ഇല്ലെങ്കിലും കൂടുതൽ കൂടുതൽ പണം മുടക്കി ഭാഗ്യത്തെ തേടുവാനുള്ള ആവേശം

∙ ലോട്ടറി ടിക്കറ്റ് വാങ്ങാതിരിക്കുമ്പോഴോ  വാങ്ങുന്നതിന്റെ എണ്ണം കുറയുമ്പോഴോ ഉണ്ടാകുന്ന അസ്വസ്ഥതകൾ

∙ ഭാഗ്യ കുറിക്കായി ഇനി ഇങ്ങനെ കാശ് മുടക്കില്ലെന്ന തീരുമാനം എടുത്തിട്ടും അത് നടപ്പിലാക്കുന്നതിൽ ആവർത്തിച്ചു സംഭവിക്കുന്ന പരാജയം

∙ ലോട്ടറിയിൽ നിന്നും കിട്ടിയ  ചെറിയ സമ്മാനത്തെ കുറിച്ചും കിട്ടാൻ  പോകുന്ന ബമ്പർ ഭാഗ്യത്തെ കുറിച്ചുമൊക്കെ എപ്പോഴും  വിചാരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ .

∙ എല്ലാ ചുമതലകളും വിട്ടെറിഞ്ഞു,  നറുക്കെടുപ്പ് ഫലം വരുന്ന വേളയിൽ തന്നെ അറിയാനായി കാണിക്കുന്ന ആവേശം

∙ ഇത്തവണത്തെ നഷ്ടം അടുത്ത ലോട്ടറി പരീക്ഷണത്തിലൂടെ ഇല്ലാതാക്കുമെന്ന വാശിയും , കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്ന പ്രവണത

∙ പണം ചെലവാക്കുന്നത്  ഭാഗ്യക്കുറി എടുക്കലിനാണെന്ന വാസ്തവം മറ്റുള്ളവരിൽ നിന്ന് ഒളിപ്പിക്കാനായുള്ള നുണ പറച്ചിൽ. ഭാഗ്യം കടാക്ഷിക്കാത്ത ടിക്കറ്റുകൾ ആരും കാണാതെ നശിപ്പിക്കുന്ന സ്വഭാവം

∙ ലോട്ടറിക്കായി ചെലവാക്കാനുള്ള പണത്തിന്റെ സ്രോതസ്സ് കുറയുമ്പോൾ മറ്റുള്ള ആവശ്യങ്ങൾ ചൊല്ലിയുള്ള കടം വാങ്ങൽ ശീലം. മോഷണം.

∙ അമിതമായ ലോട്ടറി ശീലം മൂലം കുടുംബത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളോടും, കുടുംബാംഗങ്ങൾ നടത്തുന്ന കുറ്റപ്പെടുത്തലുകളോടും മൗനത്തോടെയോ കോപത്തോടെയോ പ്രതികരിക്കുന്ന സ്വഭാവം .

മുക്തി നേടണം

ലോട്ടറി അടിമത്തത്തിൽ പെട്ട് പോയി സഹായത്തിനായി വീട്ടുകാർ കൊണ്ടു വന്ന കക്ഷികളിൽ ഇതിൽ നാലു ലക്ഷണങ്ങളെങ്കിലും കണ്ടിട്ടുണ്ട്. ഭാഗ്യ ക്കുറി എടുക്കുന്നവരിൽ ഈ സൂചനകൾ കണ്ടാൽ ഇതൊരു മാനസികാരോഗ്യ പ്രശ്നമായി മാറിയെന്നു തന്നെ കണക്കാക്കണം. ഒന്നോ രണ്ടോ ടിക്കറ്റ് എടുത്തു ഭാഗ്യം പരീക്ഷിക്കുന്ന പ്രകൃതത്തിൽ നിന്നു വഴുതി മാറി ഒരു പെരുമാറ്റ വൈകല്യത്തിലേക്ക് പോയിയെന്ന് സ്വയം അംഗീകരിക്കുന്ന മനോഭാവം ഉണ്ടാക്കണം. ഭാഗ്യം തേടിയുള്ള ലോട്ടറി ചൂതാട്ടത്തിന് സുല്ലിടാനുള്ള ഇച്ഛാശക്തി ഉണ്ടാക്കണം. അതിലേക്ക്  നയിക്കുന്ന ഉൾപ്രേരണകൾ ഉണരുമ്പോൾ മനസ്സിനെ മറ്റ്  കാര്യങ്ങളിലേക്ക് വ്യതിചലിപ്പിക്കാൻ കഴിയണം. പ്രിയപ്പെട്ടവരുടെ സഹായം തേടാം. നിയന്ത്രണം ക്ലേശകരമെങ്കിൽ മാനസികാരോഗ്യ സഹായം  തേടണം.

English Summary : Lottery  addiction : Warning signs and dangers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com