കുട്ടികളുടെ ഓമനത്തമുള്ള മുഖത്തെ ആകർഷകത്വം കളയുന്നത് അവരുടെ ക്രമം തെറ്റിയതോ വലുപ്പക്കൂടുതലുള്ളതോ പുറത്തേക്ക് ഉന്തി നിൽക്കുന്നതോ ആയ പല്ലുകളായിരിക്കും. അതിന്റെ പേരിൽ കുട്ടികൾ പരിഹാസങ്ങളും കേൾക്കേണ്ടി വന്നേക്കാം. എന്നാൽ അതൊന്നും കുട്ടികളുടെ കുറ്റം കൊണ്ടു സംഭവിക്കുന്നതല്ല. കൃത്യ സമയത്തു മാതാപിതാക്കൾക്കു കണ്ടെത്താനായാൽ എളുപ്പം പരിഹരിക്കാവുന്നതാണ് പല്ലുകളെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും. മുത്തശ്ശിമാർ പറയുന്ന ഒരു ചൊല്ലുണ്ട് ‘പല്ലഴക് പാതി, മുടിയഴക് മുക്കാൽ’ എന്ന്, അങ്ങനെയെങ്കിൽ പല്ലിലൂടെ മക്കളുടെ പാതിയഴക് നിലനിർത്താനുള്ള വഴികൾ അവരുടെ കുഞ്ഞുന്നാളിലേ നമുക്കു ശ്രദ്ധിച്ചു തുടങ്ങാം.
കുട്ടികളുടെ പാൽപല്ലുകൾ പൊഴിഞ്ഞ് പിന്നീടു വരുന്ന പല്ലുകൾക്ക് വലുപ്പം കൂടുന്നതിന്റെയോ ക്രമം തെറ്റി വളരുന്നതിന്റെയോ പ്രധാന കാരണം പല്ലുകൾ വളരുന്നതനുസരിച്ച് അവരുടെ വായിലെ അസ്ഥികൾ വളരുന്നില്ല എന്നതാണ്. സ്ഥിര ദന്തങ്ങൾ അതാതു സ്ഥാനത്തു വളർന്ന് ഇറങ്ങണമെങ്കിൽ അസ്ഥികളും വലുതായിരിക്കണം.
പല്ലുകളുടെ പ്രശ്നത്തിന്റെ പ്രധാന കാരണം ഇപ്പോഴത്തെ കുട്ടികളുടെ ആഹാരരീതിയാണ്. കുറുക്ക്, ജ്യൂസ്, ബ്രഡ് തുടങ്ങി കട്ടികുറഞ്ഞ ഭക്ഷണങ്ങളാണ് നാം കുഞ്ഞുന്നാളിലേ കുട്ടികൾക്ക് കൊടുക്കുന്നത്. പല്ലുകൾ വന്നു തുടങ്ങുമ്പോൾ മുതൽ കടിച്ചു മുറിച്ചും ചവച്ചും തിന്നാൻ പറ്റുന്ന ഭക്ഷണസാധനങ്ങൾ കൊടുത്തു ശീലിപ്പിക്കണം. അത് പല്ലിനും മോണയ്ക്കും നല്ല വ്യായാമം കിട്ടുന്നതിന് സഹായിക്കും. വായുടെ മേൽഭാഗത്തെയും കീഴ്ത്താടിയിലെയും അസ്ഥികൾ നന്നായി വളരാനും ഇത് കാരണമാകും.
കുട്ടികൾ നാരുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതും നന്നായി ചവയ്ക്കാത്തതും വിരലു കുടിക്കുന്നതും ഉറങ്ങുമ്പോഴോ അല്ലാത്തപ്പോഴോ വായ തുറന്നു പിടിച്ചിരിക്കുന്നതും വായിലൂടെ ശ്വാസം വലിക്കുന്നതുമെല്ലാം അസ്ഥികൾ ചെറുതാകാനുള്ള സാധ്യത കൂട്ടുന്നു. അപ്പോൾ പൊഴിഞ്ഞു പോയ പല്ലുകളുടെ സ്ഥാനത്ത് യഥാസമയം വരുന്ന സ്ഥിരദന്തങ്ങൾക്ക്, അസ്ഥികളുടെ വളർച്ചക്കുറവു മൂലം സ്ഥലം കിട്ടാതെ വരികയും ഒന്നിന് മുകളിലേക്കു കയറി മറ്റൊന്ന് എന്ന നിലയിൽ പല്ലുകൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
പാൽപല്ലുകൾ മുളയ്ക്കുന്നതിന് മുമ്പായി കുഞ്ഞുങ്ങളുടെ മോണയിൽ ദിവസവും വെളിച്ചെണ്ണ തൊട്ടു നന്നായി തടവിക്കൊടുക്കുന്നതും പൊടിഞ്ഞു പോയ പല്ലിന്റെ മോണയിൽ വെളിച്ചെണ്ണ തൊട്ടു കൊടുത്ത് അമർത്തി തടവുന്നതും പുതുതായി വരുന്ന പല്ലുകൾ ക്രമത്തിൽ വളരാൻ ഒരു പരിധി വരെ സഹായകമാണ്.
