അമ്മ എന്താ ഇങ്ങനെ? കുട്ടികൾക്കും വേണം കരുതൽ

HIGHLIGHTS
  • കൗമാരത്തിലെത്തിയ കുട്ടികൾക്ക് സംഭവിച്ചത് എന്തെന്ന് മനസ്സിലാകുമായിരിക്കും
  • ചെറിയ കുട്ടികൾ ഒന്നും മനസ്സിലാകാതെ അമ്പരന്നുവെന്നും വരാം
childcare
Representative image. Photo credit : altanaka / Shutterstoc.com
SHARE

ലൈംഗിക പീഡനത്തിന് ഇരയാകുന്ന  'അമ്മയുടെ വൈകാരിക ഭാവങ്ങളും ചിന്തകളും പെരുമാറ്റങ്ങളും താളം തെറ്റും. അപ്രതീക്ഷിതമായ അതിക്രമം എത്ര ചെറുതായാൽ പോലും  മാനസിക സംഘർഷങ്ങൾ ഉണ്ടാക്കിയേക്കാം. കുട്ടികളിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകാം. മനസ്സിനെ പൊള്ളിച്ച  അനുഭവവുമായി സമരസപ്പെടുവാനും കര കയറാനും വേണ്ടി അമ്മയുടെ മനസ്സിൽ നടക്കുന്ന പോരാട്ടം കുട്ടികൾക്ക് മനസ്സിലാകണമെന്നില്ല. പെട്ടെന്ന് ഉണ്ടാകുന്ന സ്വഭാവമാറ്റങ്ങളുടെ പൊരുൾ അറിയാതെ കുട്ടികൾ വിഷമിക്കും. കൗമാരത്തിലെത്തിയ കുട്ടികൾക്ക് സംഭവിച്ചത് എന്തെന്ന് മനസ്സിലാകുമായിരിക്കും. പക്ഷേ അതിന്റെ ആഘാതം കൃത്യമായി ആ പ്രായത്തിൽ അറിയണമെന്നില്ല. ചെറിയ കുട്ടികൾ ഒന്നും  മനസ്സിലാകാതെ അമ്പരന്നുവെന്നും വരാം.

അമ്മ എന്താ ഇങ്ങനെ ?

ഊഷ്മളവും സ്നേഹ സമ്പന്നവുമായ ഇടപെടലുകൾ നടത്തിയിരുന്ന 'അമ്മ ഒരു പ്രതികരണവും കാട്ടാതെ ഇരിക്കുന്നത് കുട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കാം. എന്തിനെന്ന്  വ്യക്തമാക്കാതെയുള്ള കരച്ചിലും കോപവുമൊക്കെ ആശയക്കുഴപ്പം ഉണ്ടാക്കാം. ഇത്തരമൊരു സന്ദർഭത്തിൽ എന്തു ചെയ്താലാണ്  ആശ്വാസമാവുകയെന്നറിയാതെ കൗമാര പ്രായക്കാരും വിഷമിക്കും. ചിലപ്പോൾ അവർ അസഹിഷ്ണുത കാട്ടാം. കുട്ടികൾ ആശ്രയം തേടിയാണ് അമ്മയുടെ സമീപം എത്തുന്നത്. എന്തു കൊണ്ടെന്ന്  പറയാതെയുള്ള  നിരാകരിക്കലോ, അമിതമായ ദുഃഖ  പ്രകടനങ്ങളോ ഇളം മനസ്സിൽ ഇരുൾ പരത്താം. ആശയക്കുഴപ്പത്തിന്റെയും ആശ്രയമില്ലായ്മയുടെയും ഗാർഹികാന്തരീക്ഷം കൂടുതൽ കാലം നില നിന്നാൽ അത് കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങളുടെ വിത്തിടും .

സ്ത്രീ ലൈംഗീക പീഡനത്തിന് ഇരയാകുമ്പോൾ വീട്ടിലെ മറ്റുള്ളവർ ആ സംഭവത്തോട് കാട്ടുന്ന പ്രതികരണങ്ങളുടെ  സ്വാധീനം കുട്ടികളുടെ പെരുമാറ്റത്തിലും ഉണ്ടാകാം. ചീത്തയാക്കപ്പെട്ടവളെന്ന മട്ടിൽ  കണക്കാക്കുകയും പീഡന സാഹചര്യത്തിന്റെ ഉത്തരവാദിത്തം പരോക്ഷമായി സ്ത്രീയുടെ മേൽ ചാർത്തുകയും ചെയ്താൽ അവൾ ഒറ്റപ്പെട്ടു പോകും. സ്വാഭാവികമായും മാതൃ സഹജമായ ഇടപെടലുകളിൽ വീഴ്ചകൾ ഉണ്ടാകും. ഇത് കുട്ടികളെ ബാധിക്കുകയും ചെയ്യും. കൗമാരത്തിലുള്ള കുട്ടികൾ അകാരണമായ കുറ്റ  ബോധത്തെ ആളി കത്തിക്കും വിധത്തിൽ അമ്മയോട് പെരുമാറിയാൽ അത് മനസ്സിന്റെ  മുറിവുകൾ ഉണങ്ങുന്നതിനു തടസ്സമാവുകയും ചെയ്യും .