ക്രമം തെറ്റി വരുന്ന പല്ലുകളെ നിരയൊത്ത പല്ലുകളാക്കി മാറ്റാൻ നാലു തരം ചികിത്സ ഉള്ളതായി ദന്തരോഗ വിദഗ്ധ ഡോ. ഷൈനി ആന്റണി റൗഫ് പറയുന്നു.
1. പല്ലുകൾ ക്രമം തെറ്റി വരാതിരിക്കാൻ പ്രിവന്റീവ് ട്രീറ്റ്മെന്റ്.
2. എട്ടുവയസ്സായ കുട്ടികളിൽ ചെറിയ തരത്തിൽ, ക്രമം തെറ്റിയാണ് പല്ലുകൾ വന്നു തുടങ്ങിയതെങ്കിൽ അവർക്ക് വേണ്ടി ഇന്റർസെപ്റ്റീവ് ട്രീറ്റ്മെന്റ്.
3. പന്ത്രണ്ടു വയസ്സു കഴിഞ്ഞ കുട്ടികളിൽ പല്ലുകളെ ക്രമപ്പെടുത്തുന്നതിനു വേണ്ടി, പല്ലെടുത്തു കളഞ്ഞ് കട്ടവച്ച് കമ്പിയിടുന്ന കറക്ടീവ് ട്രീറ്റ്മെന്റ്.
4. മേൽത്താടി കൂടുതലായി വളർന്ന കുട്ടികളിൽ പല്ലുകളിലെ കമ്പിയിടൽ കാര്യമായി പ്രയോജനപ്പെടില്ല. അവർക്ക് (surgical orthodontics) ശസ്ത്രക്രിയ തന്നെ ചെയ്യേണ്ടി വരും.
ഉന്തി നിൽക്കുന്ന പല്ലുകളെ താഴ്ത്താനായിട്ടാണ് കമ്പിയിടുന്നത്. എന്നാൽ പല്ലുകളുടെ പുറകിൽ സ്ഥലമുണ്ടെങ്കിൽ മാത്രമേ അവ താഴ്ന്നു പോവുകയുള്ളൂ. അതിനായി മൂന്നു മാർഗങ്ങളാണ് ദന്തവിദഗ്ധർ സ്വീകരിച്ചിരിക്കുന്നത്.
1. മുകൾ ഭാഗത്തു നിന്നും കീഴ്ഭാഗത്തു നിന്നും രണ്ടു വീതം പല്ലുകൾ എടുത്തു മാറ്റിക്കൊണ്ട്, പല്ലുകൾക്ക് ക്രമത്തിൽ വളരാനുള്ള സ്ഥലമുണ്ടാക്കിയെടുക്കുന്നു. പിന്നീടാണ് കമ്പിയിടുന്നത്. എക്സ്ട്രാക്‌ഷൻ എന്ന ഈ രീതിയാണ് കൂടുതലായി പ്രാബല്യത്തിലുള്ളത്.
2. കുട്ടികളിലെ അസ്ഥിയെത്തന്നെ വികസിപ്പിച്ചെടുക്കുന്ന രീതിയാണ് എക്സ്പാൻഷൻ. ഇത് അൽപം സമയമെടുക്കുന്ന പ്രക്രിയയാണ്. എന്നാൽ പല്ലുകൾക്ക് വരാൻ ആവശ്യമായ സ്ഥലം ഇപ്രകാരം ഉണ്ടാവുകയും ചെയ്യും. കുട്ടികളുടെ പ്രായം ഈ ചികിത്സയിലെ ഒരു മുഖ്യ ഘടകമാണ്. മുതിർന്ന കുട്ടികളിൽ ഈ ചികിത്സാരീതി സാധ്യമല്ല. പാൽ പല്ലും സ്ഥിര ദന്തവും ഉള്ള കുട്ടികളിലേ ഇത് സാധ്യമാവുകയുള്ളൂ.
3. പല്ലുകളുടെ വലുപ്പമോ സ്ഥലമില്ലായ്മയോ ഒക്കെ അത്ര ഗൗരവമായിട്ടല്ലെങ്കിൽ പല്ലിനെ രാകി വലുപ്പം കുറച്ച് സ്ഥലമുണ്ടാക്കിയെടുക്കുന്നു. പ്രോക്സിമൽ ഗ്രൈന്റിങ് എന്ന ഈ രീതി വളരെ ചുരുക്കമാണ്.
പല്ലുകളിൽ കട്ട വച്ച് കമ്പിയിടുന്ന എക്സ്ട്രാക്‌ഷൻ എന്ന രീതി തന്നെയാണ് കുട്ടികളിൽ കൂടുതലായി ചെയ്യുന്നത്. ഈ രീതിയിലൂടെ പന്ത്രണ്ടു മുതൽ പതിനെട്ടു വരെ മാസത്തിനുള്ളിൽ കുട്ടികളുടെ പല്ലുകൾ നിരയൊത്തതാകും.
ആരോഗ്യം നിലനിർത്താനായി വ്യായാമങ്ങൾ ചെയ്യുന്നതു പോലെ, പല്ലുകളുടെ ആരോഗ്യവും തുടക്കത്തിലേ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾക്ക് പുതിയ പല്ലുകൾ വരാൻ സ്ഥലമില്ലായെന്ന് നേരത്തേ കണ്ടെത്താൻ കഴിഞ്ഞാലോ പാൽപല്ലുകൾ കേടു വന്ന് ദ്രവിച്ച് ഇളകിപ്പോകാതെ നിന്നാലോ മാതാപിതാക്കൾ എത്രയും പെട്ടെന്ന് ഒരു ദന്തരോഗ വിദഗ്ധനെ സമീപിച്ച് പ്രിവന്റീവ് ആൻഡ് ഇന്റർസെപ്റ്റിവ് ഓർത്തോഡോന്റിക്സ് ചികിത്സ കുട്ടികൾക്കു നൽകേണ്ടതാണ്. ആറു മുതൽ എട്ടു വരെ വയസ്സ് പ്രായത്തിൽ കുട്ടികൾ നല്ല രീതിയിൽ സഹകരിച്ചാൽ, അസ്ഥികൾ യഥാവിധി വളരാൻ വണ്ടി പല്ലുകളിൽ എടുത്തു മാറ്റി ഉപയോഗിക്കാവുന്ന വിധത്തിലുള്ള ബയോഫങ്ഷനൽ അപ്ലയൻസ് ഘടിപ്പിക്കാനാകും. ഇതിലൂടെ മസിലുകൾ കൂടുതൽ ബലപ്പെടുകയും അസ്ഥികൾ നന്നായി വളരുകയും പല്ലുകൾ വളരാനുള്ള സ്ഥലം ലഭിക്കുകയും അതിലൂടെ ക്രമം തെറ്റിയ പല്ലുകളെ, നിരയൊത്ത പല്ലുകളാക്കി മാറ്റുകയും ചെയ്യാം.
പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ കുട്ടികൾക്ക് സ്വന്തമായി ചെയ്യാൻ പറ്റുന്ന എളുപ്പമാർഗം പല്ലുതേയ്ക്കുക എന്നതു തന്നെയാണ്. എന്തു ഭക്ഷണം കഴിച്ചാലും വായ നിർബന്ധമായും കഴുകുക. മൂന്നു നേരം ഭക്ഷണം കഴിക്കുമ്പോൾ മൂന്നു നേരവും ബ്രഷ് ചെയ്‌താൽ അത്രയും നല്ലത്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ഷൈനി ആന്റണി
കാനാൻ ഡന്റൽ
കലക്ടറേറ്റിനു പുറകുവശം, കോട്ടയം
English Summary : Common dental problems in children