കുട്ടികളോട് എന്തു പറയും? എങ്ങനെ പറയും?

അമ്മ നേരിട്ട അതിക്രമത്തിന്റെ സ്വഭാവം അതേ  രീതിയിൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികളോട് പറയാൻ കഴിയില്ല. വലിയ വിഷമം നേരിടുകയാണെന്ന പൊതുവായ ബോധ്യപ്പെടുത്തലും അമ്മയെ വലുതായി സങ്കടപ്പെടുത്തരുതെന്ന പൊതു നിർദ്ദേശവുമാകാം ചെറിയ കുട്ടികൾക്ക് നൽകേണ്ടത്. കുറെക്കൂടി മുതിർന്ന കുട്ടികൾ ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലുമൊക്കെ അറിയും. അതിൽ പൊടിപ്പും തൊങ്ങലും തെറ്റായ വ്യഖ്യാനങ്ങളും ഉണ്ടാകാം. വസ്തുതാപരമായി അവർക്ക് ഉൾക്കൊള്ളാൻ പോന്ന വിധത്തിൽ കാര്യങ്ങൾ പറയണം. തെറ്റ് അമ്മയുടേതല്ലെന്ന് കൃത്യമായി മനസ്സിലാക്കണം.  

അതിജീവിക്കാൻ പോന്ന വൈകാരിക പിന്തുണ സാന്നിധ്യത്തിലൂടെ നൽകണമെന്നും ആഹാരം കഴിക്കൽ ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾ സ്നേഹപൂർവം ചെയ്യിക്കണമെന്നും പറയാം. ആഘാതത്തിൽ തളർന്ന് പോയ ഒരു സ്ത്രീയെ ജീവിതവുമായി കണ്ണി ചേർക്കാൻ കുട്ടികളുടെ ഇത്തരം ഇടപെടലുകൾ സഹായിക്കും.  ഇതൊക്കെ സംഭവിക്കണമെങ്കിൽ വീട്ടിലെ പ്രധാനപ്പെട്ട മുതിർന്നവർ പീഡനത്തിന് ഇരയായ സ്ത്രീക്ക് ഒപ്പമുണ്ടെന്ന നിലപാട് വിട്ടു വീഴ്ചകളില്ലാതെ സ്വീകരിക്കണം. മറിച്ചുള്ള വർത്തമാനം പറയുന്നവരുടെ വായടപ്പിക്കാനും സാധിക്കണം. ലൈംഗിക പീഡനത്തിന്റെ മാനസിക വേദനകളിലൂടെ  കടന്നു പോകുന്ന കാലങ്ങളിൽ  മാതാവ് ചെയ്തിരുന്ന ചില ചുമതലകൾ  ഏറ്റെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. വീട്ടിലെ മറ്റ് മുതിർന്നവരും ഇതിൽ മാതൃക കാട്ടണം. സാധരണ മാനസികാവസ്ഥയിലേക്ക് മടങ്ങി വരുമ്പോൾ പതിയെ ചുമതലകൾ കൈമാറുകയും വേണം.

വളർത്തലിലെ താളം തെറ്റൽ തിരുത്തണം

ചില സ്ത്രീകളുടെയെങ്കിലും വളർത്തൽ ശൈലികൾ ഇത്തരമൊരു ആഘാതത്തിനു ശേഷം മാറുന്നതായി പഠനങ്ങൾ പറയുന്നു. മനസ്സ് തരിച്ചു പോകുന്നതു കൊണ്ട്  ചിലർ കുട്ടികളുമായി അകലം പാലിക്കാറുണ്ട്. കുറ്റ  ബോധവും ഒരു ഘടകമാണ്.    അലോസരം ഉണ്ടാക്കുന്ന വിധത്തിലുള്ള അമിതമായ കരുതലുകൾ മറ്റ് ചിലർ പ്രകടിപ്പിക്കാറുണ്ട്. മുതിർന്നവരുമായി അടുക്കുന്നതിൽ സംശയം പൂണ്ട്  കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവരുണ്ട്. നേരിട്ട ലൈംഗികാതിക്രമം കുട്ടികൾക്ക് ഉണ്ടാകരുതെന്ന അമിത ജാഗ്രത ചിലപ്പോൾ അമ്മയും കുട്ടിയുമായുള്ള ബന്ധത്തെ തകരാറിലാക്കിയേക്കാം. വളർത്തലിലെ താളം തെറ്റൽ തിരിച്ചറിയണം. തിരുത്തണം. കുട്ടികളുമായുള്ള അടുപ്പം ആരോഗ്യകരമാകും വിധത്തിലാക്കിയാൽ അതിജീവനം എളുപ്പമാകും.  ലൈംഗികാതിക്രമത്തിന് ഇരയാകുന്നവർ സ്വയം കുറ്റപ്പെടുത്തുന്ന മനോനിലയിൽ  പെട്ടാൽ ഇത് ക്ലേശകരമാകും . 

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകൻ )

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA